ചരിത്രത്തിലെ ഏറ്റവും മികച്ച ഫുട്ബോള്‍ കളിക്കാരനായി പലരും കരുതുന്ന ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ നാല്‍പ്പതാം പിറന്നാളായിരുന്നു ബുധനാഴ്ച. നിലവില്‍ സൗദി പ്രോ ലീഗില്‍ അല്‍ നാസറിനായി കളിക്കുന്ന പോര്‍ച്ചുഗീസ് താരം 2026 ഫിഫ ലോകകപ്പിലും പോര്‍ച്ചുഗീസ് ജഴ്സിയില്‍ കാണുമെന്ന് വിശ്വസിക്കുന്നവര്‍ ഏറെയാണ്. റൊണാള്‍ഡോയാണോ മെസ്സിയാണ് ഏറ്റവും മികച്ച താരമെന്നത് രണ്ടു ദശകമായുള്ള മില്യണ്‍ ഡോളര്‍ ചോദ്യമാണ്. ചിലര്‍ റൊണാള്‍ഡോയ്ക്ക് ഒപ്പം നില്ക്കുമ്പോള് മറ്റു ചിലര്‍ മെസ്സിയെ ബെസ്റ്റായി കാണുന്നു.
ലാ സെക്സ്റ്റയുമായുള്ള സമീപകാല അഭിമുഖത്തില്‍, മുന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം ബാലണ്‍ ഡി ഓര് നല്കുന്ന രീതിയെ ചോദ്യം ചെയ്തു. കഴിഞ്ഞ വര്‍ഷം റോഡ്രിയെക്കാള് വിനീഷ്യസ് ജൂനിയര്‍ അതിന് അര്‍ഹനാണെന്ന് തനിക്ക് തോന്നുന്നുവെന്ന് വെളിപ്പെടുത്തുകയും ചെയ്തു. മെസ്സി തന്നെക്കാള്‍ കൂടുതല്‍ ബാലണ്‍ ഡി ഓര് പുരസ്കാരങ്ങള്‍ നേടിയതിന്റെ പരോക്ഷമായ പരിഹാസം കൂടിയായി ഇതിനെ പലരും വിലയിരുത്തുന്നുണ്ട്. റൊണാള്‍ഡോ അഞ്ച് ബാലണ്‍ ഡി ഓര് ട്രോഫികള്‍ നേടിയിട്ടുണ്ട്, ഏഴ് തവണ മെസ്സി അത് നേടിയിട്ടുണ്ട്.
”ബാലന് ഡി ഓറിന് ഒരു വിശ്വാസ്യതയും ഇല്ല. വിനീഷ്യസ് ബാലണ്‍ ഡി ഓര് ജേതാവാ കണം. പലവട്ടം തോന്നിയിട്ടുണ്ട്, ദേഷ്യം വന്നിട്ടുണ്ട്. കാലക്രമേണ ഞാന്‍ അത് മനസ്സി ലാക്കി, ഇത് നിങ്ങള്‍ക്ക് വിജയിക്കാന്‍ കഴിയാത്ത യുദ്ധങ്ങളാണെന്ന്.” അദ്ദേഹം പറഞ്ഞു.
”നിങ്ങള്‍ അനുഭവിച്ച എല്ലാ കാര്യങ്ങളെയും അഭിനന്ദിക്കുന്നതിന് നിങ്ങള്‍ക്ക് പലപ്പോഴും എന്തെങ്കിലും സംഭവിക്കേണ്ടതുണ്ട്. ഞാന്‍ വളരെ മത്സരബുദ്ധിയുള്ള ഒരു വ്യക്തിയാണ്, ഞാന്‍ നേടിയത് ചിലപ്പോള്‍ ഞാന്‍ മറക്കും. എന്റെ സ്ഥാനത്ത് മറ്റാരെങ്കിലും ഉണ്ടായിരുന്നെങ്കില്‍, ഞാന്‍ 10 വര്‍ഷം മുമ്പ് ഫുട്ബോള്‍ ഉപേക്ഷിക്കുമായിരുന്നു. ഞാന്‍ വ്യത്യസ്തനാണ്.” അദ്ദേഹം പറഞ്ഞു.
മറ്റ് ഫുട്ബോള്‍ മഹാന്മാരുമായി താരതമ്യപ്പെടുത്തി, അദ്ദേഹം കൂട്ടിച്ചേര്‍ത്തു, ”നിങ്ങള്‍ മെസ്സിയെയോ പെലെയെയോ മറഡോണയെയോ ഇഷ്ടപ്പെട്ടാലും, ഞാന്‍ അത് കേള്‍ക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു. പക്ഷേ ക്രിസ്റ്റ്യാനോ പൂര്‍ണനല്ലെന്ന് പറയുന്നത് ഒരു നുണയാണ്. ഞാന്‍ ഏറ്റവും പൂര്‍ണ്ണനാണ്. എന്നെക്കാള്‍ മികച്ച ആരെയും ഞാന്‍ കാണുന്നില്ല, അത് ഞാന്‍ പൂര്‍ണ്ണഹൃദയത്തോടെ നിങ്ങളോട് പറയുന്നു.
മെസ്സിയും റൊണാള്‍ഡോയും ഇതുവരെയുള്ള സീനിയര്‍ കരിയറില്‍ മൊത്തത്തില്‍ 77 ഔദ്യോഗിക ട്രോഫികള്‍ (മെസ്സി 44, റൊണാള്‍ഡോ 33) നേടിയിട്ടുണ്ട്, കൂടാതെ ഒരു സീസണില്‍ 50 ഗോളുകളുടെ തടസ്സം തുടര്‍ച്ചയായി തകര്‍ത്തു. ക്ലബ്ബിനും രാജ്യത്തിനു മായി കരിയറില്‍ 800-ലധികം ഗോളുകള്‍ വീതം നേടിയ രണ്ട് കളിക്കാരുമാണ് ഇരുവരും.