ലോകത്തെ പല കെട്ടിടങ്ങളും കൂറ്റന്‍ വാസ്തുവിദ്യാ രൂപകല്പനകള്‍ കൊണ്ട് ഒരു വലിയ അദ്ഭുതമാണെന്ന് തന്നെ പറയാം. അങ്ങനെ എടുത്ത് പറയുമ്പോള്‍ ദുബായിലെ പ്രധാന ആകര്‍ഷണങ്ങളിലൊന്നായ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫ ഒരു വലിയ അദ്ഭുതമാണ്. ഈ കെട്ടിടം കാണാനും ചിത്രങ്ങളും വീഡിയോകളും എടുക്കാനുമായി നിരവധി പേരാണ് ടൂറിസ്റ്റുകളായി തന്നെ ദുബായിലേക്ക് എത്തുന്നത്. ദുബായിലെ ബുര്‍ജ് ഖലീഫ പോലെ തന്നെ ഇന്ത്യയ്ക്കും ഒരു ഉയരം കൂടിയ കെട്ടിടം ഉണ്ട്.
മുംബൈയില്‍ സ്ഥിതി ചെയ്യുന്ന പാലൈസ് റോയലാണ് ഈ കെട്ടിടം. ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടം എന്ന വിശേഷണമാണ് ഈ കെട്ടിടത്തിനുള്ളത്. മാത്രമല്ല, ഇതിനെ ‘ഇന്ത്യയുടെ ബുര്‍ജ് ഖലീഫ’ എന്ന് വിളിക്കാറുണ്ട്. രാജകൊട്ടാരം’ എന്നര്‍ഥം വരുന്ന ഫ്രഞ്ച് വാക്കാണ് ഇതിന്റെ പേരിന് ആധാരം. ഈ കെട്ടിടത്തിന്റെ നിര്‍മ്മാണം 2007-ലാണ് ആരംഭിച്ചത്. അന്നു മുതല്‍ വളരെ ശ്രദ്ധേയമായ ഈ കെട്ടിടത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ 3000 കോടി രൂപ ചെലവ് വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 320 മീറ്റര്‍ ഉയരത്തില്‍ നില്‍ക്കുന്ന പാലൈസ് റോയലിന് 88 നിലകളുണ്ട്.
ശ്രീറാം മില്‍സിന്റെ ഭൂമിയില്‍ നിര്‍മ്മിച്ച ഈ ബൃഹത്തായ പദ്ധതിക്ക് സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വന്നതോടെ ലേല നടപടികളിലേക്ക് നീങ്ങുകയായിരുന്നു. ഒടുവില്‍, പുതിയ പ്രൊമോട്ടര്‍മാരായ ഹോണസ്റ്റ് ഷെല്‍ട്ടര്‍ പ്രൈവറ്റ് ലിമിറ്റഡ് ഇത് ഏറ്റെടുത്തു. 2013-ല്‍ പലൈസ് റോയലിലെ ഫ്‌ലാറ്റിന്റെ ബുക്കിംഗ് വില ഏകദേശം 27 കോടി രൂപയായിരുന്നു. ഇന്ന്, ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടത്തിലെ ഏറ്റവും താങ്ങാനാവുന്ന ഫ്‌ലാറ്റിന്റെ വില ഏകദേശം 40 കോടി രൂപയാണ്.