Featured Oddly News

കാമുകിയുടെ മുന്നില്‍ ‘ഹീറോ’ ആകണോ? വില്ലനാകാന്‍ ഈ മലേഷ്യക്കാരന്‍ റെഡിയാണ്…!

ഹീറോ കളിച്ച് പ്രണയം നേടിയെടുക്കാന്‍ ഇഷ്ടപ്പെടുന്ന പെണ്‍കുട്ടിക്ക് മുന്നില്‍ വില്ലന്മാരെ വാടകയ്ക്ക് എടുത്ത് തല്ലിയോടിക്കുന്ന രംഗങ്ങള്‍ നമ്മള്‍ സിനിമയില്‍ പതിവായി കാണാറുള്ളതാണ്. എന്നാല്‍ സംഭവം സത്യമാക്കാന്‍ ഒരു മലേഷ്യക്കാരാന്‍ ദേ ഇവിടെ റെഡിയാണ്. പങ്കാളികള്‍ക്ക് മുന്നില്‍ നായകനായി അഭിനയിക്കാന്‍ ആളുകളെ സഹായിക്കുന്ന ‘വാടകയ്ക്ക് വില്ലന്‍’ സേവനം വാഗ്ദാനം ചെയ്ത ഷാസാലി സുലൈമാന്‍ എന്ന 28 കാരനാണ് രംഗത്ത് വന്നിരിക്കുന്നത്. തന്റെ സേവനം വിവരിച്ച് ഇയാള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായ ശ്രദ്ധ ആകര്‍ഷിച്ചു.

മലേഷ്യയുടെ വടക്കുപടിഞ്ഞാറന്‍ നഗരമായ ഇപ്പോയില്‍ നിന്നാണ് ഷാസാലി വരുന്നത്. ജനുവരി 8 ന്, തന്റെ സേവനത്തിന്റെ പ്രചരണവുമായി അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ എത്തി. ”ക്ലയന്റുകളെ അവരുടെ പൗരുഷം പ്രകടിപ്പിക്കാനും അവരുടെ പങ്കാളികളില്‍ ശാശ്വതമായ മതിപ്പ് സൃഷ്ടിക്കാനും സഹായിക്കുമെന്നാണ്” അദ്ദേഹത്തിന്റെ പരസ്യവാചകം.

”നിങ്ങള്‍ ദുര്‍ബലനാണെന്ന് കരുതി നിങ്ങളുടെ പങ്കാളി നിരാശയിലാണോ? താങ്ങാവുന്ന തുകയ്ക്ക്, അവ തെറ്റാണെന്ന് തെളിയിക്കാന്‍ എനിക്ക് നിങ്ങളെ സഹായിക്കാനാകും.” സുലൈമാന്റെ പരസ്യവാചകം ഇങ്ങിനെയാണ്. ”സമയവും സ്ഥലവും നല്‍കിയാല്‍ കാമുകിയെ ശല്യം ചെയ്യാന്‍ എത്തുമെന്നും നിങ്ങള്‍ക്ക് ഹീറോയാകാന്‍ അവസരം നല്‍കി ഇടി കൊള്ളാന്‍ തയ്യാറാണ്.” അദ്ദേഹം പരസ്യത്തില്‍ ഇങ്ങിനെയും കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.

അലങ്കോലപ്പെട്ട മുടിയും കത്താത്ത സിഗരറ്റുമായി നില്‍ക്കുന്ന ഒരു തനിവില്ലന്‍ ഫോട്ടോയും സുലൈമാന്‍ പങ്കിട്ടിട്ടുണ്ട്. തന്റെ ലുക്ക് ഒരു ഗ്യാംഗ്‌സ്റ്ററെപ്പോലെയാണെന്ന് ആള്‍ക്കാര്‍ അഭിപ്രായപ്പെടുന്നുണ്ടെന്നും അതിനെ ഒരു ബിസിനസാക്കി വരുമാനം ഉണ്ടാക്കാന്‍ തന്നെ പ്രേരിപ്പിച്ചിരിക്കുകയാണെന്നും പറയുന്നു. സാധാരണ പ്രവര്‍ത്തിദിനത്തിലാണ് ‘വില്ലന്‍ ഫോര്‍ ഹയര്‍’ എങ്കില്‍ 100 റിഡ്ഡിംഗാണ് ഫീസ്. വാരാന്ത്യത്തില്‍ ആണെങ്കില്‍ അത് 150 റിഡ്ഡിംഗാകും. നഗരത്തിന് പുറത്തുള്ള ക്ലയന്റുകള്‍ക്ക്, യാത്രാ ദൂരത്തെ അടിസ്ഥാനമാക്കി അധിക നിരക്കുകള്‍ ബാധകമാണ്.

മലേഷ്യന്‍ വാര്‍ത്താ ഏജന്‍സിയായ സെയ്സ് പറയുന്നതനുസരിച്ച്, സുലൈമാന്‍ തന്റെ സേവനം പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും വാഗ്ദാനം ചെയ്യുന്നു. ഇതിനകം ചില സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും അദ്ദേഹം സഹായിക്കുകയും ചെയ്തിട്ടുണ്ട്. അടുത്തിടെ ഒരാള്‍ തന്നെ ഒരു ഷോപ്പിംഗ് സെന്ററില്‍ വാടകയ്ക്കെടുത്ത ഒരു കേസ് സുലൈമാന്‍ പങ്കുവെച്ചു. ”കാമുകന്‍ കുളിമുറിയില്‍ പോയപ്പോള്‍ ഞാന്‍ അവന്റെ കാമുകിയെ ശല്യപ്പെടുത്തുന്നതായി അഭിനയിച്ചു. തിരിച്ചു വന്നപ്പോള്‍ ഒരു വീരനെപ്പോലെ അദ്ദേഹം എന്നെ നേരിട്ടു, ”അദ്ദേഹം പറഞ്ഞു.

അതേസമയം അദ്ദേഹത്തിന്റെ സേവനം നിയമവിരുദ്ധമാകുമെന്ന ആശങ്ക ചില നെറ്റിസണ്‍മാര്‍ ഉന്നയിച്ചിട്ടുണ്ട്, പ്രത്യേകിച്ച് ലൈംഗിക പീഡന ആരോപണങ്ങളുമായി ബന്ധപ്പെട്ട്. മലേഷ്യയില്‍, ലൈംഗിക പീഡനത്തിന് കുറ്റക്കാരെന്ന് കണ്ടെത്തുന്ന ആളുകള്‍ക്ക് സാമ്പത്തികമോ ധാര്‍മ്മികമോ ആയ എന്തെങ്കിലും നാശനഷ്ടങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ നിര്‍ബന്ധിതരാകും. മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിലുള്ള അസഭ്യമായ പെരുമാറ്റത്തില്‍ ഏര്‍പ്പെടുന്നത് നിയമവിരുദ്ധമാണ്, കൂടാതെ മൂന്ന് മാസം വരെ തടവോ പിഴയോ അല്ലെങ്കില്‍ രണ്ടും കൂടിയോ ലഭിക്കാം. എന്നാല്‍ മുഴുവന്‍ പ്രക്രിയയിലും ആരെയും ഉപദ്രവിച്ചിട്ടില്ലെന്ന് സുലൈമാന്‍ തറപ്പിച്ചു പറഞ്ഞു. സ്ത്രീകളും സേവനം തേടിയെത്തുന്നുണ്ട്. ഭര്‍ത്താവിനെ അസൂയപ്പെടുത്താന്‍ തന്നോട് ശൃംഗരിക്കണമെന്ന് ഒരു സ്ത്രീ ആവശ്യപ്പെട്ടതായും സുലൈമാന്‍ പറഞ്ഞു.