‘യേശുക്രിസ്തു’ എപ്പോഴെങ്കിലും ഇന്ത്യയില്‍ വന്നിട്ടുണ്ടോ? കശ്മീരിലെ പ്രഹേളികയായ റോസ ബാല്‍ ദേവാലയത്തെ ചുറ്റിപ്പറ്റിയുള്ള ചില കൗതുകങ്ങളിലൊന്നാണ് ഈ ചോദ്യം. ശ്രീനഗറിലെ ഖന്‍യാര്‍ ക്വാര്‍ട്ടറില്‍ സ്ഥിതി ചെയ്യുന്ന ദേവാലയം കാശ്മീരിലെ ഒരു പ്രധാന സ്ഥലമാണ്. ഈ കൗതുകകരമായ കാര്യം വര്‍ഷങ്ങളായി തീയോളജീഷ്യന്മാരുടെ തീവ്രമായ ചര്‍ച്ചയ്ക്കുള്ള വിഷയമാണ്.
1899-ല്‍ അഹമ്മദിയ പ്രസ്ഥാനത്തിന്റെ സ്ഥാപകനായ മിര്‍സ ഗുലാം അഹ്മദാണ് ഇത് യഥാര്‍ത്ഥത്തില്‍ യേശുവിന്റെ ശവകുടീരമാണെന്ന് അവകാശപ്പെട്ട് ചര്‍ച്ചകള്‍ തുടങ്ങിവെച്ചത്. കശ്മീരിലെ ശ്രീനഗറിലെ ഒരു ശവകുടീരം യേശുക്രിസ്തുവിന്റേതാണെന്ന് ആദ്യം അവകാശപ്പെട്ട അദ്ദേഹം 1908-ല്‍ ഉര്‍ദുവില്‍ പ്രസിദ്ധീകരിക്കുകയും 1944-ല്‍ ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്യുകയും ചെയ്ത ‘ജീസസ് ഇന്‍ ഇന്ത്യ’ എന്ന തന്റെ പുസ്തകത്തില്‍ അദ്ദേഹം ഇതിനെക്കുറിച്ച് വിശദമായി എഴുതി. യേശു കുരിശുമരണത്തെ അതിജീവിക്കുകയും പിന്നീടുള്ള വര്‍ഷങ്ങള്‍ കശ്മീരില്‍ ചിലവഴിക്കുകയും ചെയ്‌തെന്നാണ് അദ്ദേഹത്തിന്റെ ആശയം.
ഈ സിദ്ധാന്തം ദേവാദലയത്തിന്റെ ചരിത്രവും പ്രാധാന്യവും പര്യവേക്ഷണം ചെയ്യാന്‍ ഉത്സുകരായ ലോകത്തുടനീളമുള്ള അനേകം സന്ദര്‍ശകരെ കശ്മീരിലേക്ക് ആകര്‍ഷിക്കുന്നു. ഈ ആശയത്തിന് കീഴില്‍ ദേവാലയം പ്രദേശവാസികളുടെ ആദരണീയമായ സ്ഥലവും ചരിത്രകാരന്മാര്‍ക്കും പണ്ഡിതന്മാര്‍ക്കും ഇടയില്‍ ഒരു സംവാദ വിഷയമായി തുടരുകയാണ്. അതേസമയം ഈ അവകാശവാദങ്ങള്‍ ക്രിസ്ത്യാനികളുടെ മതഗ്രന്ഥമായ ബൈബിളിനു വിരുദ്ധമാണ്. യേശുവിനെ ക്രൂശിക്കുകയും ജറുസലേമിന് പുറത്തുള്ള ശവകുടീരത്തില്‍ അടക്കം ചെയ്യുകയും ചെയ്തു എന്ന് ബൈബിള്‍ പറയുമ്പോള്‍ അഹ്മദ് പറയുന്നതനുസരിച്ച്, യേശു ക്രൂശീകരണത്തെ അതിജീവിച്ചു, ഇന്ത്യയിലെത്തി 120 വരെ ജീവിച്ചു എന്നാണ്.
‘വിശുദ്ധ ഈസാ യുടെ ജീവിതം’ എന്ന ബുദ്ധിസ്റ്റ് കയ്യെഴുത്തുപ്രതി യേശുവിന്റെ 13 മുതല്‍ 28 വയസ്സുവരെയുള്ള യേശുക്രിസ്തുവിന്റെ നഷ്ടമായ വര്‍ഷങ്ങളുടെ സൂചനകള്‍ നല്‍കുന്നുണ്ട്. ഈ വാദഗതികള്‍ മുന്‍ നിര്‍ത്തി ക്രൂശ് മരണത്തില്‍ നിന്നും യേശുക്രിസ്തു സില്‍ക്ക്‌റൂട്ടുവഴി ഇന്ത്യയില്‍ പഞ്ചാബ്, രാജസ്ഥാന്‍ വടക്കേഇന്ത്യ, നേപ്പാള്‍, ടിബറ്റ്, ലഡാക്ക് എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തിയിരിക്കാം എന്ന നിരീക്ഷണങ്ങളുണ്ട്. വിവാദങ്ങള്‍ക്കിടയിലും ദേവാലയം പ്രദേശത്തെ വിശ്വാസങ്ങളുടെയും പാരമ്പര്യങ്ങളുടെയും പരസ്പര ബന്ധത്തിന്റെയും വലിയ ഉദാഹരണമായി നിലനില്‍ക്കുന്നു. ഹിന്ദുമതം, ഇസ്ലാം, ക്രിസ്തുമതം, ബുദ്ധമതം എന്നിവയുടെ അനുയായികളുടെ ഒരു പുണ്യസ്ഥലമായി റോസ ബാല്‍ ദേവാലയം നിലനില്‍ക്കുന്നു.