Crime

1.4 ദശലക്ഷം ഡോളര്‍ അടിച്ച ലോട്ടറി ഉടമയ്ക്ക് നല്‍കാതെ ബന്ധുവിനെ വിട്ട് ലോട്ടറിക്കാരന്‍ പണം വാങ്ങി- നിയമപോരാട്ടം


അടിച്ച ലോട്ടറി മറ്റൊരാള്‍ വാങ്ങിയെന്ന് അവകാശപ്പെട്ട് കോടതിയില്‍ പോയയാള്‍ വിജയിച്ചു. 10 മില്യണ്‍ യുവാന്‍ (1.4 മില്യണ്‍ യുഎസ് ഡോളര്‍) സമ്മാനത്തുക അടിച്ച യാവോ എന്നയാളാണ് കോടതിയില്‍ എത്തിയത്. അഞ്ച് വര്‍ഷത്തെ പോരാട്ടം നടത്തിയിട്ടും പക്ഷേ പണം ഇയാളുടെ കൈവശം വന്നു ചേര്‍ന്നിട്ടില്ല. സ്ഥിരമായി ലോട്ടറി ടിക്കറ്റ് വാങ്ങുന്ന യാവോയുമായി ബന്ധപ്പെട്ട വിവാദം വടക്കുപടിഞ്ഞാറന്‍ ചൈനയിലെ സിയാനിലാണ് അരങ്ങേറിയത്. സംഭവം ചൈനീസ് സോഷ്യല്‍ മീഡിയയിലും വന്‍ ചര്‍ച്ചയായി മാറിയിട്ടുണ്ട്.

2019 ജൂലായ് 17-ന്, തനിക്ക് രണ്ട് ടിക്കറ്റുകള്‍ വാങ്ങാമെന്ന് വിശ്വസിച്ച് യാവോ 20 യുവാന്‍ വാങ് എന്ന് പേരുള്ള ഒരു ലോട്ടറി കച്ചവടക്കാരന് നല്‍കി. യാവോയുടെ വാങ്ങല്‍ സ്ഥിരീകരിച്ച് ഇയാള്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം വഴി ടിക്കറ്റിന്റെ ഫോട്ടോകള്‍ അയയ്ക്കുകയും ചെയ്തിരുന്നു. അന്ന് വൈകുന്നേരം, യാവോയുടെ ടിക്കറ്റുകളിലൊന്നിന് 10 ദശലക്ഷം യുവാന്‍ അടിക്കുകയും ചെയ്തു. എന്നാല്‍ ആവേശഭരിതനായ യാവോ ടിക്കറ്റ് എടുക്കാന്‍ ലോട്ടറി സ്റ്റേഷനിലേക്ക് പോയപ്പോള്‍, അത് യഥാര്‍ത്ഥത്തില്‍ മറ്റാരോ വാങ്ങിയതാണെന്നും താന്‍ യാവോയ്ക്ക് അയച്ചത് തെറ്റായ ലോട്ടറി ടിക്കറ്റ് ആയിരുന്നെന്നും നഷ്ടപരിഹാരമായി 150,000 യുവാന്‍ (20,000 ഡോളര്‍) യാവോയ്ക്ക് നല്‍കുമെന്ന് കരാറുമുണ്ടാക്കി.

യാവോ കരാര്‍ രേഖയില്‍ ഒപ്പിട്ടതിന് ശേഷം അവരുടെ എല്ലാ ഓണ്‍ലൈന്‍ ചാറ്റ് റെക്കോര്‍ഡുകളും ഡിലീറ്റ് ചെയ്യാന്‍ തന്റെ മൊബൈല്‍ വാങിന് കൈമാറി. രണ്ട് മാസത്തിന് ശേഷം, തര്‍ക്കത്തിലുള്ള ടിക്കറ്റുമായി സമ്മാനം വാങ്ങാന്‍ പോയത് ലോട്ടറി കച്ചവടക്കാരനായ വാങിന്റെ ബന്ധുവായ ഗാവോ ആയിരുന്നെന്ന് യാവോ കണ്ടെത്തി. 2019 സെപ്റ്റംബറില്‍ ഷാങ്‌സി പ്രൊവിന്‍ഷ്യല്‍ ലോട്ടറി മാനേജ്‌മെന്റ് സെന്ററില്‍ നിന്ന് നികുതി കഴിച്ചശേഷം ഗാവോയ്ക്ക് എട്ട് മില്യണ്‍ യുവാന്‍ (ഒരു മില്യണ്‍ യുഎസ് ഡോളര്‍) സമ്മാനത്തുക ലഭിച്ചതായും യാവോ മനസ്സിലാക്കി.

തുടര്‍ന്ന് യാവോ ലോട്ടറി സമ്മാനജേതാവ് താനാണെന്ന് പ്രഖ്യാപിക്കണമെന്നും സമ്മാനത്തുക തനിക്ക് കിട്ടണമെന്നും ആവശ്യപ്പെട്ട് കോടതിയില്‍ പോയി. കോടതി ഗാവോ സമ്മാനം യാവോയ്ക്ക് തിരികെ നല്‍കണമെന്നും വാങ് ഇതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കണമെന്നും ആവശ്യപ്പെട്ടു. ഗാവോ അപ്പീല്‍ നല്‍കി, ഈ വര്‍ഷം ജൂലൈയില്‍, സിയാന്‍ ഇന്റര്‍മീഡിയറ്റ് പീപ്പിള്‍സ് കോടതി, ഗാവോ ലോട്ടറി ടിക്കറ്റ് വാങ്ങിയതിന് തെളിവുകളൊന്നും ഇല്ലെന്ന വസ്തുതയെ അടിസ്ഥാനമാക്കി, പ്രാഥമിക വിധി ശരിവെയ്ക്കുകയും ചെയ്തു. കേസില്‍ താന്‍ വിജയിച്ചെങ്കിലും തനിക്ക് തൃപ്തിയില്ലെന്ന് യാവോ പറഞ്ഞു. ഇവരുടെ ബാങ്ക് അക്കൗണ്ടുകള്‍ കോടതി മരവിപ്പിച്ചെങ്കിലും ഈ അക്കൗണ്ടുകളില്‍ പണമില്ല.

ഇതോടെ വാങിന്റെയും ഗാവോയുടെയും വീടുകള്‍ ലേലത്തിന് വെച്ചിട്ടുണ്ടെങ്കിലും ഇതുവരെ വാങ്ങുന്നവരെ ആകര്‍ഷിച്ചിട്ടില്ല. 40 കാരനായ യാവോ പ്രതിമാസം 3,000 യുവാന്‍ മാത്രം ശമ്പളമുള്ള ഒരു വാട്ടര്‍ ഡെലിവറി തൊഴിലാളിയാണ്. ലോട്ടറി സമ്മാനം എവിടെയാണെന്ന് അന്വേഷിക്കാന്‍ അധികാരികള്‍ക്ക് കോടതിയില്‍ അപേക്ഷിക്കാന്‍ ആലോചിക്കുന്നതായി അദ്ദേഹത്തിന്റെ അഭിഭാഷകന്‍ യു ഷെങ്‌സിയു പറഞ്ഞു. ഓണ്‍ലൈനില്‍ നിരവധി ആളുകള്‍ പ്രതികരണവുമായി എത്തിയിട്ടുണ്ട്. അത്യാഗ്രഹിക്ക് ഉള്ളതുകൂടി പോകുമെന്നാണ് പ്രതികരണങ്ങള്‍.


Leave a Reply

Your email address will not be published. Required fields are marked *