ലോകത്തിലെ ഏറ്റവും ഫാഷനബിള്‍ സെലിബ്രിറ്റികളില്‍ ഒരാളാണ് ബോളിവുഡ് താരം പ്രിയങ്ക ചോപ്ര ജോനാസ് എന്ന് പറയാം. ഏത് വേഷവും ഭംഗിയായി തിരഞ്ഞെടുത്ത് ധരിയ്ക്കുന്നതില്‍ താരം പ്രത്യേക ശ്രദ്ധ കൊടുക്കാറുണ്ട്. വസ്ത്രങ്ങള്‍ക്ക് മാത്രമല്ല അതോടൊപ്പം അണിയുന്ന അക്സസറീസും വളരെ ശ്രദ്ധയോടെ തന്നെയാണ് പ്രിയങ്ക തിരഞ്ഞെടുക്കാറുള്ളത്. പരമ്പരാഗത സാരിയായാലും ആധുനിക ഡിസൈനര്‍ ഗൗണായാലും താരം വളരെ മനോഹരമായാണ് ധരിയ്ക്കാറുള്ളത്.
ബള്‍ഗാരിയുടെ 140-ാം വാര്‍ഷിക പരിപാടിയില്‍ എത്തിയ പ്രിയങ്കയുടെ ലുക്കാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിയ്ക്കുന്നത്. താരം ധരിച്ച ഒരു ഡയമണ്ട് നെക്ലേസാണ് എടുത്തു പറയേണ്ടത്. ഈ നെക്ലേസ് വെറുമൊരു ആഭരണമല്ല. ലോകത്തിലെ ഏറ്റവും പ്രശസ്തമായ ആഡംബര ജ്വല്ലറി ബ്രാന്‍ഡുകളിലൊന്നായ ബള്‍ഗാരിയുടെ എക്‌സ്‌ക്ലൂസീവ് റോമന്‍ ശേഖരത്തിന്റെ ഭാഗമാണ് സെര്‍പെന്റി എറ്റെര്‍ന എന്ന് പേരിട്ട ഈ നെക്ലേസ്. നെക്ലേസിനെ കുറിച്ച് പറയുകയാണെങ്കില്‍, നിരവധി പിയര്‍ ആകൃതിയിലുള്ള വജ്രങ്ങളാണ് ഇതില്‍ ഉണ്ടായിരുന്നത്. 140 കാരറ്റ് ഭാരമുള്ള ഈ നെക്ലേസ് ഇതുവരെ നിര്‍മ്മിച്ചതില്‍ വച്ച് ഏറ്റവും വിലപിടിപ്പുള്ള നെക്ലേസുകളില്‍ ഒന്നായാണ് കണക്കാക്കപ്പെടുന്നത്.
ഈ നെക്ലേസിനെ കൂടുതല്‍ അതിശയിപ്പിക്കുന്നത് അതില്‍ പതിച്ചിരിക്കുന്ന വജ്രങ്ങളുടെ എണ്ണമാണ്. ഏഴ് വലിയ പിയര്‍ ആകൃതിയിലുള്ള വജ്രങ്ങള്‍ക്കൊപ്പം, 61.81 കാരറ്റ് ഭാരമുള്ള 698 ബാഗെറ്റ് വജ്രങ്ങളും, മറ്റ് നിരവധി ചെറിയ വജ്രങ്ങളും കൊണ്ടാണ് നെക്ലേസ് അലങ്കരിച്ചിരിക്കുന്നത്. ഇതിന്റെ ആകെ മൂല്യം 40 ദശലക്ഷം യൂറോ ആണെന്ന് കണക്കാക്കപ്പെടുന്നു. നെക്ലേസിനു പുറമെ പ്രിയങ്ക ചോപ്ര അതിന് ചേരുന്ന കമ്മലുകളും അണിഞ്ഞിരുന്നു. ഈ പുത്തന്‍ ലുക്കിലൂടെ താന്‍ വെറുമൊരു നടി മാത്രമല്ല ഫാഷന്‍ ലോകത്തെ ട്രെന്‍ഡ്സെറ്റര്‍ ആണെന്ന് പ്രിയങ്ക ചോപ്ര ജോനാസ് ഒരിക്കല്‍ കൂടി തെളിയിച്ചിരിയ്ക്കുകയാണ്.