ഒരു കാര്യം മനുഷ്യര്‍ക്ക് നിലനിര്‍ത്താന്‍ അവകാശമുണ്ടെങ്കില്‍ അതുപോലെ തന്നെ ‘മറക്കാനും അവകാശമുണ്ട്’. കുറ്റവാളികളായുള്ള പഴയജീവിതത്തിന്റെ ശേഷിപ്പുകള്‍ വേട്ടയാടുന്നതിനെ തുടര്‍ന്ന് മുന്‍കുറ്റവാളികുടെ പരാതിയില്‍ പത്രം ആര്‍ക്കൈവുകള്‍ എടുത്തുകളഞ്ഞു. ഒഹായോയിലെ ഒരു വാര്‍ത്താ ഔട്ട്ലെറ്റ് ആയ പ്‌ളെയിന്‍ ഡീലര്‍ ആണ് പത്രങ്ങളുടെ പതിവ് പാരമ്പര്യം അട്ടിമറിച്ചിരിക്കുന്നത്. പഴയ സ്‌റ്റോറികള്‍ ഡിലീറ്റ് ചെയ്യുന്നതിനെ ‘മറക്കാനുള്ള അവകാശം’ എന്നാണ് അവര്‍ വിളിച്ചത്.
പ്രായശ്ചിത്തം ചെയ്യപ്പെട്ട കുറ്റകൃത്യങ്ങളെയോ തെറ്റിദ്ധാരണകളെയോ കുറിച്ചുള്ള പഴയ കഥകള്‍ പത്രങ്ങള്‍ നീക്കം ചെയ്യണമെന്ന വാദവുമായി എത്തിയിരിക്കുന്നത് ക്ലീവലാന്റ് ഡോട്ട് കോം ന്യൂസ്‌പോര്‍ട്ടലിന്റെയും പ്‌ളെയിന്‍ ഡീലര്‍ പത്രത്തിന്റെയും എഡിറ്റര്‍ ക്രിസ് ക്വിന്‍ ആണ്.
ഈ ആശയം പിന്നീട് ബോസ്റ്റണ്‍ ഗ്ലോബ്, അറ്റ്‌ലാന്റ ജേണല്‍-കോണ്‍സ്റ്റിറ്റിയൂഷന്‍, മൈനിലെ ബാംഗോര്‍ ഡെയ്ലി ന്യൂസ്, ഒറിഗോണിയന്‍, ന്യൂജേഴ്സിയിലെ എന്‍ജെ ഡോട്ട് കോം എന്നിവയിലേക്ക് വ്യാപിച്ചതായി ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ന്യൂസ്പേപ്പര്‍ ആര്‍ക്കൈവുകളില്‍ നിന്ന് പഴയ കഥകള്‍ പിന്‍വലിക്കുന്നതിനോ മായ്ക്കുന്നതിനോ വളരെക്കാലമായി വിലക്കപ്പെട്ടിരുന്നു. എന്നാല്‍ ഈ പതിവ് തെറ്റിച്ച് 2018 ല്‍ ആരംഭിച്ച ക്ലീവ്ലാന്‍ഡ് ഡോട്ട് കോമിലെ ഒരു ലേഖനത്തില്‍ തന്റെ ശ്രമങ്ങള്‍ക്ക് പിന്നിലെ ന്യായവാദം ക്വിന്‍ വിശദീകരിച്ചു.
”ആരോഗ്യമേഖലയില്‍ ഏര്‍പ്പെട്ടിരുന്ന ഒരാള്‍, തൊഴിലുടമയില്‍ നിന്ന് ചില മരുന്നുകള്‍ മോഷ്ടിച്ചു. അവള്‍ ശിക്ഷ പൂര്‍ത്തിയാക്കുക മാത്രമല്ല, സ്വയം പൂര്‍ണമായി പുനരധിവസിപ്പിക്കുകയും ചെയ്തുവെന്ന് ഒരു ജഡ്ജി ഒടുവില്‍ പ്രഖ്യാപിച്ചു. ”അവള്‍ക്ക് അവളുടെ ഹെല്‍ത്ത് കെയര്‍ ഫീല്‍ഡില്‍ ജോലി ചെയ്യാനുള്ള ലൈസന്‍സ് നഷ്ടപ്പെട്ടു. പക്ഷേ ഒരു പുതിയ കരിയര്‍ ആരംഭിക്കാന്‍ ശ്രമിച്ചപ്പോള്‍, അവളുടെ പേരുമായി ബന്ധപ്പെട്ട് ഏത് ഗൂഗിള്‍ സെര്‍ച്ചിലും അവളുടെ പഴയ കുറ്റകൃത്യത്തെക്കുറിച്ചുള്ള ഞങ്ങളുടെ കഥകളും അവളുടെ മഗ് ഷോട്ടും കൊണ്ടുവന്നു.
മറ്റൊരാള്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് കുറച്ച് സ്‌ക്രാപ്പ് മെറ്റല്‍ മോഷ്ടിക്കുകയും ശിക്ഷ പൂര്‍ത്തിയാക്കുകയും റെക്കോര്‍ഡ് സീല്‍ ചെയ്യുകയും ചെയ്തു. എന്നിട്ടും ഞങ്ങളുടെ കഥ അയാളെ ഇപ്പോഴും വേട്ടയാടുകയാണ്. കഥകള്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഈ ആളുകളില്‍ നിന്ന് തനിക്ക് പതിവായി ഫോണ്‍ കോളുകളും ഇമെയിലുകളും ലഭിക്കുന്നു. അനുകമ്പ പ്രകടിപ്പിക്കുന്നതിന് പകരം പാരമ്പര്യത്തില്‍ നിലകൊള്ളുന്നതില്‍ തനിക്ക് മടുത്തെന്ന് ക്രിസ്‌ക്വിന്‍ പറഞ്ഞു. ”എനിക്ക് ഇനി ഇത് സഹിക്കാന്‍ വയ്യ. ആളുകളോട് വേണ്ടെന്ന് പറയാന്‍ ഞാന്‍ മടുത്തു,” ഗാര്‍ഡിയന് നല്‍കിയ അഭിമുഖത്തില്‍ ക്രിസ്‌ക്വിന്‍ പറഞ്ഞു.