ബംഗളൂരുവിൽ നിന്ന് 175 കിലോമീറ്റർ അകലെയുള്ള ചാമരാജനഗറിൽ, ജനുവരി 6 ന്, 8 വയസ്സുള്ള ഒരു വിദ്യാർത്ഥി സ്കൂളിൽ ഹൃദയസ്തംഭനം മൂലം മരിക്കുകയുണ്ടായി . തന്റെ നോട്ട്ബുക്ക് ടീച്ചറെ കാണിക്കുന്നതിനിടയിൽ അവൾ ക്ലാസ് മുറിയിൽ തളർന്നുവീണു. ഉടൻ തന്നെ അവളെ ജെഎസ്എസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടി മരിച്ചിരുന്നു.
10 വയസ്സിന് താഴെയുള്ള കുഞ്ഞുങ്ങൾ പോലും ഹൃദയാഘാതത്തെ തുടർന്ന് മരിക്കുന്ന നിരവധി സന്ദർഭങ്ങളാണ് ഇന്ന് കാണാനാകുന്നത്. ഹൃദയം പെട്ടെന്ന് രക്തം പമ്പ് ചെയ്യുന്നത് നിർത്തുമ്പോഴാണ് ഹൃദയസ്തംഭനം ഉണ്ടാകുന്നത് . ഇത് പെട്ടെന്നുള്ള അബോധാവസ്ഥയിലേക്കും മരണത്തിലേക്കും നയിച്ചേക്കാം.
ഹൃദയ ധമനികളിലെ തടസ്സങ്ങൾ ഹൃദയപേശികളിലേക്കുള്ള രക്തയോട്ടം കുറയ്ക്കുകയും ഹൃദയാഘാതത്തിനും ഹൃദയസ്തംഭനത്തിനും കാരണമാവുകയും ചെയ്യും.
കുട്ടികളിൽ പെട്ടെന്നുള്ള ഹൃദയസ്തംഭനം അപൂർവമാണ്. 1,00,000 കുട്ടികളെ എടുത്താൽ അതിൽ 1 മുതൽ 3 വരെ കുട്ടികൾക്ക് മാത്രമേ ഇത്തരമൊരു രോഗ സാധ്യതയുള്ളൂവെന്ന് ഫരീദാബാദിലെ ഏഷ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ കാർഡിയോളജി സീനിയർ കൺസൾട്ടൻ്റ് ഡോ. പ്രതീക് ചൗധരി പറഞ്ഞു.
എന്നാൽ നിർഭാഗ്യമെന്നോണം സമഗ്രമായ വിലയിരുത്തലുകളും രോഗനിർണ്ണയ ശ്രമങ്ങളും ഉണ്ടായിരുന്നിട്ടും, പെട്ടെന്നുള്ള ഹൃദയസ്തംഭനത്തിന്റെ പകുതിയോളം കേസുകളും വിശദീകരിക്കാനാകാത്തതായി തുടരുന്നു. പെട്ടെന്നുള്ള ഹൃദയസ്തംഭനത്തിന്റെ പ്രധാന കാരണം ജനിതക ഘടകങ്ങളാണ്. മറ്റു കാരണങ്ങള്‍:-
മയോകാർഡിറ്റിസ്: ഹൃദയപേശികളെ ബാധിക്കുന്ന അണുബാധകൾ പേശികളുടെ താളം തെറ്റലിനും പെട്ടെന്നുള്ള ഹൃദയസ്തംഭനത്തിന് കാരണമായേക്കാം
ക്യാൻസർ: ചില മാരകരോഗങ്ങൾ ഹൃദയത്തെ നേരിട്ട് ബാധിക്കുന്നു.
ട്രോമ അല്ലെങ്കിൽ അപകടങ്ങൾ: ഗുരുതരമായ പരിക്കുകൾ
മയക്കുമരുന്ന് ദുരുപയോഗം: അല്ലെങ്കിൽ അവയുടെ അമിത അളവ് ശരീരത്തിൽ എത്തുന്നത്.
ഹൃദയമിടിപ്പിന്റെ ക്രമക്കേടുകൾ- 1 മുതൽ 35 വയസ്സുവരെയുള്ള വ്യക്തികളിൽ പെട്ടെന്നുള്ള ഹൃദയസ്തംഭനത്തിന്റെയും മരണത്തിന്റെയും ഏറ്റവും സാധാരണമായ കാരണം ഹൃദയ താളത്തിലെ തകരാറാണ്. ഇവ പലപ്പോഴും പാരമ്പര്യമായി ലഭിക്കുന്നതാണ്. മാതാപിതാക്കളിലോ മുത്തശ്ശിമാരിലോ ബന്ധുക്കളിലോ പെട്ടെന്നുള്ള മരണമോ ഹൃദയസ്തംഭനമോ കുടുംബ ചരിത്രമുള്ളവർക്കും പെട്ടെന്നുള്ള ഹൃദയാഘാത സാധ്യതയുണ്ടെന്ന് ഹൈദരാബാദിലെ ചന്ദാ നഗറിലെ അപ്പോളോ ക്ലിനിക്കിലെ കാർഡിയോളജിസ്റ്റ് ഡോ.ത്രിപ്തി ദേബ് പറഞ്ഞു.
“ഈ വ്യക്തികൾ 10 വയസ്സിന് മുമ്പ് ലിപ്പോപ്രോട്ടീൻ എ, ലിപിഡ് പ്രൊഫൈൽ ടെസ്റ്റ് എന്നിവയ്ക്കുള്ള അവരുടെ രക്തപരിശോധനകൾ നടത്തണം. കൂടാതെ പ്രാഥമികമായ പരിശോധനകൾക്കായി ഇടയ്ക്ക് ഡോക്ടറേ സമീപിക്കേണ്ടതുമാണ്.
കാർഡിയോമയോപ്പതികൾ: ഹൃദയപേശികളുടെ ഘടനാപരമോ പ്രവർത്തനപരമോ ആയ തകരാറുകൾ ഇതിൽ ഉൾപ്പെടുന്നു:
ഹൈപ്പർട്രോഫിക് കാർഡിയോമയോപ്പതി: ഹൃദയപേശികളിലെ വ്യതിയാനം ചെറുപ്പക്കാരുടെ പെട്ടെന്നുള്ള ഹൃദയമരണത്തിന്റെ പ്രധാന കാരണമാണ് .
ജന്മനായുള്ള പൂർണ്ണമായ ഹാർട്ട് ബ്ലോക്ക്: ഈ സന്ദർഭങ്ങളിൽ, ഹൃദയത്തിൻ്റെ മുകൾഭാഗം (ഏട്രിയ), താഴത്തെ (വെൻട്രിക്കിൾ) അറകൾ തമ്മിൽ ആശയവിനിമയം നടക്കുന്നില്ല. ഈ രോഗികൾക്ക് പെട്ടെന്ന് ഹൃദയസ്തംഭനം ഉണ്ടാകാനുള്ള സാധ്യതയുണ്ട്.
ഘടനാപരമായ അസാധാരണത്വങ്ങൾ: ഇതുപോലുള്ള അവസ്ഥകൾ
ഹൃദയ അറകൾ തമ്മിലുള്ള അസ്വാഭാവിക ബന്ധങ്ങൾ, വാൽവുകളുടെ സങ്കോചം, അല്ലെങ്കിൽ അയോർട്ടയുടെ കോർക്റ്റേഷൻ എന്നിവയും രോഗനിർണയം നടത്താത്തതോ ചികിത്സിച്ചില്ലെങ്കിലോ പെട്ടെന്നുള്ള മരണത്തിലേക്ക് നയിച്ചേക്കാം.
ഈ അവസ്ഥകൾ കണ്ടെത്തുന്നതിന് കാർഡിയോളജിസ്റ്റുകൾ, ജനിതക വിദഗ്ധർ, നൂതന ഡയഗ്നോസ്റ്റിക് ടൂളുകൾ എന്നിവ ഉൾപ്പെടുന്ന ഒരു മൾട്ടി ഡിസിപ്ലിനറി സമീപനം ആവശ്യമാണെന്ന് ഡോ ചൗധരി പറഞ്ഞു.