തെന്നിന്ത്യന്‍ സിനിമയില്‍ തന്റേതായ ഒരു വ്യക്തിമുദ്ര നേടിയെടുത്ത താരമാണ് ശിവകാര്‍ത്തികേയന്‍. വര്‍ഷങ്ങള്‍ നീണ്ട പ്രയത്നത്തിലൂടെയാണ് താരം തമിഴ് സിനിമയില്‍ തന്റേതായൊരു സ്ഥാനം നേടിയത്. ഒരൊറ്റ മലയാള സിനിമയില്‍ പോലും അഭിനയിച്ചിട്ടില്ലെങ്കിലും ഇന്ന് തമിഴകത്തിന്റെ പ്രിയതാരം മലയാളികളുടെയും ഇഷ്ടതാരമാണ്. അവതാരകനായി കരിയര്‍ ആരംഭിച്ച ശിവകാര്‍ത്തികേയന്‍ ചെറിയ വേഷങ്ങളിലൂടെയാണ് സിനിമയില്‍ തന്റെ കരിയര്‍ തുടങ്ങിയത്. പിന്നീട് നായകനടനായി നിരവധി ഹിറ്റുകളും കൈയടികളും താരം സ്വന്തമാക്കി. അടുത്തിടെ ഇറങ്ങിയ താരത്തിന്റെ മിക്ക ചിത്രങ്ങളും വന്‍ വിജയം നേടിയിരുന്നു.
സിനിമ മോഹിച്ച് നടക്കുന്നവര്‍ക്ക് ശരിക്കും ഇന്‍സ്പെയറിങ്ങാണ് ശിവകാര്‍ത്തികേയന്റെ വളര്‍ച്ച. ഇപ്പോള്‍ മികച്ച സിനിമകളുടെ ഒരു പട്ടിക എടുത്താല്‍ അതില്‍ താരത്തിന്റെ ഒരു സിനിമയുണ്ടാകുമെന്നത് ഉറപ്പാണ്.
ഇപ്പോഴിതാ ഒരു സാധാരണക്കാരനായി വെള്ളിത്തിരയിലേക്ക് കടന്നുവന്നതില്‍ താന്‍ ചില പരിഹാസങ്ങളും മുറുമുറുപ്പുകളും നേരിട്ടിട്ടുണ്ടെന്ന് തുറന്നുപറയുകയാണ് ശിവകാര്‍ത്തികേയന്‍.
‘തമിഴ് സിനിമയിലേക്ക് സിനിമാ ബന്ധങ്ങള്‍ ഒന്നും ഇല്ലാതെ, ഒരു സാധാരണക്കാരന്‍ കടന്നു വരുന്നതില്‍ പലര്‍ക്കും അത്ര സന്തോഷമില്ല.
ചിലര്‍ എന്റെ മുഖത്ത് നോക്കി പോലും ചോദിച്ചിട്ടുണ്ട്, നീയൊക്കെയാരാ? ഇവിടെയെന്താ പരിപാടിയെന്നൊക്കെ. എന്നാല്‍ ഞാന്‍ അതിനൊന്നും മറുപടി പറയാന്‍ പോയിട്ടില്ല. എന്റെ വിജയമാണവര്‍ക്കുള്ള മറുപടി എന്നുപോലും ഞാന്‍ പറയാനില്ല. എന്റെ വിജയം സമര്‍പ്പിക്കുന്നത് തന്നെ സ്‌നേഹിക്കുന്നവര്‍ക്ക് മാത്രമാണ്.
കഴിഞ്ഞു പോയ അഞ്ച് വര്‍ഷങ്ങള്‍ ഒരുപാട് പ്രയാസമേറിയവയായിരുന്നു. സിനിമ പോലും ഉപേക്ഷിച്ച് പോകാന്‍ ഒരുങ്ങിയപ്പോള്‍ ഭാര്യയാണ് പിന്തുണ നല്‍കിയത്. പണവും വലിയ വിജയങ്ങളും കൂടിച്ചേരുന്ന മേഖലകളിലെല്ലാം ഇത്തരം പ്രശ്ങ്ങളുണ്ടാവും. ഒന്നെങ്കില്‍ അതിനെ നേരിടുക അല്ലെങ്കില്‍ നിര്‍ത്തി പോകുക എന്നത് മാത്രമേ ചെയ്യാനുള്ളൂ… ‘ ശിവകാര്‍ത്തികേയന്‍ പറഞ്ഞു. ഹോളിവുഡ് റിപ്പോര്‍ട്ടര്‍ ഇന്ത്യക്ക് കൊടുത്ത പ്രത്യേക അഭിമുഖത്തിലാണ് താരത്തിന്റെ വെളിപ്പെടുത്തല്‍.
വെങ്കട്ട് പ്രഭുവിന്റെ സംവിധാനത്തില്‍ വിജയ് ഇരട്ട വേഷത്തിലെത്തിയ ചിത്രമായ ഗോട്ടിനെക്കുറിച്ചും താരം പറയുന്നു. വിജയ് തോക്ക് കൈമാറുന്ന സീനിനെക്കുറിച്ചാണ് താരം പറഞ്ഞത്. ചിത്രത്തിന്റെ ക്ലൈമാക്‌സ് സീനില്‍ ‘തുപ്പാക്കി പുടിങ്ക ശിവ’ എന്നു പറഞ്ഞ് വിജയ് ശിവകാര്‍ത്തികേയന്റെ കഥാപാത്രത്തിന് തോക്ക് കൈമാറുന്നത് സിനിമയില്‍ നിന്നും രാഷ്ട്രീയത്തിലേക്ക് കടക്കുന്ന വിജയ്യുടെ അധികാര കൈമാറ്റമായാണ് ആരാധകര്‍ മനസ്സിലാക്കിയത്. എന്നാല്‍ അത്തരം ഒരു വ്യഖ്യാനം ഈ സീനിന് ഉണ്ടെന്ന് തനിക്ക് അറിയുമായിരുന്നില്ലെന്നും അറിഞ്ഞിരുന്നെങ്കില്‍ അതിന് താന്‍ സമ്മതിക്കുക ഇല്ലായിരുന്നെന്നും താരം പറയുന്നു.
‘വിജയ് സാറിന് എന്നോടുള്ള സ്‌നേഹം മാത്രമാണ് ആ സീന്‍. അത് മാത്രമേ ആ സീനില്‍ നിന്ന് എനിക്ക് എടുക്കാന്‍ സാധിക്കുകയുള്ളൂ. അല്ലാതെ അടുത്ത നിമിഷം മുതല്‍ അദ്ദേഹം എന്താണോ ചെയ്തു കൊണ്ടിരുന്നത് അത് ഞാന്‍ ചെയ്യും എന്നയിരുന്നില്ല അതിന്റെ അര്‍ത്ഥം. അദ്ദേഹം എന്താണ് ചെയ്തിരിക്കുന്നത്, അടുത്തതായി അദ്ദേഹം എന്താണ് ചെയ്യുന്നത് എന്നതെല്ലാം അദ്ദേഹത്തിന്റേത് തന്നെയാണ്.
എത്രയും പെട്ടെന്ന് അതെല്ലാം ഏറ്റെടുത്ത് എനിക്ക് ചെയ്യാന്‍ സാധിക്കും എന്നെനിക്ക് പറയാന്‍ പറ്റില്ല. നിങ്ങള്‍ ആ സീന്‍ മാത്രം എടുത്തു കാണുകയാണെങ്കില്‍ ചിലപ്പോള്‍ നിങ്ങള്‍ക്ക് തോന്നിയേക്കാം അദ്ദേഹം എനിക്ക് ആ സ്ഥാനം കൈമാറുകയാണ് എന്ന്. പക്ഷേ ഞാന്‍ അതിനെ അങ്ങനെയല്ല കാണുന്നത്. ആ സീന്‍ ചെയ്യുന്നതിന് മുമ്പ് ഞാന്‍ അത് മനസ്സിലാക്കിയിരുന്നുവെങ്കില്‍ ഇങ്ങനെ ചെയ്യരുതെന്ന് ഞാന്‍ പറയുമായിരുന്നു. അതൊരു തമാശ നിറഞ്ഞ സീന്‍ ആയിരുന്നു. ആ സീനിന് അങ്ങനെയൊരു അര്‍ത്ഥം ഉണ്ടെന്ന് എനിക്ക് അറിയാം. പക്ഷേ ഞാന്‍ അതിനെ അങ്ങനെ കാണുന്നില്ല.
ഞാന്‍ ചിന്തിച്ചത് വിജയ് സാര്‍ അദ്ദേഹത്തിന് എന്നോടുള്ള സ്‌നേഹം പങ്കുവയ്ക്കുന്നു എന്നു മാത്രമാണ്. ഞാന്‍ ഇത്ര വര്‍ഷം എന്താണോ ചെയ്തത് അതിനെ അദ്ദേഹം അഭിനന്ദിക്കുന്നു എന്ന തരത്തിലാണ് ഞാന്‍ അതിനെ കണ്ടത്. എല്ലാവരും അഭിനന്ദിക്കുന്ന തരത്തില്‍ കുറച്ചു കൂടി പരിശ്രമിച്ച് മികച്ച സിനിമകള്‍ ചെയ്യണം എന്നാണ് എനിക്ക്. എന്റെ സിനിമകള്‍ മികച്ച കളക്ഷന്‍ ഉണ്ടാക്കണം, എന്റെ നിര്‍മാതാക്കള്‍ക്ക് അതില്‍ നിന്നും ലാഭം ഉണ്ടാകണം. അത് മാത്രമാണ് ആ സീനില്‍ നിന്നും ഞാന്‍ കണ്ടെത്തിയത്. മറ്റൊന്നുമില്ല അതില്‍.
അദ്ദേഹം പ്രയത്‌നിച്ച് നേടിയതാണ് അദ്ദേഹത്തിനുള്ളതെല്ലാം. 32 വര്‍ഷത്തെ അദ്ദേഹത്തിന്റെ കഠിന പരിശ്രമം ആണത്. അഭിനന്ദനവും, അപമാനവും, കഷ്ടപ്പാടും, ഉയര്‍ച്ചയും, താഴ്ച്ചയും എല്ലാം സഹിച്ച് അദ്ദേഹം സ്വയം കെട്ടിപ്പടുത്തതാണ് അദ്ദേഹത്തിന്റെ കരിയര്‍. എനിക്കുള്ളത് ഞാനാണ് കെട്ടിപ്പടുക്കേണ്ടത്… ‘ ശിവ കാര്‍ത്തികേയന്‍ പറയുന്നു.
അമരന്‍ എന്ന ചിത്രത്തിന്റെ ചിത്രീകരണ സമയം ശിവകര്‍ത്തികേയനെതിരെ വലിയ രീതിയില്‍ അധിക്ഷേപങ്ങള്‍ വന്നിരുന്നു. സിനിമയില്‍ അവസരം ലഭിക്കാന്‍ സഹായിച്ചവരോട് നടന് നന്ദിയില്ല, സംഗീത സംവിധായകന്‍ ഡി ഇമാന്റെ വിവാഹ മോചനത്തില്‍ താരത്തിന് പങ്കുണ്ട് എന്ന ആരോപണങ്ങള്‍ പ്രധാനമായും കേട്ടിരുന്നു.