Oddly News

നായയ്ക്കു വലിപ്പം കൂടുതല്‍… യു.എസ്. വിമാനാപകടത്തില്‍നിന്ന് ജോണ്‍ രക്ഷപ്പെട്ടു !

ചിലപ്പോള്‍ ചില ഭാഗ്യക്കേടുകളും അനുഭവങ്ങളും ചിലരുടെയെങ്കിലും കാര്യത്തില്‍ മഹാഭാഗ്യമായി മാറാറുണ്ട്. അത്തരമൊരു അനുഭവമാണ് ജോണ്‍ മറാവില്ലയ്ക്ക് ഉണ്ടായത്. ഇന്നലെ വാഷിങ്ടണ്‍ റീഗന്‍ നാഷനല്‍ വിമാനത്താവളത്തില്‍ ലാന്‍ഡിങ്ങിനിടെ യാത്രാ വിമാനം സൈനിക ഹെലികോപ്ടറുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യാത്രക്കാര്‍ എല്ലാവരും മരിച്ച സംഭവത്തില്‍ യാത്രാ വിമാനത്തില്‍ സഞ്ചരിക്കേണ്ട ആളായിരുന്നു ജോണ്‍.

ഫ്‌ളൈറ്റ് 5342 ലെ യാത്രക്കാരില്‍ ജോണും ഉണ്ടായിരുന്നു. നായയുമായാണ് അദ്ദേഹം വിമാനത്താവളത്തിലെത്തിയത്. നായയ്ക്കു വലിപ്പം കൂടുതലായതിനാല്‍ വിമാനത്തില്‍ കയറ്റാന്‍ കഴിയില്ലെന്നായിരുന്നു അധികൃതരുടെ നിലപാട്. ‘വിമാനത്തില്‍ കയറാന്‍ ഗേറ്റ് കടക്കാന്‍ അവര്‍ അനുവദിച്ചില്ല. ദയവായി എന്നെ കന്‍സാസില്‍നിന്ന് രക്ഷിക്കൂ’- എന്നാണു പ്രതിഷേധ സൂചകമായി അദ്ദേഹം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.

‘ഇല്ല അവനെ വഴിയില്‍ കളഞ്ഞു തിരിച്ചുപോകാന്‍ തയാറല്ല’- ഫിഗര്‍ സ്കേറ്റര്‍ ജോണ്‍ മറാവില്ല ആ വാദത്തില്‍ ഉറച്ചുനിന്നു. അതോടെ അമേരിക്കന്‍ എയര്‍ലൈന്‍സ് വിമാനത്തിലുള്ള അദ്ദേഹത്തിന്റെ യാത്ര മുടങ്ങി. നിരാശയോടെ മടങ്ങി അല്‍പ സമയത്തിനുശേഷമാണ് ആ വിമാനം വാഷിങ്ടണ്ണില്‍ സൈനിക ഹെലികോപ്റ്ററുമായി കൂട്ടിയിടിച്ചത് ജോണ്‍ അറിഞ്ഞത്.

രക്ഷപ്പെട്ടെങ്കിലും ജോണിനു വലിയ സന്തോഷമുണ്ടായിരുന്നില്ല. ‘ഞങ്ങളുടെ സ്കേറ്റിങ് കമ്യൂണിറ്റിയിലെ നിരവധി അംഗങ്ങള്‍ വിമാനത്തിലുണ്ടായിരുന്നു’- പിന്നീട് അദ്ദേഹം കുറിച്ചു. വിമാനത്തില്‍ കുറഞ്ഞത് 14 ഫിഗര്‍ സ്കേറ്റര്‍മാരും കോച്ചുകളും മാതാപിതാക്കളും ഉണ്ടായിരുന്നതായി ജോണ്‍ അറിയിച്ചു.