അപ്രതീക്ഷിതമായി സമ്പന്നരായാല്‍ മതിമറന്ന് പോകുന്നവരാണ് അധികവും . എന്നാല്‍ ഒരു ഭാഗ്യം കടന്നുവന്നിട്ടും ജീവിതശൈലിയില്‍ മാറ്റം വരുത്താതെ ലളിതമായി ജീവിക്കുന്നതിന് നല്ല മനസ്സുറപ്പ് ആവശ്യമാണ്. ഇംഗ്ലണ്ടിലെ വേക്ക് ഫീല്‍ഡ് സ്വദേശികളായ അമാന്‍ഡയും ഗ്രഹാമും അതിന് ഉദാഹരണമാണ്. കോടികള്‍ ലോട്ടറി അടിച്ചപ്പോള്‍ വാങ്ങിയ വീട്ടില്‍ സൗകര്യങ്ങള്‍ അധികമായത് കാരണം ചെറിയ വീട് അന്വേഷിക്കുകയാണ് അവര്‍.
കാര്‍പെറ്റ് ഫാക്റ്ററിയിലാണ് ഇരുവരും ജോലി ചെയ്തിരുന്നത്. 2013ലാണ് 6.6 മില്ല്യണ്‍ പൗണ്ടിന്റെ ലോട്ടറി അടിച്ചത്. ബാധ്യതകള്‍ തീര്‍ത്ത് പിന്നാലെ ജോലിയും രാജിവെച്ചു. 2014ല്‍ 5 കിടപ്പ് മുറികളുള്ള ഒരു ബംഗ്ലാവും നിര്‍മിച്ചു. ഇരുവരും ലളിതമായ ചടങ്ങില്‍ വിവാഹിതരുമായി. പിന്നീട് ഇരുവരും മാതാപിതാക്കളെ പരിചരിച്ച് ജീവിച്ചു. എന്നാല്‍ ഇത്ര പണം ലഭിച്ചിട്ടും ജീവിതശൈലിയില്‍ വന്‍ മാറ്റങ്ങള്‍ വരുത്താനായി ഇവര്‍ക്ക് തോന്നിയില്ല. ഓസ്ട്രേലിയന്‍ യാത്രയും നിസാന്‍ പാത്ഫൈന്‍ഡര്‍ സ്വന്തമാക്കിയതുമാണ് ഇവര്‍ ചെയ്ത ചെലവുകള്‍.
ഇവര്‍ക്ക് 18 ചെറുമക്കളുണ്ട്. കുട്ടികളും പണത്തിന്റെ വില മനസ്സിലാക്കി ജീവിക്കണമെന്നത് ഇവര്‍ക്ക് നിര്‍ബന്ധമുണ്ടായിരുന്നു. ഇപ്പോളിതാ ഇത്രയും വലിയ വീട് തങ്ങള്‍ക്ക് ആവശ്യമില്ലായെന്ന് അവര്‍ തിരിച്ചറിഞ്ഞ് ഒരു ചെറിയ വീട്ടിലേക്ക് മാറാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇവരുടെ ജീവിതം സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്.