സച്ചിന്റെ ക്രിക്കറ്റിലെ ഒട്ടേറെ റെക്കോഡുകള്‍ക്ക് ഭീഷണി ഉയര്‍ത്തിക്കൊണ്ടിരിക്കുന്ന ഇന്ത്യയുടെ സൂപ്പര്‍ബാറ്റര്‍ വിരാട്‌കോഹ്ലി ക്രിക്കറ്റ് ഇതിഹാസത്തിന്റെ മറ്റൊരു റെക്കോഡില്‍ കൂടി ഉന്നം വെച്ചിരിക്കുകയാണ്. സച്ചിന്റെ റെക്കോര്‍ഡ് മറികടക്കാന്‍ വിരാട് കോഹ്ലിക്ക് 94 റണ്‍സ് വേണം. ഫെബ്രുവരി ആറിന് ആരംഭിക്കുന്ന മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയില്‍ കളിക്കുന്ന കോഹ്ലി ഏറ്റവും വേഗത്തില്‍ 14,000 ഏകദിന റണ്‍സ് തികയ്ക്കുന്ന താരം എന്ന കാര്യത്തിലാണ് സച്ചിനെ പിന്നിലാക്കാനൊരുങ്ങുന്നത്.
2006 ഫെബ്രുവരിയില്‍ പെഷവാറില്‍ പാക്കിസ്ഥാനെതിരായ ഏകദിനത്തില്‍ സച്ചിന്‍ തന്റെ 350-ാം ഇന്നിംഗ്‌സില്‍ റെക്കോര്‍ഡ് സ്ഥാപിച്ച റെക്കോഡാണ് കോഹ്ലി ഉന്നം വെയ്ക്കുന്നത്. ആ മത്സരത്തില്‍ അദ്ദേഹം സെഞ്ച്വറി നേടിയിരുന്നു. അതേസമയം കോഹ്ലിക്ക് ഈ നേട്ടത്തില്‍ എത്താന്‍ വെറും 283 ഏകദിന ഇന്നിംഗ്‌സുകളേ വേണ്ടി വരുന്നുള്ളൂ. 58.18 ശരാശരിയിലും 93.54 സ്‌ട്രൈക്ക് റേറ്റിലും 13906 റണ്‍സ് കോഹ്ലിയുടെ പേരിലുണ്ട്. ഫോര്‍മാറ്റില്‍ 50 സെഞ്ചുറികളും 72 അര്‍ധസെഞ്ചുറികളും അദ്ദേഹത്തിന്റെ പേരിലുണ്ട്.
2023ലെ ഏകദിന ലോകകപ്പിനിടെ, ഫോര്‍മാറ്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറികള്‍ നേടിയ ബാറ്റ്‌സ്മാന്‍ എന്ന റെക്കോര്‍ഡ് കോഹ്ലി സച്ചിനെ (49) മറികടന്നിരുന്നു. 463 ഏകദിനങ്ങളില്‍ നിന്ന് 18,426 റണ്‍സ് നേടിയാണ് സച്ചിന്‍ തന്റെ കരിയര്‍ പൂര്‍ത്തിയാക്കിയത്. വ്യാഴാഴ്ചയാണ് ഇംഗ്ലണ്ടിനെതിരായ വ്യാഴാഴ്ച നടക്കുന്ന ആദ്യ ഏകദിനം. ടീം കഴിഞ്ഞദിവസം നാഗ്പൂരില്‍ എത്തിയിരുന്നു. ഈ പരമ്പരയ്ക്കുള്ള ടീം തന്നെയാണ് ഐസിസി ചാമ്പ്യന്‍സ് ട്രോഫിയിലും കളിക്കുക. ജസ്പ്രീത് ബുംറയ്ക്ക് പകരം ഹര്‍ഷിത് റാണയെ ഉള്‍പ്പെടുത്തി.