Health

മനുഷ്യന്റെ തലച്ചോറില്‍ ഒരു സ്പൂണ്‍ അളവില്‍ പ്ലാസ്റ്റിക്; ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

മനുഷ്യരുടെ തലച്ചോറില്‍ ഒരുസ്പൂണ്‍ അളവില്‍ നാനോ പ്ലാസ്റ്റിക് അടങ്ങിയിരിക്കുന്നതായി ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍. ഈ വിവരം പുറത്തുവിട്ടിരിക്കുന്നത് നേച്ചര്‍ മെഡിസിന്‍ എന്ന ജേണലിലൂടെയാണ്. 2024 ന്റെ ആരംഭത്തില്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയ മനുഷ്യന്റെ തലച്ചോറില്‍ നിന്ന് മൈക്രോപ്ലാസ്റ്റിക്‌സും നാനോപ്ലാസ്റ്റിക്‌സും ഗവേഷകര്‍ കണ്ടെത്തിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

അന്ന് കണ്ടെത്തിയതാവട്ടെ ഒരു ടീസ്പൂണിന് തുല്യമായ പ്ലാസ്റ്റിക്കായിരുന്നു. 45 വയസ്സ് മുതല്‍ 50 വയസ്സ് വരെ പ്രായമുള്ള സാധാരണ വ്യക്തികളുടെ തലച്ചോറില്‍ അടങ്ങിയിരിക്കുന്ന മൈക്രോ പ്ലാസ്റ്റികിന്റെ അളവ് ഗ്രാമിന് 4800 മൈക്രോഗ്രാം അല്ലെങ്കില്‍ ഭാരം അനുസരിച്ച് 0.48 ശതമാനം ആയിരുന്നുവെന്ന് സയന്‍സസ് പ്രൊഫസറായ മാത്യൂ കാമ്പന്‍ പറയുന്നു. 2016 ല്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്ത തലച്ചോറിന്റെ സാമ്പിളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇപ്പോഴുള്ളത് 50 ശതമാനം കൂടുതലാണ്.

നമ്മള്‍ കഴിക്കുന്ന ഭക്ഷണത്തിലൂടെയും വെള്ളത്തിലൂടെയുമാണ് മൈക്രോപ്ലാസ്റ്റിക് നമ്മുടെ ശരീരത്തിലെത്തുന്നത്.പ്ലാസ്റ്റിക് കലര്‍ന്ന വെള്ളമുപയോഗിച്ച് നനയ്ക്കുന്ന വിളകളിലും മാംസാഹരങ്ങളിലും ഇതിന്റെ അളവ് കൂടുതലായി കാണുന്നു. പ്ലാസ്റ്റിക് കുപ്പികളും പ്ലാസ്റ്റിക് കപ്പുകളും ഉപയോഗിക്കുമ്പോഴാണ് പ്ലാസ്റ്റിക് അധികമായി തലച്ചോറില്‍ അടിഞ്ഞുകൂടുന്നത്. ചെറിയ കണികകള്‍ രക്തത്തിലൂടെ തലച്ചോറില്‍ പ്രവേശിക്കുന്നുവെന്നും ഗവേഷകര്‍ വെളിപ്പെടുത്തുന്നു.

ഡിമേഷ്യ ബാധിച്ച 12 പേരുടെ തലച്ചോറില്‍ ആരോഗ്യമുള്ള തലച്ചേറിനെ അപേക്ഷിച്ച് മൂന്നോ അഞ്ചോ ഇരട്ടി പ്ലാസ്റ്റിക് ഗവേഷകര്‍ കണ്ടെത്തി. ഇവ തലച്ചേറിന്റെ ധമനികളിലൂടെയും സിരകളിലൂടെയും ഭിത്തികളിലേക്കും തലച്ചോറിലെ രോഗപ്രതിരോധ കോശങ്ങളിലേക്കും പ്രവേശിക്കുന്നു. തലച്ചോറില്‍ കണ്ടെത്തിയ നാനോ പ്ലാസ്റ്റിക്കുകള്‍ ശരീരത്തിനെ ദോഷകരമായി ബാധിക്കുന്നുവെന്ന് ഇതുവരെ തെളിയിക്കാനായി സാധിച്ചിട്ടില്ലെന്നും പഠനം വ്യക്തമാക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *