ആദ്യ മത്സരത്തിലെ വിജയത്തിന് പിന്നാലെ രണ്ടാം മത്സരത്തില്‍ തോല്‍വി അറിയേണ്ടി വന്നത് ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയെ കുറച്ചൊന്നുമല്ല വിഷമിപ്പിച്ചിരിക്കുന്നത്. പരമ്പരയിലെ അടുത്ത മൂന്ന് മത്സരങ്ങളും ഇതോടെ നിര്‍ണ്ണായകമായി മാറിയിരിക്കുകയാണ്. ബാറ്റ്‌സ്മാന്‍മാര്‍ക്ക് റണ്‍സ് നേടാന്‍ കഴിയാതെ പോകുന്നതാണ് ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ വെല്ലുവിളി.
അതേസമയം ശനിയാഴ്ച ആരംഭിക്കുന്ന മൂന്നാം ടെസ്റ്റിലും കെ എല്‍ രാഹുലും യശസ്വി ജയ്സ്വാളും തന്നെ ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യുമെന്നാണ് സൂചനകള്‍. നായകന്‍ രോഹിത് ശര്‍മ്മ ആറാം നമ്പറില്‍ തന്നെ ബാറ്റ് ചെയ്യാനിറങ്ങും. വ്യാഴാഴ്ച ബ്രിസ്ബേനിലെ ഗാബയില്‍ നടന്ന ഇന്ത്യയുടെ ആദ്യ പരിശീലന സെഷനില്‍ മതിയായ സൂചനകള്‍ ഉണ്ടായിരുന്നു. ഇന്ത്യ ജയിച്ച ആദ്യ ടെസ്റ്റില്‍ രോഹിത് ശര്‍മ്മ കളിയില്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ അഡ്ലെയ്ഡിലെ രണ്ടാം ടെസ്റ്റിന് മുമ്പ് ഓസ്ട്രേലിയയില്‍ എത്തിയതിന് ശേഷം, രോഹിത് തന്റെ ഓപ്പണിംഗ് സ്ഥാനം ത്യജിക്കാന്‍ തീരുമാനിക്കുകയും ഓര്‍ഡറിന്റെ മുകളില്‍ രാഹുലിന് വേണ്ടി ആറാം നമ്പറിലേക്ക് ഇറങ്ങുകയും ചെയ്തു.
പക്ഷേ ഈ നീക്കം രണ്ടുപേര്‍ക്കും ഗുണകരമായില്ല. രാഹുലിനും രോഹിത്തിനും ചെറിയ സ്‌കോറില്‍ പുറത്താകേണ്ടി വന്നു. ആദ്യ ഇന്നിംഗ്സില്‍ രാഹുല്‍ മികച്ചതായി കാണപ്പെട്ടെങ്കിലും 37 റണ്‍സിന് പുറത്തായി, രണ്ടാം ഇന്നിംഗ്സില്‍ 7 റണ്‍സിന് പാറ്റ് കമ്മിന്‍സിന്റെ ബൗണ്‍സറിനും പുറത്തായി. രോഹിതിന് ആറാം നമ്പറില്‍ ഒട്ടും സുഖമായിരുന്നില്ല. ആറ് വര്‍ഷത്തിന് ശേഷം മധ്യനിരയില്‍ ആദ്യമായി ബാറ്റ് ചെയ്യുന്ന രോഹിത് ആദ്യ ഇന്നിംഗ്സില്‍ സ്‌കോട്ട് ബൊലാന്‍ഡ് 3 റണ്‍സിന് എല്‍ബിഡബ്ല്യു കെണിയിലാക്കി. രണ്ടാം ഇന്നിംഗ്‌സിലാകട്ടെ ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് ആറ് റണ്‍സിന് തന്റെ ഹ്രസ്വവും എന്നാല്‍ വേദനാജനകവുമായ ഇന്നിംഗ്‌സിനും വിരാമമിട്ടു.