ആരെങ്കിലും ഒന്ന് തറപ്പിച്ചു നോക്കിയാല്‍, വഴക്കു പറഞ്ഞാല്‍ വിങ്ങിപ്പൊട്ടിക്കരയുന്ന സ്വഭാവമുള്ളവരെ അപൂര്‍വമയെങ്കിലും കണ്ടുമുട്ടാറില്ലേ? സോഷ്യല്‍ ഫോബിയ എന്ന മാനസികാവസ്‌ഥയുടെ ഫലമായുണ്ടാകുന്ന സ്വഭാവ വൈകല്യമാണിത്.
വളരെ നേര്‍ത്ത മനസിന് ഉടമകളാണിവര്‍. ചെറിയ കാര്യം മതി മനസില്‍ അത് നീറി പുകഞ്ഞു കത്തി നല്‍ക്കും. വളരെ സെന്‍സിറ്റീവ് ആണിവര്‍. കുട്ടിക്കാലം മുതല്‍ ഈ മാനസികാവസ്‌ഥയുടെ ലക്ഷണങ്ങള്‍ കാണിക്കുന്നുണ്ട് . എന്നാല്‍ പ്രായമാകുമ്പോള്‍ മാറും എന്ന വിശ്വാസത്തിലായിരിക്കും മാതാപിതാക്കള്‍. പക്ഷേ, പ്രായപൂര്‍ത്തിയായിട്ടും യാതൊരു മാറ്റവും ഉണ്ടാകില്ല. തന്നെയുമല്ല ജോലിയെപ്പോലും പ്രതികൂലമായി ബാധിക്കാന്‍ തുടങ്ങും.
സോഷ്യല്‍ ആംങ്‌സൈറ്റി ഡിസോര്‍ഡര്‍ എന്ന പേരിലും സോഷ്യല്‍ ഫോബിയ അറിയപ്പെടുന്നു. അമിത ഭയമാണ് ഈ അസുഖക്കാരുടെ മറ്റൊരു പ്രത്യേകത. എന്തിനെയും ഇവര്‍ക്ക് ഭയമാണ്. ഒരു കാര്യത്തിനും സധൈര്യം മുന്നിട്ടിറങ്ങില്ല. എന്തെങ്കിലും അപകടം സംഭവിച്ചാലോ എന്ന ചിന്തയാണ് ഇവര്‍ക്ക് എപ്പോഴും.
ശബ്‌ദം ഉയര്‍ത്തി സംസാരിക്കുന്നത് ഇവരുടെ സ്വഭാവമല്ല. അതേസമയം ചിലപ്പോള്‍ സര്‍വ നിയന്ത്രണങ്ങളും വിട്ട് പൊട്ടിത്തെറിച്ചെന്നും വരും. സോഷ്യല്‍ ഫോബിയ രോഗമുള്ളവരില്‍ കലാകാരന്മാരും മറ്റ് കഴിവുള്ളവരുമൊക്കെയുണ്ട്. പക്ഷേ, സ്വന്തം കഴിവുകള്‍ നാലുപേര്‍ക്ക് മുന്നില്‍ പ്രകടിപ്പിക്കാന്‍ ഇവര്‍ക്ക് കഴിഞ്ഞെന്നു വരില്ല. അവരുടെ അന്തര്‍മുഖ സ്വഭാവം അവരെ പിന്നിലേക്കു വലിക്കുന്നു. മറ്റുള്ളവര്‍ എന്തു കരുതും എന്ന ചിന്തയാകും അപ്പോള്‍ മനസു നിറയെ.
പാടുകയോ വരയ്‌ക്കുകയോ എഴുതുകയോ ചെയ്‌താല്‍ ശരിയാകുമോ, വിമര്‍ശനങ്ങള്‍ കേള്‍ക്കേണ്ടിവരുമോ എന്നോര്‍ത്ത് വേവലാതിപ്പെടും. വിമര്‍ശനങ്ങള്‍ ഇവരെ അടിമുടി തളര്‍ത്തുന്നു. വിമര്‍ശനങ്ങളെ ഭയന്ന് ആരോടു ഒന്നും മിണ്ടില്ല. സംസാരിച്ചാല്‍ അതില്‍ എന്തെങ്കിലും തെറ്റുകള്‍ കടന്നു കൂടുമോ എന്നു ഭയക്കുന്നു. സമാധാന പ്രിയരായ ഇവര്‍ക്ക് പൊട്ടിത്തെറിക്കുന്ന സ്വഭാവവുമുണ്ട്. ഏതു ചെറിയ കാര്യത്തെ നേരിടേണ്ടി വരുമ്പോഴും അമിത ഉത്‌കണ്‌ഠയും അതേത്തുടര്‍ന്ന് ശാരീരിക അസ്വസ്‌ഥതകളും ഇക്കുട്ടര്‍ക്ക് ഉണ്ടാകുന്നു.
ഞാന്‍ ചെയ്യുന്നതില്‍ തെറ്റു സംഭവിക്കുമെന്ന ചിന്ത ഇവരെ വിടാതെ പിന്തുടരുന്നു. അനാവശ്യ ചിന്തകള്‍ കൊണ്ട് മനസു നിറഞ്ഞിരിക്കും. സ്വയം കഥകള്‍ മെനഞ്ഞ് അതില്‍ വിഷമിച്ച് വെന്തുനീറിക്കഴിയും. ആരോടായാലും സംസാരിച്ച് പിരിഞ്ഞു കഴിഞ്ഞാല്‍ പിന്നെ ആ സംസാരത്തെ ആവര്‍ത്തിച്ച് മനസില്‍ കൊണ്ടുവരും. സംസാരിക്കാന്‍ ഉപയോഗിച്ച ഓരോ വാക്കും പ്രത്യേകം എടുത്ത് പരിശോധിക്കും. പറഞ്ഞതില്‍ ഏന്തെങ്കിലും തെറ്റ് സംഭവിച്ചിട്ടുണ്ടോ എന്നാവും ചിന്ത. ആ പറഞ്ഞത് സംസാരിച്ച ആള്‍ക്ക് വിഷമമുണ്ടാക്കി കാണുമോ, അയാള്‍ തന്നേക്കുറിച്ച് എന്തു വിചാരിച്ചു കാണും എന്നൊക്കെ ഓര്‍ത്ത് തല പുണ്ണാക്കും. ആളുകളുമായി ഇടപഴകേണ്ട അവസരങ്ങള്‍ മനപ്പൂര്‍വം ഒഴിവാക്കും.
അപകര്‍ഷതാ ബോധം, വിമര്‍ശനങ്ങളെ നേരിടാന്‍ കഴിയാതെ വരിക, പരാജയ ഭീതി എന്നിവയാണ് സോഷ്യല്‍ ഫോബിയയുടെ പ്രധാന ലക്ഷണങ്ങള്‍. കൗമാരകാലത്തും പ്രായപൂര്‍ത്തി ആയതിനുശേഷവും സോഷ്യല്‍ ഫോബിയ ഉണ്ടാകാം. കൗമാരകാലത്ത് സോഷ്യല്‍ ഫോബിയ ഉള്ളവര്‍ ഉള്‍വലിഞ്ഞ സ്വഭാവത്തിന് ഉടമകളായിരിക്കും.
രണ്ടാമത്തെ ഗണത്തില്‍ പെടുന്നവര്‍ക്ക് മാനസിക സംഘര്‍ഷം, വിഷാദ രോഗം എന്നിവയും കൂടുതലായി കാണപ്പെടുന്നു. സോഷ്യല്‍ ഫോബിയ വ്യക്‌തി ജീവിതത്തെയും വിവാഹജീവിതത്തെയും കാര്യമായി ബാധിക്കും. ഭാര്യ മറ്റൊരു സ്വഭാവത്തിന് ഉടമയായിരുന്നാല്‍ ഇരുവര്‍ക്കും യോജിച്ചു പോവുക ബുദ്ധിമുട്ടായിരിക്കും. ചിലപ്പോള്‍ വിവാഹ മോചനത്തിനു വരെ കാരണമായേക്കാം. പൊതുവേ ശാന്തരായിക്കാണുന്ന ഇവര്‍ക്ക് ഇടിച്ചു കയറേണ്ട അവസരങ്ങളില്‍ അതിന് കഴിയാതെ വരുന്നു. ഇതിന്റെ ഫലമായി ഇവര്‍ പല ഘട്ടങ്ങളിലും പിന്തള്ളപ്പെടുന്നു. അതിനാല്‍ ചികിത്സ ആവശ്യമുള്ള ഒരു മാനസിക പ്രശ്‌നമാണിത്. ഈ രോഗം പാരമ്പര്യമായി ഉണ്ടാകുന്നതാണ്. സോഷല്‍ ഫോബിയയ്‌ക്ക് ഫലപ്രദമായ മരുന്നുകള്‍ ഇന്ന് ലഭ്യമാണ്. രോഗത്തിന്റെ തീവ്രതയെ ആശ്രയിച്ചിരിക്കും മരുന്ന് നല്‍കേണ്ട കാലാവധി. മരുന്ന് കഴിക്കുന്നതിനൊപ്പം പ്രത്യേക ബിഹേവിയറല്‍ തെറാപ്പിയുമുണ്ട്.