Lifestyle

ഇനി കറിയും വറുത്തതും വേണ്ട; മത്തി ചമ്മന്തിയാക്കിയും കഴിക്കാം

മത്തി മലയാളികള്‍ക്ക് ഒരു വികാരം തന്നെയാണ്. ചോറിന്റെ കൂടെ നല്ല മൊരിഞ്ഞ മത്തിയുംകൂട്ടി കഴിച്ചാല്‍ വേറെ കറികളൊന്നും വേണ്ട. എന്നാല്‍ സമൂഹ മാധ്യമങ്ങളില്‍ ഇപ്പോൾ വൈറലായിരിക്കുന്നത് മത്തി കൊണ്ടുള്ള ഒരു അടിപൊളി വിഭവമാണ്. സംഭവം മറ്റൊന്നുമല്ല മത്തികൊണ്ടുള്ള ഒരു ചമ്മന്തിയാണ് ഇത്.

അതിനായി മത്തി നന്നായി കഴുകി വൃത്തിയാക്കി എടുക്കുക. പിന്നീട് ഇതിലേക്ക് മഞ്ഞള്‍പൊടി മുളക് പൊടി, അല്‍പം വിനാഗിരി എന്നിവ ചേര്‍ത്ത് നന്നായി കുഴയ്ക്കുക. പത്ത് മിനിറ്റിന് ശേഷം അത് ഫ്രൈ ചെയ്ത് , തണുത്തതിന് ശേഷം മുള്ള് കളഞ്ഞ് മാംസം മാത്രമാക്കി മാറ്റുക.

പിന്നീട് മിക്‌സി ജാറില്‍ നാല് ഉള്ളി, ഒരുപിടി തേങ്ങ, വാളന്‍പുളി, കറിവേപ്പില ആവശ്യത്തിന് മുളക്‌പൊടി എന്നിവ ചേര്‍ത്ത് അടിച്ചെടുക്കുക. പിന്നീട് ഇതിലേക്ക് മത്തി ചേര്‍ത്ത് അടിച്ച് എടുക്കുക. നല്ല മത്തി ചമ്മന്തി റെഡി.

ലോകത്ത് തന്നെ ഏറ്റവും അധികം പിടിക്കപ്പെടുന്ന കടല്‍മത്സ്യമാണ് മത്തി. മീന്‍ പിടിത്തക്കാര്‍ക്ക് കിട്ടുന്ന മത്സ്യയിനങ്ങളില്‍ മൂന്നിലൊന്നുഭാഗവും മത്തിയാണ്. ഹെറിംഗ് മത്സ്യയിനങ്ങളില്‍ മൂന്നിലൊന്നും മത്തിയാണ്. സാര്‍ഡിനിയ ദ്വീപിനുസമീപം ഇവയെ കണ്ടെത്തിയതിനാലാണ് ഇംഗ്ലീഷില്‍ ഇവയെ സാര്‍ഡൈന്‍ എന്ന് വിളിക്കുന്നത്.

ലോകത്ത് അധികം മത്തി ലഭിക്കുന്നത് ആഫ്രിക്കന്‍ രാജ്യമായ മൊറോക്കോയുടെ തീരത്താണ്. അറ്റ്ലാന്റിക് , പസഫിക് സമുദ്രങ്ങളില്‍ മത്തി ധാരാളമായി കാണുന്നു.
ജൂണ്‍ ജൂലൈ മാസമാണ് മത്തിയുടെ പ്രജനന കാലം. ഇവ ജീവിതത്തില്‍ ഒരിക്കല്‍ മാത്രമാണ് മുട്ടയിടുക. ഒരു പെണ്‍മത്തി ശരാശരി അര ലക്ഷം മുട്ട ഇടാറുണ്ട്.

സസ്യാവശിഷ്ടങ്ങളില്‍ നിന്നാണ് ഇവ ആഹാരം കണ്ടെത്തുന്നത്. കാലവര്‍ഷമായാല്‍ മത്തി പറ്റംപറ്റമായി ഉള്‍ക്കടലില്‍ നിന്നു തീരക്കടലിലേക്ക് വരുന്നതും സാധാരണമാണ്. പ്രോട്ടീനിന്റെ കലവറയാണ് മത്തി. മെച്ചപ്പെട്ട ഹൃദയാരോഗ്യം നിലനിര്‍ത്താനായി സഹായിക്കുന്ന ഒമേഗ -4 ഫാറ്റി ആസിഡിനാല്‍ സമ്പുഷ്ടമാണിത്.
പതിവായി ഒമേഗ-3 ഫാറ്റി ആസിഡ് അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് അല്‍ഷൈമേഴ്‌സ് രോഗം വരാതിരിക്കാനായി സഹായിക്കുന്നുമെന്ന് സമീപ കാലപഠനങ്ങള്‍ പറയുന്നു

Leave a Reply

Your email address will not be published. Required fields are marked *