വിചിത്രവും വര്‍ണ്ണാഭമായതുമായ സോക്സുകളോടുള്ള സ്നേഹം കൊണ്ട് തുടങ്ങിയ സ്ഥാപനം ഇപ്പോള്‍ അഭിവൃദ്ധി പ്രാപിച്ച് വന്‍ ബിസിനസായി മാറി. ഏറെ കൗതുകകരവും പ്രചോദനാത്മകവുമായ കാര്യം ഡൗണ്‍ സിന്‍ഡ്രോം ബാധിച്ച 28-കാരനായ ഒരു സംരംഭകനാണ് ഇതിന്റെ പിന്നില്‍ എന്നതാണ്. ലോകത്തുടനീളമുള്ള ഭിന്നശേഷിക്കാരെയും അല്ലാത്തവരേയും ഒരു പോലെ പ്രചോദിപ്പിക്കുന്നത് ബുദ്ധി വൈകല്യമുള്ള ജോണ്‍ ക്രാണിന്റെ ഈ സംരംഭം.
ബൗദ്ധിക വൈകല്യമുള്ള ഒരു മനുഷ്യന്‍ തന്റെ ബിസിനസ്സിനെ ലോകത്തിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ സോക്ക് കമ്പനിയാക്കി മാറ്റുന്ന ഒരു സാധാരണ വിജയഗാഥ മാത്രമല്ല ഇത്. തന്നെപ്പോലെ വെല്ലുവിളികള്‍ നേരിടുന്ന ആളുകള്‍ക്ക് ജോലി നല്‍കാനുള്ള ക്രോണിന്റെ വലിയ മനസുമാണ് അതിനെ കൂടുതല്‍ ഹൃദയസ്പര്‍ശിയാക്കുന്നത്. തന്റെ കുടുംബത്തോടൊപ്പം 2016 ല്‍ ജോണ്‍സ് ക്രേസി സ്ഥാപിച്ച ക്രോണിന്‍ ഫാര്‍മിംഗ്ഡെയ്ല്‍ ആസ്ഥാനമായുള്ള ‘ജോണ്‍സ് ക്രേസി സോക്‌സ് ‘ ആണ് വന്‍ വ്യവസായമായി മാറിയിരിക്കുന്നത്.
‘‘അവധിക്കാലത്ത് വിചിത്രമായ സോക്സുകള്‍ ശേഖരിക്കുന്നത് എന്റെ ഹോബിയായിരുന്നു. ഒരു ബിസിനസ്സാക്കി മാറ്റുന്നത് നല്ല ആശയമാണെന്ന് കരുതി. ”ക്രോണിന്‍ ന്യൂയോര്‍ക്ക് പോസ്റ്റിനോട് പറഞ്ഞു.
മാതാപിതാക്കളായ മാര്‍ക്ക്, കരോള്‍, ജ്യേഷ്ഠന്‍ ജാമി എന്നിവരാണ് ജോണിനൊപ്പമുള്ളത്. സോക്സിനോടുള്ള ജോണിന്റെ വിചിത്രമായ ഇഷ്ടമായിരുന്നു ബിസിനസിന് തുടക്കമായത്. ഹൈസ്‌കൂള്‍ വിദ്യാഭ്യാസം കഴിഞ്ഞ് ഒരു ജോലി കണ്ടെത്താന്‍ പാടുപെട്ടതോടെയാണ് തനിക്ക് താല്‍പ്പര്യമുള്ളതില്‍ ഭാഗ്യം പരീക്ഷിക്കാന്‍ അദ്ദേഹം തീരുമാനിച്ചത്. കഠിനാദ്ധ്വാനവും ഇഷ്ടപ്പെട്ട മേഖലയിലെ ജോലിയിലുള്ള അര്‍പ്പണബോധവും ജോണിനെ ബിസിനസ് വിജയത്തിലേയ്ക്ക് എത്തിക്കുകകയായിരുന്നു.
4,000 ഡിസൈനുകളിലായി രണ്ട് ദശലക്ഷത്തില്‍ കുറയാത്ത ഓര്‍ഡറുകളാണ് അദ്ദേഹത്തിന് ലഭിച്ചത്. ഇതില്‍നിന്നു കിട്ടിയ ലാഭത്തില്‍നിന്ന് ഏകദേശം 800,000 ഡോളര്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് സംഭാവനും ജോണ്‍ മടികാട്ടിയില്ല. ഈ നേട്ടങ്ങള്‍ ഭിന്നശേഷിയുള്ളവരെ പ്രതിനിധീകരിച്ച് കോണ്‍ഗ്രസിനോടും ഐക്യരാഷ്ട്രസഭയോടും സംസാരിക്കാന്‍ ജോണിന് അവസരമൊരുക്കി.