2025 ല്‍ പ്രേക്ഷകര്‍ ഏറ്റവും ആകാംക്ഷയോടെ കാത്തിരിക്കുന്ന തമിഴ് സിനിമ റിലീസുകളില്‍ ഒന്നായ തഗ്ലൈഫ് 2025 ജൂണില്‍ തീയേറ്ററുകളിലേക്ക് എത്തും. കമല്‍ഹാസനും മണിരത്നവും 37 വര്‍ഷത്തിന് ശേഷം ഒന്നിക്കുന്ന ഗ്യാങ്സ്റ്റര്‍ ആക്ഷന്‍ ഡ്രാമയുടെ ഒടിടി റിലീസിംഗ് ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്.
തിയേറ്റര്‍ ഓട്ടത്തിന് ശേഷം തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളില്‍ നെറ്റ്ഫ്ലിക്സില്‍ എത്തും. സിനിമയുടെ ടീസര്‍ ദൃശ്യങ്ങളില്‍ കമല്ഹാസന് ഒരു പോരാളിയായും ആധുനിക കാലത്തെ മനുഷ്യനായും പ്രത്യക്ഷപ്പെടുന്നു.
കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ തുടങ്ങിയ സിനിമയുടെ ചിത്രീകരണം സെപ്തംബറോടെ പൂര്‍ത്തിയായി. 1987 ല്‍ നായകന് ചെയ്ത ശേഷം ആദ്യമായിട്ടാണ് കമലും മണിരത്നവും ഒന്നിക്കുന്നത്. രാജ് കമല്‍ ഫിലിംസ് ഇന്റര്‍നാഷണല്‍, മദ്രാസ് ടാക്കീസ്, റെഡ് ജയന്റ് മൂവീസ് എന്നിവര്‍ സംയുക്തമായാണ് സിനിമ നിര്‍മ്മിക്കുന്നത്. മണിരത്നത്തിനൊപ്പം കമല്‍ഹാസനും സിനിമയുടെ രചനയില്‍ പങ്കാളിയായിരുന്നു.
കമല്‍ഹാസനൊപ്പം, സിലംബരശന്‍, തൃഷ കൃഷ്ണന്, അശോക് സെല്വന്, ഐശ്വര്യ ലക്ഷ്മി, ജോജു ജോര്‍ജ്, അഭിരാമി, നാസര്‍, അലി ഫസല്‍, പങ്കജ് ത്രിപാഠി, സന്യ മല്‍ഹോത്ര, രോഹിത് സറഫ്, വൈയാപുരി തുടങ്ങി ഒരു മികച്ച താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നു. രവി കെ. ചന്ദ്രനാണ് ക്യാമറ. എഡിറ്റര്‍ ശ്രീകര്‍ പ്രസാസും ആക്ഷന്‍ സീക്വന്‍സുകള്‍ അന്ബരിവുമാണ്.
ശര്‍മ്മിഷ്ഠ റോയ് ആണ് പ്രൊഡക്ഷന്‍ ഡിസൈനര്‍, ഏക ലഖാനി വസ്ത്രാലങ്കാരം നിര്‍വ്വഹിക്കുന്നു, കമല്‍ഹാസന്റെ വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്തത് അമൃത റാം ആണ്. നകുല്‍ അഭ്യങ്കറാണ് സംഗീതത്തിന്റെ മേല്‍നോട്ടം വഹിക്കുന്നത്. വിഎഫ്്എക്സ് കൈകാര്യം ചെയ്യുന്നത് എച്ച്. മോനേഷും സൗണ്ട് ഡിസൈന്‍ ആനന്ദ് കൃഷ്ണമൂര്‍ത്തിയുമാണ്.