സാധാരണക്കാരിൽ സാധാരണക്കാരനായിരുന്ന വിജയ് സേതുപതി ഇന്ന് തമിഴ് മക്കളുടെ മാത്രമല്ല ലോകമെമ്പാടുമുള്ള ആരാധക മനസ്സുകളില്‍ ഇടംപിടിച്ചിരിക്കുകയാണ്. ജൂനിയർ ആർട്സിസ്റ്റായി സിനിമ ജീവിതം തുടങ്ങിയ താരം ഇന്നെത്തി നില്‍ക്കുന്നത് ആർക്കും പെട്ടെന്ന് കൈയ്യെത്തിപിടിക്കാൻ കഴിയാത്തൊരു ലോകത്താണ്.
തമിഴകത്തിന്റെ മാത്രമല്ല മറുഭാഷാ പ്രേക്ഷകര്‍ക്കിടയിലും സ്വാധീനമുള്ള കോളിവുഡ് താരങ്ങളിലൊരാളാണ് വിജയ് സേതുപതി.
വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ ക്വാളിറ്റി നിലനിർത്തുന്ന വിജയ് സേതുപതി ചെയ്യുന്ന റോളുകളിലെ വ്യത്യസ്തതയും റിയലിസ്റ്റിക്കായുള്ള അഭിനയവും കൊണ്ടാണ് മറ്റുള്ള അഭിനേതാക്കളിൽ നിന്ന് വേറിട്ട് നിൽക്കുന്നത്. ബോളിവുഡിലടക്കം തന്റെ അഭിനയ മികവ് തെളിയിച്ചിരിക്കുന്ന താരം ഇന്ന് സിനിമരംഗത്തു ഒഴിച്ച് കൂടാനാവാത്ത കലാകാരനാണ്.
താരത്തിന്റെ പുതിയ സിനിമകളിൽ ഒന്നായ വെട്രിമാരന്‍ സംവിധാനം ചെയ്ത വിടുതലൈ 2 ഏറെ പ്രേക്ഷക പ്രശംസ നേടിയിരുന്നു. പിന്നീട് എത്തിയ ‘മഹാരാജ’ എന്ന ചിത്രത്തിലൂടെ ചൈനയിലും വലിയ ആരാധകവൃന്ദത്തെ വിജയ് സേതുപതി നേടിയെടുത്തു. ചൈനയില്‍ ചിത്രം തിയേറ്ററുകളില്‍ തന്നെ വലിയ വിജയം നേടിയപ്പോള്‍ ഒടിടിയിലൂടെ അനവധി രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ചിത്രത്തിന് പ്രേക്ഷകരായി എത്തി.
താരത്തിന്റെ അഭിമുഖങ്ങളും കാപട്യമില്ലാത്ത തുറന്നു പറച്ചിലുകളും എപ്പോഴും ആരാധകർക്ക് ഇഷ്ടകൂടുതൽ ഉണ്ടാകാനുള്ള കാരണങ്ങളായി മാറാറുണ്ട്.
ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ 15 വർഷം മുമ്പുള്ള വിജയ് സേതുപതിയെ ഇപ്പോൾ ഫോൺ ചെയ്താൽ എന്ത് ചോദിക്കുമെന്ന അവതാരകയുടെ ചോദ്യത്തിന് മറുപടി പറയുകയാണ് താരം.
“ആ ആളിന് ഉള്ളിൽ നല്ല ഭയമായിരുന്നു. അതുകൊണ്ട് ഭയപ്പെടേണ്ട, നിനക്ക് ഒരുപാട് പഠിക്കാനുണ്ട്. അതെല്ലാം ജീവിതം പഠിപ്പിച്ചു തരും എന്ന് പറയും. അവന്റെ മനസ്സിൽ നൂറായിരം ചോദ്യങ്ങൾ ഉണ്ട്, അതിനൊക്കെയുള്ള മറുപടി വഴിയേ കിട്ടും.
ഒരു ഇരുപത് വയസുള്ള വ്യക്തിയുടെ മനസ്സിൽ ഒരുപാട് ആശങ്കകൾ ഉണ്ടാവുമല്ലോ. ജീവിതം എന്താകും എവിടെപ്പോകും എന്നൊക്കെയുള്ളത്. അതൊക്കെ മാറ്റണം എന്നു പറയും. ധൈര്യമായി മുന്നോട്ട് പോകൂ… ഒരുപാട് എക്‌സ്പീരിയൻസ് കിട്ടും, വലിയ പാഠങ്ങളും… ജീവിതത്തെ നന്നായി മനസിലാക്കാൻ അതു സഹായിക്കും എന്ന് പറയും…” വിജയ് സേതുപതി പറയുന്നു.
വിജയ് സേതുപതിയെ നായകനാക്കി അറുമുഗകുമാര്‍ സംവിധാനം ചെയ്ത ‘എയ്സ്’ എന്ന ചിത്രത്തിന്റെ ഗ്ലിമ്ബ്‌സ് വീഡിയോ അണിയറ പ്രവർത്തകർ കഴിഞ്ഞ ദിവസം പുറത്തു വിട്ടിരുന്നു.
വളരെ ശക്തമായ വേഷത്തില്‍ വിജയ് സേതുപതിയെ അവതരിപ്പിക്കുന്ന ഈ ചിത്രത്തില്‍ രുക്മിണി വസന്ത്, യോഗി ബാബു, ബി എസ് അവിനാശ്, ദിവ്യ പിള്ള, ബബ്ലു, രാജ്കുമാര്‍ എന്നിവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ‘ബോള്‍ഡ് കണ്ണന്‍’ എന്ന കഥാപാത്രമായാണ് വിജയ് സേതുപതി ഈ ചിത്രത്തില്‍ വേഷമിട്ടിരിക്കുന്നത്. 7സിഎസ് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ അറുമുഗകുമാര്‍ നിര്‍മ്മിച്ച ഈ ചിത്രം വമ്ബന്‍ ബഡ്ജറ്റിലാണ് ഒരുക്കിയിരിക്കുന്നത്.
പരമ്പരാഗത തമിഴ് വസ്ത്രം ധരിച്ച്, ആത്മവിശ്വാസത്തോടെ മലേഷ്യയിലെ ഒരു വിമാനത്താവളത്തിലൂടെ നടക്കുകയും, തിരക്കേറിയ വ്യവസായ തെരുവുകളില്‍ വമ്പൻ ആക്ഷന്‍ രംഗങ്ങളില്‍ ഏര്‍പ്പെടുകയും, ആഘോഷങ്ങളില്‍ സന്തോഷത്തോടെ നൃത്തം ചെയ്യുകയും, നിര്‍ഭയമായി തെരുവുകളില്‍ സഞ്ചരിക്കുകയും ചെയ്യുന്ന ‘ബോള്‍ഡ് കണ്ണന്‍’ എന്ന വിജയ് സേതുപതി കഥാപാത്രത്തെയാണ് ഗ്ലിമ്ബ്‌സ് വീഡിയോയില്‍ അവതരിപ്പിച്ചിരിക്കുന്നത്. തമിഴ് സംസ്‌കാരത്തോടു ചേര്‍ന്ന് നില്‍ക്കുകയും വിനോദത്തിനും ആക്ഷനും പ്രാധാന്യം നല്‍കുന്നതുമായ ഒരു ചിത്രമായിരിക്കും ‘എയ്സ്’ എന്നാണ് വീഡിയോ നൽകുന്ന സൂചന.
