അടുത്തിടെയാണ് ഗ്രാമി റെഡ് കാര്‍പെറ്റില്‍ കാനി വെസ്റ്റും പങ്കാളി ബിയാന്‍ക സെന്‍സോറിയും വാര്‍ത്തകളില്‍ ഇടം പിടിച്ചത്. 47-കാരനായ റാപ്പറും ബിയാന്‍കയും ചേര്‍ന്ന് നടത്തിയ പ്രകടനം ശ്രദ്ധ മാത്രമല്ല അമ്പരപ്പും സൃഷ്ടിച്ചിരുന്നു. അവിടെ പങ്കാളിക്കൊപ്പം എത്തിയ ബിയാങ്ക സെന്‍സോറി തന്റെ കറുത്ത കോട്ട് അഴിച്ചുമാറ്റി ഫോട്ടോഗ്രാഫര്‍മാര്‍ക്ക് മുന്നില്‍ സുതാര്യമായ വസ്ത്രം ധരിച്ചു പ്രത്യക്ഷപ്പെട്ടിരുന്നു.
ഈ പ്രവര്‍ത്തി ഉള്‍പ്പെടെയായപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ അടുത്തിടെ കാനി വെസ്റ്റിന്റെ പെരുമാറ്റം അദ്ദേഹത്തിന്റെ ആരാധകരിലും പൊതുജനങ്ങളിലും ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്. തന്റെ ഭാര്യയുടെ ഗൂഗിള്‍ സെര്‍ച്ച് നമ്പറുകള്‍ ഗ്രാമി അവാര്‍ഡുകളുമായി ബന്ധപ്പെട്ടവയെ മറികടന്നതായി വെസ്റ്റ് വീമ്പിളക്കുകയും ചെയ്തു. ഇതോടെ വെസ്റ്റിന്റെ ഓണ്‍ലൈന്‍ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വഷളായിരിക്കുകയാണ്. പലരും അദ്ദേഹത്തിന്റെ മാനസികാരോഗ്യത്തെ ചോദ്യം ചെയ്ത് രംഗത്ത് വന്നിട്ടുണ്ട്. അടുത്തിടെ ഒരു പോഡ്കാസ്റ്റ് അഭിമുഖത്തില്‍, തനിക്ക് ബൈപോളാര്‍റ്റി ഇല്ലെന്നും ഓട്ടിസമുണ്ടെന്നും വെസ്റ്റ് അവകാശപ്പെട്ടു. ആളുകള്‍ ഇതിനെ സംശയത്തോടെയാണ് കാണുന്നത്.
മുന്നും പിന്നും ആലോചിക്കാതെ എന്തും എഴുതുന്ന വെസ്റ്റിന്റെ എക്സ് അക്കൗണ്ട് വ്യാപകമായ വിമര്‍ശനങ്ങള്‍ക്ക് വേദിയായി മാറിയിട്ടുണ്ട്. സെമിറ്റിക് വിരുദ്ധവും സ്ത്രീവിരുദ്ധവും വംശീയവുമായ പരാമര്‍ശങ്ങള്‍ ഉള്‍പ്പെടെയുള്ള വിവാദ പ്രസ്താവനകളുടെ ഒരു പരമ്പരയാണ് അടുത്തിടെ ഇതിലൂടെ പുറത്തുവന്നത്. ഒരു ഘട്ടത്തില്‍ റാപ്പര്‍ സ്വയം നാസിയാണെന്ന് പ്രഖ്യാപിച്ചുകൊണ്ട് ജൂതന്മാരെ അപമാനിച്ചിരുന്നു. സീന്‍ പി ഡിഡിയെ ജയിലില്‍ നിന്ന് മോചിപ്പിക്കാന്‍ ആവശ്യപ്പെട്ടു, നാസികളെ പ്രോത്സാഹിപ്പിക്കുന്ന വസ്ത്രങ്ങള്‍ പോലും അദ്ദേഹം തന്റെ ഔദ്യോഗിക സൈറ്റില്‍ വില്‍പ്പനയ്ക്ക് വെച്ചു. അമിതഭാരമുള്ള സ്ത്രീകളെ വിമര്‍ശിക്കുകയും എക്സ് അക്കൗണ്ടില്‍ പോണ്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു.
വെസ്റ്റിന്റെ അക്കൗണ്ട് ഡിലീറ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഡേവിഡ് ഷ്വിമ്മര്‍, പിയേഴ്സ് മോര്‍ഗന്‍ തുടങ്ങിയ സെലിബ്രിറ്റികള്‍ രംഗത്ത് വന്നിട്ടുണ്ട്. ഇതോടെ ”എലോണ്‍ എന്നെ പിന്തുടരുന്നത് നിര്‍ത്തി, അതിനാല്‍ ഞാന്‍ എത്രനാള്‍ എക്‌സില്‍ ഉണ്ടായിരിക്കുമെന്ന് എനിക്കറിയില്ല. ഞാന്‍ ഡിലീറ്റ് ചെയ്യപ്പെടുകയാണെങ്കില്‍, പോകൂ” എന്ന് പറഞ്ഞുകൊണ്ട് തന്റെ ഔദ്യോഗിക പേജിലേക്കുള്ള ലിങ്ക് വെസ്റ്റ് എക്‌സില്‍ പോസ്റ്റ് ചെയ്തിരിക്കുകയാണ്. സൂപ്പര്‍ ബൗളിനിടെ ടെയ്ലര്‍ സ്വിഫ്റ്റിനെ കുറിച്ചുള്ള വാക്കുതര്‍ക്കത്തെ തുടര്‍ന്ന്, വെസ്റ്റിന്റെ അക്കൗണ്ട് ഇല്ലാതാക്കി.
വെസ്റ്റിന്റെ അക്കൗണ്ട് ജോലിക്ക് സുരക്ഷിതമല്ല എന്ന നിലയില്‍ തരംതിരിച്ചിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ പോസ്റ്റുകള്‍ കാരണം പൊതുജനങ്ങള്‍ അക്കൗണ്ട് ‘കാണില്ല’ എന്നും മസ്‌ക് പിന്നീട് സ്ഥിരീകരിച്ചു. ”എക്സില്‍ നിന്ന് ഒരാളെ വിലക്കപ്പെട്ടതിനെ ഞാന്‍ പിന്തുണയ്ക്കുന്ന ആദ്യത്തെ വ്യക്തി കാനി വെസ്റ്റ് ആയിരിക്കാം. ഞാന്‍ അഭിപ്രായസ്വാതന്ത്ര്യത്തില്‍ വിശ്വസിക്കാത്തതുകൊണ്ടല്ല, മറിച്ച് അയാള്‍ ടൈംലൈനില്‍ അക്ഷരാര്‍ത്ഥത്തില്‍ അശ്ലീലം പോസ്റ്റ് ചെയ്യുന്നതുകൊണ്ടാണ്.” എലോണ്‍ മസ്‌ക്കിന്റെ കുറിപ്പില്‍ പറയുന്നു.