രാത്രിയിലുള്ള യാത്രകള്‍ പലപ്പോഴും വെല്ലുവിളികള്‍ നിറഞ്ഞതാണ്. കാറിന്റെ ഹെഡ്‌ലൈറ്റ് നല്ല കണ്ടീഷനിലല്ലെങ്കില്‍ പിന്നെ പറയുകയും വേണ്ട. കൃത്യമായി പ്രവര്‍ത്തിക്കാത്ത, മികച്ച പൊസിഷനില്‍ അല്ലാത്ത , പല കാരണങ്ങള്‍ മൂലം വെളിച്ചം നല്‍കാത്ത ഹെഡ് ലൈറ്റുകള്‍ ദുരിതയാത്രകള്‍ സമ്മാനിക്കും. ജീവന്‍വരെ അപകടത്തിലാക്കുന്ന അപകടങ്ങള്‍ക്ക് പോലും ഇത്തരം ഹെഡ്‌ലൈറ്റുകള്‍ കാരണമാകുന്നു.
ഹെഡ് ലൈറ്റുകള്‍ക്ക് മുന്നിലെ പാതയും തടസങ്ങളും വാഹനങ്ങളും കാണിച്ചു മാത്രമല്ല ജോലി. മറ്റ് വാഹനങ്ങൾക്ക് നമ്മുടെ വാഹനത്തിന്റെ സാന്നിധ്യം തിരിച്ചറിയാനും രാത്രികളില്‍ ഹെഡ്‌ലൈറ്റുകള്‍ സഹായകരമാവാറുണ്ട്.
ഹെഡ് ലൈറ്റ് ശരിയായ രീതിയില്‍ കത്താതിരിക്കുന്ന വാഹനങ്ങളില്‍ മറ്റ് വാഹനങ്ങള്‍ ഇടിച്ചുള്ള അപകടത്തിനും കൂടിയ സാധ്യതയുണ്ട്. നിങ്ങളുടെ രാത്രിയിലെ യാത്രകള്‍ സുരക്ഷിതമാക്കാനായി പല മാര്‍ഗങ്ങളുണ്ട്. ഹെഡ്‌ലൈറ്റ് വൃത്തിയോടെയല്ലേ ഇരിക്കുന്നതെന്ന് പരിശോധിക്കണം. ഹെഡ്‌ലൈറ്റിനകത്ത് പൊടികള്‍ കയറിയാല്‍ അത് പ്രകാശത്തിന്റെ അളവ് കുറയ്ക്കും. മഴക്കാലത്ത് അതില്‍ വെള്ളം കയറാനും തങ്ങി നില്‍ക്കാനുമുള്ള സാധ്യതയുണ്ട്. ഹെഡ്ലൈറ്റിൽ പൂപ്പല്‍ വരാനും വെളിച്ചം മങ്ങാനും സാധ്യതയുണ്ട് .
വാഹനത്തിന്റെ ഹെഡ്‌ലൈറ്റില്‍ ഹാലോജന്‍ ബൾബുകളാണെങ്കില്‍ അത് മാറ്റി എച്ച് ഐ ഡിയോ ആക്കി മാറ്റുന്നത് നല്ലതാണ്. ഹെഡ്‌ലൈറ്റില്‍ മാറ്റം വരുത്തുമ്പോള്‍ നിയമപരമായി അനുവദനീയമായ ലൈറ്റ് തന്നെയാണ് ഉപയോഗിക്കുന്നതെന്ന് ഉറപ്പിക്കണം. വാഹനത്തിന്റെ ഹെഡ്‌ലൈറ്റ് അലൈന്‍ ചെയ്തിരിക്കുന്നത് ശരായായിയാണോ എന്ന് പരിശോധിക്കണം. ഡ്രൈവര്‍ക്ക് കൃത്യമായ കാഴ്ച ലഭിക്കാതിരിക്കുക മാത്രമല്ല റോഡിലെ മറ്റ് വാഹനങ്ങളിലെ ഡ്രൈവര്‍മാരുടെ കാഴ്ചയെ തടസപ്പെടുത്താനും ഇത് കാരണമാകും.
ആവശ്യത്തിന് വെളിച്ചമില്ലാത്ത സ്ഥലങ്ങളിലൂടെ യാത്ര ചെയ്യേണ്ടി വരുന്നവരാണെങ്കില്‍ അധികം ലൈറ്റുകള്‍ ഘടിപ്പിക്കുന്നതും നല്ലതാണ്. ഹൈറേഞ്ചുകള്‍ പോലുള്ള മൂടല്‍ മഞ്ഞ് സ്ഥിരസാന്നിധ്യമായ പ്രദേശങ്ങളില്‍ പോവുമ്പോള്‍ ഫോഗ് ലൈറ്റ് വന്‍ ഗുണം ചെയ്യും. മൂടല്‍ മഞ്ഞ് സാധാരണ ഹെഡ്‌ലൈറ്റുകളില്‍ ദൂരക്കാഴ്ച്ച കുറയും. കാറിന്റെ ഇലക്ട്രിക്കല്‍ സിസ്റ്റം നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നുവെന്ന് പരിശോധിക്കണം.