Myth and Reality

കടലെടുത്ത ദ്വാരകപുരി കണ്ടെത്താന്‍ ആര്‍ക്കിയോളജി വിഭാഗം ; ഗുജറാത്ത് തീരത്തെ കടലിനടിയിൽ പഠനം

നാലായിരം വര്‍ഷം പഴക്കമുള്ള, പുരാണത്തില്‍ പറയുന്ന ആസൂത്രിത നഗരമായ ദ്വാരക കണ്ടെത്തുന്നതിനായി ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ അണ്ടര്‍വാട്ടര്‍ ആര്‍ക്കിയോളജി വിംഗ് വീണ്ടും ഗുജറാത്ത് കടല്‍ത്തീരത്ത് പര്യവേക്ഷണം ആരംഭിച്ചു. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ ദ്വാരകയില്‍ അവസാനമായി പഠനം നടത്തിയതിന് ഏകദേശം രണ്ട് പതിറ്റാണ്ടുകള്‍ക്ക് മുമ്പാണ്. ജലത്തിനടിയിലായെന്ന് വിശ്വസിക്കപ്പെടുന്ന ഇന്ത്യയുടെ സമ്പന്നമായ പൈതൃകം സംരക്ഷിക്കാനുള്ള ശ്രമങ്ങളിലാണ് അവര്‍.

വെള്ളത്തിനടിയിലായ ദ്വാരക നഗരം വളരെക്കാലമായി ​മോഹിപ്പിക്കുന്ന ഒരു നിഗൂഢത വിഷയമാണ്. ഹിന്ദു പുരാണമനുസരിച്ച്, ദ്വാരകയെ കൃഷ്ണന്റെ കര്‍മ്മഭൂമി ആയി കണക്കാക്കുന്നു. ഏറ്റവും പുതിയ അണ്ടര്‍വാട്ടര്‍ പര്യവേക്ഷണങ്ങള്‍ ദ്വാരകയിലും ഓഖയുടെ തീരത്തുള്ള ദ്വീപായ ബെറ്റ് ദ്വാരകയിലാണ് ആരംഭിച്ചിരിക്കുന്നത്. 2005 നും 2007 നും ഇടയിലാണ് ഈ മേഖലയിലെ അവസാനത്തെ പ്രധാന പഠനങ്ങള്‍ നടന്നത്.

പര്യവേക്ഷണത്തിന് നേതൃത്വം നല്‍കുന്ന ASI യുടെ അണ്ടര്‍വാട്ടര്‍ ആര്‍ക്കിയോളജി വിംഗ് (UAW) 1980 മുതല്‍ സമുദ്ര പുരാവസ്തു ഗവേഷണത്തില്‍ ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. റിപ്പോര്‍ട്ടുകള്‍ പ്രകാരം, അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ (ആര്‍ക്കിയോളജി) പ്രൊഫസര്‍ അലോക് ത്രിപാഠിയുടെ നേതൃത്വത്തിലുള്ള അഞ്ച് പുരാവസ്തു ഗവേഷകരടങ്ങുന്ന സംഘം ഇപ്പോള്‍ ഗോമതി ക്രീക്ക് മേഖലയില്‍ അന്വേഷണം നടത്തുകയാണ്. അപരാജിത ശര്‍മ്മ, പൂനം വിന്ദ്, രാജ്കുമാരി ബര്‍ബിന തുടങ്ങിയ വനിതാ പുരാവസ്തു ഗവേഷകരും ടീമില്‍ ഉള്‍പ്പെടുന്നു.

ഇന്ത്യയിലുടനീളമുള്ള വിവിധ അണ്ടര്‍വാട്ടര്‍ ആര്‍ക്കിയോളജിക്കല്‍ സൈറ്റുകള്‍ പഠിക്കുന്നതില്‍ UAW പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. ലക്ഷദ്വീപിലെ ബംഗാരം ദ്വീപ്, തമിഴ്‌നാട്ടിലെ മഹാബലിപുരം, മണിപ്പൂരിലെ ലോക്തക് തടാകം, മഹാരാഷ്ട്രയിലെ എലിഫന്റ ദ്വീപ്, ഗുജറാത്തിലെ ദ്വാരകയില്‍ മുമ്പ് നടത്തിയ ഖനനങ്ങള്‍ എന്നിവ ഇതില്‍ പെടുന്നു.

ഹിന്ദുമതത്തിലെ സപ്തപുരികളില്‍ (ഏഴ് പുണ്യനഗരങ്ങള്‍) ഒന്നാണ് ദ്വാരക. പുരാതന ഐതിഹ്യമനുസരിച്ച്, മഥുര വിട്ടശേഷം കൃഷ്ണന്റെ രാജധാനിയയായ നഗരം. കൃഷ്ണന്റെ വേര്‍പാടിന് ശേഷം ദ്വാരകയെ അറബിക്കടല്‍ വിഴുങ്ങുകയും കലിയുഗത്തിന്റെ ആരംഭം കുറിക്കുകയും ചെയ്തുവെന്ന് വിശ്വസിക്കപ്പെടുന്നു. 2024 ഫെബ്രുവരിയില്‍ ദ്വാരകാധീഷ് ക്ഷേത്രം സന്ദര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളത്തിനടിയിലുള്ള അവശിഷ്ടങ്ങള്‍ പര്യവേക്ഷണം ചെയ്യുന്നതിന്റെ ചിത്രങ്ങള്‍ പങ്കിട്ടു. പ്രത്യേക സ്ഥലത്ത് പ്രാര്‍ത്ഥനകളും നടത്തി.

Leave a Reply

Your email address will not be published. Required fields are marked *