Crime

ട്രെയിനില്‍ യുവതിയുടെ വസ്ത്രത്തിന് തീ പിടിപ്പിച്ചു; കത്തിയെരിയുന്നത് പ്ലാറ്റ്ഫോമില്‍ ഇരുന്ന് കണ്ടുരസിച്ചു…!

ന്യൂയോര്‍ക്കില്‍ ഞായറാഴ്ച പുലര്‍ച്ചെ ട്രെയിനില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന യുവതിയെ ജീവനോടെ കത്തിച്ചു കൊന്ന കേസില്‍ പ്രതി ഡീന്‍ മോസസ് അറസ്റ്റിലായി. യുവതിയുള്ള ട്രെയിന്‍കാറിന് തീയിടുകയും യുവതി പൊള്ളലേറ്റ് മരിക്കുന്നത് നോക്കി നില്‍ക്കുകയും ചെയ്തതായിട്ടാണ് ആരോപണം. ‘ഒരു വ്യക്തിക്ക് മറ്റൊരു മനുഷ്യനെതിരെ ചെയ്യാന്‍ കഴിയുന്ന ഏറ്റവും നികൃഷ്ടമായ കുറ്റകൃത്യങ്ങളിലൊന്ന്’ എന്നായിരുന്നു ന്യൂയോര്‍ക്ക് പോലീസ് വിശേഷിപ്പിച്ചത്.

ഞായറാഴ്ച രാവിലെ 7:30 ഓടെ ബ്രൂക്ലിനിലെ സ്റ്റില്‍വെല്‍ അവന്യൂവിലെ ലൈനിന്റെ അവസാനഭാഗത്താണ് സംഭവം. ഇരയായ പെണ്‍കുട്ടി ട്രെയിനില്‍ ഉറങ്ങുകയായിരുന്നു, ലൈറ്റര്‍ ഉപയോഗിച്ച് ഇരയുടെ വസ്ത്രങ്ങള്‍ കത്തിച്ചു, ഉടന്‍ തന്നെ അവളെ തീ വിഴുങ്ങി. ട്രെയിന്‍ സ്റ്റേഷനിലേക്ക് നീങ്ങിയപ്പോള്‍ സ്റ്റേഷന്റെ മുകള്‍നിലയില്‍ പട്രോളിംഗ് നടത്തുകയായിരുന്ന ഉദ്യോഗസ്ഥര്‍ക്ക് മാംസം കത്തുന്നതിന്റെ ഗന്ധം കിട്ടുകയും അന്വേഷണം നടത്തിയപ്പോള്‍ തീവണ്ടിയുടെ ഉള്ളില്‍ തീപിടിച്ച യുവതിയെ കാണുകയായിരുന്നു. തുടര്‍ന്ന് സംഭവസ്ഥലത്തേക്ക് ഇവര്‍ കുതിച്ചു. സ്ത്രീയുടെ ശരീരം പൂര്‍ണ്ണമായും തീപിടിച്ചതായി കണ്ടെത്തി, ഉടന്‍ തന്നെ തീ അണച്ചു, എന്നാല്‍ സംഭവസ്ഥലത്ത് തന്നെ സ്ത്രീ മരിച്ചിരുന്നു.

തീനാളങ്ങള്‍ അവളുടെ ശരീരത്തെ ദഹിപ്പിക്കുമ്പോള്‍, ഇരയെ നോക്കി, ട്രെയിനിന് പുറത്തുള്ള ബെഞ്ചില്‍ ഡീന്‍ മോസസ് ഇരുന്നിരുന്നു. ഉദ്യോഗസ്ഥര്‍ പ്രതിയുടെ ചിത്രങ്ങള്‍ പുറത്തുവിട്ടതോടെ ചിലര്‍ 911 എന്ന നമ്പറില്‍ വിളിച്ച് സംശയിക്കുന്നയാളെ തിരിച്ചറിഞ്ഞതായി പറയുകയായിരുന്നു. മറ്റൊരു ട്രെയിനില്‍ നിന്ന് പിടികൂടിയ ഇയാളുടെ പോക്കറ്റില്‍ നിന്ന് ലൈറ്റര്‍ കണ്ടെത്തി. ഇരയും പ്രതിയും തമ്മില്‍ പരസ്പരം അറിയുക പോലുമില്ലെന്നും പോലീസ് പറയുന്നു.

അതേസമയം യുവതിയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ന്യൂയോര്‍ക്ക് സിറ്റി മേയര്‍ എറിക് ആഡംസ് ഞായറാഴ്ച വിവരം അധികാരികളെ അറിയിക്കാന്‍ സഹായിച്ച ആളുകളെ പ്രശംസിച്ചു. ”ഇത്തരത്തിലുള്ള ദുഷിച്ച പെരുമാറ്റത്തിന് ഞങ്ങളുടെ സബ്വേകളില്‍ സ്ഥാനമില്ല, അക്രമാസക്തമായ കുറ്റകൃത്യങ്ങള്‍ക്ക് ഇരയായ എല്ലാവര്‍ക്കും അതിവേഗ നീതി ഉറപ്പാക്കാന്‍ പ്രതിജ്ഞാബദ്ധരാണെന്ന് ആഡംസ് എക്‌സില്‍ ഇട്ട പോസ്റ്റില്‍ വ്യക്തമാക്കി. സബ്വേ കാറിന്റെ അറ്റത്ത് ഇരിക്കുന്ന ഇരയുടെ അടുത്തേക്ക് ശാന്തമായി നടന്നു ചെന്ന് പ്രതി വസ്ത്രത്തിന് തീ കൊളുത്തുകയായിരുന്നു എന്നാണ് ദൃക്സാക്ഷികള്‍ പറഞ്ഞത്. ഇരയുടെ വസ്ത്രത്തിന് തീപിടുപ്പിക്കാന്‍ കഴിയുന്ന തരം ലൈറ്ററാണ് ഉപയോഗിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *