Sports

അടിയോടടി…ടി20 മത്സരത്തില്‍ പിറന്നത് 37 സിക്‌സറുകള്‍ ; ബറോഡ സിക്കിമിനെതിരേ അടിച്ചു കൂട്ടിയത് 349 റണ്‍സ്…!

കൂറ്റനടികളും വമ്പന്‍ സ്‌കോറും പിറന്ന മത്സരത്തില്‍ ബറോഡ സിക്കിമിനെ അടിച്ചു പരത്തി. സയ്യിദ് മുഷ്താഖ് അലി ട്രോഫി മത്സരത്തില്‍ റെക്കോര്‍ഡ് തകര്‍ത്ത് ബറോഡ അടിച്ചുകൂട്ടിയത് ടി20 ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍. ഡിസംബര്‍ 5 വ്യാഴാഴ്ച ഇന്‍ഡോറില്‍ 20 ഓവറില്‍ സിക്കിമിനെതിരേ അടിച്ചത് 349 റണ്‍സായിരുന്നു. മത്സരത്തില്‍ ബറോഡ മൊത്തമായി നേടിയത് 37 സിക്‌സറുകളായിരുന്നു.

51 പന്തില്‍ 134 റണ്‍സെടുത്ത ഭാനു പാനിയയായിരുന്നു ബറോഡയുടെ ടോപ് സ്‌കോറര്‍. 15 സിക്‌സറുകളാണ് ഭാനു പാനിയ പറത്തിയത്. ഈ പ്രകടനത്തോടെ സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ 300-ഓ അതിലധികമോ സ്‌കോര്‍ ചെയ്യുന്ന ആദ്യ ടീമായി ബറോഡ മാറി. ബറോഡയ്ക്കായി എല്ലാ ബാറ്റ്സ്മാരും 10 റണ്‍സെങ്കിലും സ്‌കോര്‍ ചെയ്തു. അതു തന്നെ മൊത്തം സ്‌കോര്‍ 200-ന് മുകളില്‍ എത്തിച്ചു.

ഓപ്പണര്‍മാരായ അഭിമന്യു സിങ്ങും (17 പന്തില്‍ 53) ഷാവത് റാവത്തും (16 പന്തില്‍ 43) ഓപ്പണിംഗ് കൂട്ടുകെട്ടില്‍ അഞ്ച് ഓവറില്‍ 92 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഇരുവരും പുറത്തായി 2 വിക്കറ്റ് നഷ്ടത്തില്‍ 108 എന്ന നിലയിലാണ് സിക്കിം ബൗളര്‍മാരെ പറത്തിയ ഭാനു പാനിയയും ശിവാലിക് ശര്‍മയും എത്തിയത്. പി.ഭാനു 15 സിക്സറുകളും അഞ്ച് ബൗണ്ടറികളും നേടിയപ്പോള്‍ ശിവാലിക്ക് ആറ് സിക്സറുകളും 3 ബൗണ്ടറികളും ഉള്‍പ്പെടെ അഞ്ച് ഓവറില്‍ 94 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. ബറോഡയുടെ വിക്കറ്റ് കീപ്പര്‍ വിക്രം സോളങ്കി വെറും 16 പന്തില്‍ നിന്ന് ആറ് സിക്സറുകളും രണ്ട് ബൗണ്ടറികളും പറത്തി 50 റണ്‍സ് നേടി.

ടി20 യിലെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ ഈ വര്‍ഷം നെയ്‌റോബിയിലെ റുവാരക്കയില്‍ ഗാംബിയയ്ക്ക് എതിരേ സിംബാബ്‌വേ കുറിച്ച 344 റണ്‍സാണ് ബറോഡ പഴങ്കഥയാക്കിയത്. കഴിഞ്ഞവര്‍ഷം നേപ്പാള്‍ മംഗോളിയയ്ക്ക് എതിരേ 314 റണ്‍സ് നേടിയിരുന്നു. സിക്കിമിന്റെ റോഷന്‍ കുമാര്‍ നാല് ഓവറില്‍ 81 റണ്‍സ് വഴങ്ങി. ഐപിഎല്‍ 2024 ല്‍ ഗുജറാത്ത് ടൈറ്റന്‍സിന് വേണ്ടി കളിക്കുമ്പോള്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ 4 ഓവറില്‍ മോഹിത് ശര്‍മ്മയുടെ 73 റണ്‍സ് മറികടന്ന് ടി20 മത്സരത്തിലെ ഏറ്റവും ചെലവേറിയ സ്‌പെല്ലിനുള്ള റെക്കോഡും അദ്ദേഹം നേടി.

Leave a Reply

Your email address will not be published. Required fields are marked *