ബെംഗളൂരു: സംശയത്തെ തുടര്‍ന്ന് ഭാര്യയുടെ വായില്‍ സൂപ്പര്‍ഗ്‌ളൂ ഒഴിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച ഭര്‍ത്താവ് അറസ്റ്റില്‍. ബംഗളൂരു റൂറലിലെ നെലമംഗലയിലെ ഹരോക്യതനഹള്ളിയിലുള്ള വസതിയില്‍ വച്ച് നടന്ന സംഭവത്തില്‍ 38 ജിദ്ദലിംഗസ്വാമിയാണ് അറസ്റ്റിലായത്. ഇയാളുടെ ഭാര്യ മഞ്ജുള സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. അപകടനില തരണം ചെയ്തതായി പോലീസ് അറിയിച്ചു.
റായ്ച്ചൂര്‍ സ്വദേശികളായ ഇരുവരും പ്രണയ വിവാഹിതരാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ഇവരുടെ ബന്ധത്തെക്കുറിച്ച് കുടുംബവൃത്തങ്ങള്‍ പോലീസിനെ അറിയിച്ചു. ആക്രമണത്തിന് പിന്നിലെ കാരണമെന്താണെന്ന് അധികൃതര്‍ അന്വേഷിക്കുന്നുണ്ട്. ഞെട്ടിക്കുന്ന സംഭവത്തില്‍ പോലീസ് അന്വേഷണം തുടരുന്നതിനാല്‍ കൂടുതല്‍ നിയമ നടപടികള്‍ പുരോഗമിക്കുകയാണ്.
ഇവര്‍ക്ക് കുട്ടികളില്ലായിരുന്നു. ഭാര്യയെ ശ്വാസംമുട്ടിച്ച ശേഷമാണ് ഇയാള്‍ പെട്ടെന്ന് ഒട്ടിപ്പിടിക്കുന്ന അതിമാരകമായ പശ വായില്‍ ഒഴിച്ചത്. മഞ്ജുള മരിച്ചുവെന്ന് കരുതി സ്വാമി ഞായറാഴ്ച രാത്രി മദനായകനഹള്ളി പോലീസ് സ്റ്റേഷനിലെത്തി സ്വയം കീഴടങ്ങിയിരുന്നു. തന്റെ ഭാര്യക്ക് അവിഹിത ബന്ധമുണ്ടെന്ന കാരണത്താലാണ് കൊലപ്പെടുത്തിയതെന്നായിരുന്നു സ്വാമിയുടെ വെളിപ്പെടുത്തല്‍.
മഞ്ജുള ശ്വസിക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് പോലീസ് പെട്ടെന്ന് ആംബുലന്‍സ് വിളിക്കുകയും യുവതിയെ തൊട്ടടുത്ത ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. ഞങ്ങള്‍ ദമ്പതികളുടെ വീട്ടിലേക്ക് ഓടിച്ചെല്ലുമ്പോള്‍ അവര്‍ ശ്വാസം കഴിക്കുന്നതായി കണ്ടെത്തി. ഉടന്‍ ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് പോയി. യാത്രയ്ക്കിടയില്‍ ചുടുവെള്ളം ഉപയോഗിച്ച് വായ കഴുകിയെന്നും അതിന് ശേഷം ആശുപത്രിയിലേക്ക് മാറ്റിയതായും ഒരു പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.