Crime

തിരക്കേറിയ റോഡിൽ വാൾ വീശി യുവാക്കളുടെ അപകടകരമായ ബൈക്ക് യാത്ര: അഞ്ച് യുവാക്കൾ അറസ്റ്റിൽ

ബംഗളുരു നഗരത്തിൽ കൈയിൽ വാളുമായി അപകടകരമായ നിലയിൽ ബൈക്ക് സ്റ്റണ്ട് നടത്തിയ അഞ്ച് യുവാക്കൾ അറസ്റ്റിൽ. ബംഗളുരുവിലെ ഡിജെ ഹള്ളി, രാമമൂർത്തി നഗർ എന്നീ മേഖലകളിൽ ബൈക്ക് യാത്ര നടത്തി വാളുവീശി ഭീതി സൃഷ്‌ടിച്ച നയീം, അറഫാത്ത്, സാഹിൽ, നഞ്ചമത്ത്, അദ്‌നാൻ എന്നിവരാണ് അറസ്റ്റിലായത്.

സംഭവത്തിന്റെ ദൃശ്യങ്ങൾ ഇതിനോടകം സമൂഹ മാധ്യമങ്ങളിൽ വലിയ തോതിൽ പ്രചരിച്ചുകഴിഞ്ഞു. വീഡിയോയിൽ തിരക്കേറിയ നഗരത്തിലൂടെ രാത്രിയിൽ യുവാക്കൾ വടിവാൾ വീശി ബൈക്ക് സ്റ്റണ്ട് നടത്തുന്നതാണ് കാണുന്നത്. ചുറ്റുമുള്ള യാത്രക്കാർ ഭയത്തോടെ ഇവരുടെ യാത്ര വീക്ഷിക്കുന്നതും വീഡിയോയിൽ കാണാം. വീഡിയോ ശ്രദ്ധയിൽ പെട്ടതിനു പിന്നാലെ ഇവർക്കെതിരെ പോലീസ് നടപടി സ്വീകരിക്കുകയായിരുന്നു. ബംഗളൂരു സിറ്റി പോലീസാണ് സംഭവത്തിൽ ഉൾപ്പെട്ടവരെ പിടികൂടാൻ ദ്രുതഗതിയിൽ പ്രവർത്തിച്ചത്.

https://twitter.com/BJP4Karnataka/status/1892544751356047438

സംഭവത്തിന്‌ പിന്നാലെ കർണാടക ആഭ്യന്തരമന്ത്രി ഡോ.ജി.പരമേശ്വരയ്‌ക്കെതിരെ രൂക്ഷവിമർശനവുമായി ബി.ജെ.പി രംഗത്തെത്തിയതോടെ സംഭവം രാഷ്ട്രീയ പ്രതികരണങ്ങൾക്കും വഴിവെച്ചിട്ടുണ്ട്.

എക്‌സിൽ ബിജെപി പങ്കുവെച്ച ഒരു പോസ്റ്റിൽ, സംഭവത്തിൽ സംസ്ഥാന സർക്കാരിന്റെ പ്രതികരണം എന്താണെന്ന് ചോദിച്ചു “പ്രിയ ആഭ്യന്തര മന്ത്രി , ഇത് കണ്ടിട്ട് നിങ്ങൾക്ക് എന്ത് എസ്ക്യൂസ്‌ ആണ് പറയാൻ ഉള്ളത്? ഈ യുവാക്കൾ മാനസിക വെല്ലുവിളി നേരിടുന്നവരാണെന്നോ? അതോ വെറും ഒരു നേരമ്പോക്കിന്‌ വളെടുത്ത് വീശി അത് റെക്കോർഡ് ചെയ്തതാണെന്നോ? എന്നായിരുന്നു പരിഹാസ രൂപേണ കുറിച്ചത്.

തൊട്ടുപിന്നാലെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെയും ബിജെപി ലക്ഷ്യമിട്ടു.,രാഹുലിന്റെ “മൊഹബത് കി ദുകാൻ” (സ്നേഹത്തിന്റെ കട) പ്രചാരണത്തെ പരിഹാസത്തോടെ പരാമർശിച്ച ബി.ജെ.പി. “ഈ ‘മൊഹബത് കി ദുകാൻ’ ഞങ്ങൾക്ക് സമ്മാനിച്ചതിന് രാഹുൽ ഗാന്ധിക്ക് ഒരു പ്രത്യേക നന്ദി, എന്നാണ് കുറിച്ചത്. ഇത്തരം പ്രവണതകൾ തുടർന്നാൽ ഞങ്ങൾ നിശബ്ദരായിരിക്കില്ല!” ബിജെപി പ്രസ്താവിച്ചു.

ഡെക്കാൻ ഹെറാൾഡ് റിപ്പോർട്ട് ചെയ്യുന്നതനുസരിച്ചു വാളുകൾ പിടിച്ച് സോഷ്യൽ മീഡിയയിൽ റീൽ ചെയ്യാൻ ശ്രമിച്ച യുവാക്കളാണ് അറസ്റ്റിലായത്. ഭാരതീയ ന്യായ സംഹിത ആയുധ നിയമത്തിലെ വകുപ്പുകൾ പ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *