Movie News

എന്റെ സിനിമകള്‍ക്ക് ഓസ്‌ക്കര്‍ കിട്ടില്ല ; കാരണം അതില്‍ ഇന്ത്യാവിരുദ്ധതയില്ല ; തങ്ങള്‍ ദേശീയവാദികളെന്ന് കങ്കണ

നല്ലതാണോ മോശമാണോ എന്നൊന്നും നോക്കാതെ വായില്‍തോന്നുന്നത് വിളിച്ചുപറയാന്‍ ഒരു മടിയുമില്ലാത്തയാളാണ് നടിയും പാര്‍ലമെന്റംഗവുമായ നടി കങ്കണാറാണത്ത്. അതൊക്കെ ആരെയൊക്കെ ബാധിക്കുമെന്നോ എങ്ങിനെയാണ് കൊള്ളുന്നതെന്നോ നടി ആലോചിക്കാറില്ല. നടിയുടെ ഏറ്റവും പുതിയ പ്രസ്താവന ഓസ്‌ക്കറിന് തെരഞ്ഞെടുക്കുന്ന ഇന്ത്യന്‍ സിനിമകളെക്കുറിച്ചാണ്. ഇന്ത്യാ വിരുദ്ധ കണ്ടന്റുകള്‍ ഉള്‍ക്കൊള്ളുന്നവയാണ് ഓസ്‌ക്കറിനായി മിക്കവാറും തെരഞ്ഞെടുക്കുന്ന സിനിമകള്‍ എന്നാണ് നടി പറയുന്നത്.

ടൈംസ് നൗവിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് നടി ഓസ്‌ക്കറിനെക്കുറിച്ച് പറഞ്ഞത്. രാജ്യത്തെ മോശമായി ചിത്രീകരിക്കുന്ന ചിത്രങ്ങളാണ് അക്കാദമി അവാര്‍ഡിന് പരിഗണിക്കുന്നതെന്ന് പറഞ്ഞ കങ്കണ സ്ലംഡോഗ് മില്യണയറിനെ പരാമര്‍ശിച്ചു. ഇന്ത്യയെ ഒരു ‘ഷിത്തോള്‍’ ആക്കുന്ന സിനിമകള്‍ ഓസ്‌കാറില്‍ മുന്നോട്ട് പോകുമെന്നും കൂട്ടിച്ചേര്‍ത്തു. സാധാരണ ഓസ്‌ക്കറിനായി അവര്‍ ഇന്ത്യയ്ക്ക് മേല്‍ വെയ്ക്കുന്ന ഒരു അജണ്ഡ വ്യത്യസ്തമാണ്. സ്ലംഡോഗ് മില്യണയര്‍ പോലെയുള്ളവ രാജ്യത്തെ മോശമാക്കുന്നു.

”ഓസ്‌കാറിന് എന്ത് തിരഞ്ഞെടുത്താലും അത് ഇന്ത്യ വിരുദ്ധമാണ്. ലഗാന്‍, ആര്‍ആര്‍ആര്‍ തുടങ്ങിയ സിനിമകള്‍ അക്കാഡമി അവാര്‍ഡുകളില്‍ മുഴങ്ങിക്കേട്ടിട്ടുണ്ട്, ഈ സിനിമകളില്‍ ഇന്ത്യക്കെതിരായി ഒന്നുമില്ല. ഈ വര്‍ഷം ലാപാത ലേഡീസ് ഓസ്‌കാറിനായി അയച്ചിരുന്നു, നിരവധി പോരായ്മകളും വിവാദങ്ങളും ഉണ്ടായിരുന്നിട്ടും, സിനിമ രാജ്യത്തെ മോശമായി കാണിക്കുന്നില്ല. ആര്‍ആര്‍ആറിലൂടെ രാജമൗലി ഇന്ത്യന്‍ സിനിമയെ ഒരിക്കല്‍ കൂടി അന്തര്‍ദേശീയ തലത്തിലേക്ക് ഉയര്‍ത്തി. അദ്ദേഹത്തിന്റെ മഹേഷ് ബാബു ചിത്രം അന്താരാഷ്ട്ര തലത്തിലും ആഘോഷിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. അവനെക്കുറിച്ച് മോശമായി അഭിപ്രായം പറയുന്നത് അദ്ദേഹത്തിന്റെ വിജയത്തെ ദുര്‍ബലപ്പെടുത്തുന്നില്ല.” നടി പറഞ്ഞു.

”അതേസമയം തന്റെ സിനിമയായ അടിയന്തരാവസ്ഥയും ഒരു അന്താരാഷ്ട്ര സിനിമയാണ്. എന്നാല്‍ ഓസ്‌ക്കറിന് പോകുന്നത് പോലെയുള്ള ഒരു സിനിമയല്ല അത്. ഇന്ത്യയുടെ ഇപ്പോഴത്തെ സ്ഥിതിയെ കാണിക്കുന്നതാണ്. അതുകൊണ്ടു തന്നെ ജിയോപൊളിറ്റിക്‌സ് എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്ന് എനിക്കറിയാം, ഈ സിനിമയ്ക്ക് ഇന്ത്യന്‍ അവാര്‍ഡുകളോ പാശ്ചാത്യ അവാര്‍ഡുകളോ എനിക്ക് പ്രശ്നമല്ല. ഇത് മികച്ച രീതിയില്‍ നിര്‍മ്മിച്ച ഒരു സിനിമയാണ്. അതേ സമയം ദേശീയവാദികളായ ഞങ്ങള്‍, ഈ അവാര്‍ഡ് ഫംഗ്ഷനുകളില്‍ വലിയ പ്രതീക്ഷ വെയ്ക്കുന്നില്ല.” നടി പറഞ്ഞു.