Movie News

ഇന്റര്‍വ്യൂ ചെയ്യാന്‍വന്ന ആദ്യകാഴ്ചയില്‍ തന്നെ സ്പാര്‍ക്ക്; രജനീകാന്തും ഭാര്യ ലതയും തമ്മിലുള്ള പ്രണയം ഇങ്ങിനെ

ചെറുപ്പക്കാരായ സംവിധായകര്‍ക്കൊപ്പം തുടര്‍ച്ചയായി സൂപ്പര്‍ഹിറ്റുകള്‍ സൃഷ്ടിച്ച് തമിഴ്‌സിനിമയില്‍ രാജാവായി വാഴുന്ന രജനീകാന്തിന് എഴുപത്തിനാലാം പിറന്നാള്‍ ആശംസ അറിയിക്കുന്ന തിരക്കിലാണ് തമിഴ്‌സിനിമാലോകം. എന്നാല്‍ തന്നെ ഇന്നത്തെ നിലയിലേക്ക് ഉയരാന്‍ സഹായിച്ച ഭാര്യയും ജീവിതപങ്കാളിയുമായ ലതയ്ക്ക് അതിന്റെ ക്രെഡിറ്റ് മുഴുവന്‍ നല്‍കുകയാണ് സൂപ്പര്‍സ്റ്റാര്‍. നാല്‍പ്പതിലേറെ വര്‍ഷക്കാലമായി അസാധാരണമായി പ്രണയിച്ചുകൊണ്ടിരിക്കുന്ന ദമ്പതികളാണ് രജനീകാന്തും ലതാരജനീകാന്തും.

ഇരുവരും തമ്മിലുള്ള പ്രണയത്തെക്കുറിച്ചും ലത എങ്ങിനെയാണ് തന്നെ ഒരു മനുഷ്യനിലേക്ക് മാറ്റിയതെന്നും മുമ്പ് പലപ്പോഴായി അഭിമുഖത്തില്‍ രജനീകാന്ത് വ്യക്തമാക്കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തന മേഖലയില്‍ തുടക്കക്കാരിയായിരുന്ന സമയത്ത് രജനീകാന്തിനെ ഇന്റര്‍വ്യൂ ചെയ്യാന്‍ എത്തിയതായിരുന്നു ലത. ഒരു സിനിമയുടെ സെറ്റില്‍വെച്ചായിരുന്നു അഭിമുഖം. ആദ്യ കാഴ്ചയില്‍ തന്നെ ഇരുവര്‍ക്കും ഇടയില്‍ ഒരു സ്പാര്‍ക്ക് ഉണ്ടാവുകയായിരുന്നു. ലതയില്‍ ആകൃഷ്ടനായ രജനീകാന്ത്, അഭിമുഖത്തിന്റെ അവസാനത്തില്‍, അവരോട് വിവാഹാഭ്യര്‍ത്ഥന നടത്തി.

ആ നിമിഷം മുതല്‍, ഇരുവരും വേര്‍പിരിക്കാനാകാത്ത രീതിയില്‍ അടുക്കുകയായിരുന്നു. വര്‍ഷങ്ങള്‍ നീണ്ടതോടെ അവരുടെ ബന്ധം കൂടുതല്‍ ആഴവും ദൃഡതയുമുള്ളതായി മാറി. തന്റെ ജീവിതത്തിലെ ഈ ഘട്ടത്തെക്കുറിച്ച് മുമ്പ് രജനീകാന്ത് ഒരു അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്. കരിയറിന്റെ ആദ്യ വര്‍ഷങ്ങളില്‍ താന്‍ കടുത്ത മദ്യപാനിയും പുകവലി ശീലത്തിന് അടിമയുമായിരുന്നു. പിന്നീട് ആ ആസക്തികളെ മറികടക്കാനും പിന്നീട് അച്ചടക്കമുള്ള ജീവിതശൈലിക്ക് പേരുകേള്‍ക്കുന്ന നിലയിലേക്ക് വളരാനും ലത ഒരുപാട് സ്വാധീനിച്ചെന്നും വ്യക്തമാക്കിയിട്ടുണ്ട്.

വൈ ജീ മഹേന്ദ്രന്റെ ചാരുകേശി എന്ന നാടകത്തിന്റെ 50-ാം ദിനാഘോഷത്തില്‍ സംസാരിക്കവേയാണ് ലത തന്നില്‍ നടത്തിയ പരിവര്‍ത്തനത്തെക്കുറിച്ച് രജനി വാചാലനായത്. ലതയെ തനിക്ക് പരിചയപ്പെടുത്തിയ മഹേന്ദ്രനോട് നന്ദി രേഖപ്പെടുത്തി. താന്‍ ബസ് കണ്ടക്ടറായിരിക്കുമ്പോള്‍ അനാരോഗ്യകരമായ ശീലങ്ങളുണ്ടായിരുന്നെന്ന് രജനീകാന്ത് പറഞ്ഞു. ”ഞാന്‍ ഒരു കണ്ടക്ടറായിരിക്കുമ്പോള്‍, ഞാന്‍ എല്ലാ ദിവസവും മദ്യപിക്കുമായിരുന്നു. അതുപോലെ തന്നെ സിഗരറ്റ് വലിക്കുകയും ചെയ്യുമായിരുന്നു. എല്ലാ ദിവസവും നോണ്‍-വെജ് ഉപയോഗിച്ചുകൊണ്ടാണ് ദിവസം ആരംഭിക്കുക. കുറഞ്ഞത് രണ്ട് തവണയെങ്കിലും മാംസം കഴിക്കു. മാരകമായ കോമ്പിനേഷന്‍. സസ്യാഹാരികളെ കാണുമ്പോള്‍ എനിക്ക് വിഷമം തോന്നും. എന്നാല്‍ എന്റെ ഭാര്യ ലത എന്നെ സ്നേഹം ചൊരിഞ്ഞു മാറ്റി.” അദ്ദേഹം പറഞ്ഞു.

മദ്യം, പുകവലി, നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണം എന്നിവ ഉപയോഗിക്കുന്ന വ്യക്തികള്‍ പലപ്പോഴും 60 വയസ്സിന് മുകളില്‍ ആരോഗ്യകരമായ ജീവിതം നയിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. തന്റെ ജീവിതം വഴിതിരിച്ചുവിട്ടതിന്റെ മുഴുവന്‍ ക്രെഡിറ്റും രജനികാന്ത് ഭാര്യക്ക് നല്‍കി. ക്രമേണ ഭാര്യയുടെ സ്‌നേഹത്തിന്റെ തണലില്‍ ശീലങ്ങള്‍ മാറ്റിയെടുത്ത അദ്ദേഹം പിന്നീട് അഭിനയ മികവ് നേടുക മാത്രമായിരുന്നില്ല. അച്ചടക്കമാര്‍ന്ന ജീവിതരീതിയും നേടിയെടുത്തു. പുകവലിയും മദ്യപാനവും ഉപേക്ഷിക്കണമെന്ന് അദ്ദേഹം പരിപാടിയില്‍ പങ്കെടുത്ത എല്ലാവരോടും അഭ്യര്‍ത്ഥിച്ചു. ദീര്‍ഘകാല ക്ഷേമത്തിനായി ശരിയായ തിരഞ്ഞെടുപ്പുകള്‍ നടത്തേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞു.

മുമ്പ് കെ. ബാലചന്ദറിന്റെ സിനിമയുടെ ചിത്രീകരണത്തിനിടെ മദ്യപിച്ച് സെറ്റില്‍ എത്തിയ രജനികാന്തിനെ സിനിമാപ്രവര്‍ത്തകന്‍ രൂക്ഷമായി പരിഹസിച്ച സംഭവം രജനീകാന്ത് വെളിപ്പെടുത്തിയിട്ടുണ്ട്. വിഷയം തിരിച്ചറിഞ്ഞ ബാലചന്ദര്‍, നടന്റെ ജീവിതത്തിലെ വഴിത്തിരിവായ മദ്യപാനം ഉപേക്ഷിക്കാന്‍ രജനികാന്തിന് മുന്നറിയിപ്പ് നല്‍കി. രജനികാന്തിന്റെ ഭൂതകാലത്തെക്കുറിച്ചുള്ള ആത്മാര്‍ത്ഥമായ വെളിപ്പെടുത്തലുകള്‍, ഭാര്യയുടെ പിന്തുണയ്ക്കുള്ള നന്ദി, ഒരാളുടെ ജീവിതത്തെ മാറ്റിമറിക്കുന്നതിലെ സ്‌നേഹത്തിന്റെയും അച്ചടക്കത്തിന്റെയും ശക്തിയെ കാണിക്കുന്നു.