Lifestyle

ജീവിതച്ചെലവ് ; വിദേശ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ ജോലി കുഞ്ഞിനെ നോട്ടം…!

വിദേശത്ത് പഠനവും അവിടുത്തെ ജീവിതവും ഇന്ത്യയിലെ പുതിയ തലമുറയുടെ ഏറ്റവും വലിയ ലക്ഷ്യങ്ങളിലൊന്നാണ്. എന്നാല്‍ വിദേശത്തെ ജീവിത ചെലവും തൊഴില്‍ കണ്ടെത്താനുള്ള ബുദ്ധിമുട്ടും പാര്‍ട്ട് ടൈം തൊഴിലവസരങ്ങള്‍ കുറയുന്നതുമൊക്കെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ ഏതു ജോലിയും ചെയ്യാന്‍ നിര്‍ബ്ബന്ധിതരാക്കുന്നതായി റിപ്പോര്‍ട്ട്.

നിയമവിരുദ്ധമാണെങ്കിലും, ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ കാമ്പസിന് പുറത്തുള്ള ജോലികള്‍ വിദ്യാര്‍ത്ഥികള്‍ ചെയ്യുന്നുണ്ട്. യു.എസില്‍ കൂടുതല്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളും ബേബി സിറ്റിംഗ് ജോലികള്‍ ഏറ്റെടുക്കുന്നതായിട്ടാണ് റിപ്പോര്‍ട്ട്. ഭക്ഷണം, സുരക്ഷിതമായ അന്തരീക്ഷം, താമസം എന്നീ ആനുകൂല്യങ്ങള്‍ കാരണം ബേബി സിറ്റിംഗ് ജോലികള്‍ പെണ്‍കുട്ടികള്‍ കൂടുതലായി തെരഞ്ഞെടുക്കുന്നതായാണ് റിപ്പോര്‍ട്ട്.

തെലങ്കാന, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ഈ പ്രവണത കൂടുതല്‍ ദൃശ്യമാണ്, ബേബി സിറ്റിംഗ് ജോലികള്‍ക്കായി മിക്ക വിദ്യാര്‍ത്ഥികളും മണിക്കൂറില്‍ 13 നും 18 നും ഇടയില്‍ ഡോളറുകള്‍ സമ്പാദിക്കുന്നുണ്ടെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. ഓപ്പണ്‍ ഡോര്‍സ് 2024-ന്റെ റിപ്പോര്‍ട്ട് അനുസരിച്ച്, ടെക്‌സാസില്‍ ഏകദേശം 39,000, ഇല്ലിനോയിസില്‍ 20,000, ഒഹായോയില്‍ 13,500, കണക്റ്റിക്കട്ടില്‍ 7,000 വിദ്യാര്‍ത്ഥികള്‍ ഈ ജോലി ചെയ്യുന്നുണ്ട്. അവരില്‍ 50 ശതമാനം പേര്‍ തെലുങ്ക് സംസാരിക്കുന്നവരാണ്.

ഇപ്പോള്‍ ഒഹായോയില്‍ താമസിക്കുന്ന ഹൈദരാബാദില്‍ നിന്നുള്ള ഒരു വിദ്യാര്‍ത്ഥിയെ ടൈംസിന്റെ റിപ്പോര്‍ട്ടില്‍ ഉദ്ധരിച്ചിട്ടുണ്ട്. ”ഞാന്‍ ഒരു ആറുവയസ്സുള്ള ആണ്‍കുട്ടിയെ നോക്കുന്നു. ഇവിടെ എനിക്ക് ഭക്ഷണവും കിട്ടുന്നുണ്ട്. ഒരു ദിവസം ഏകദേശം എട്ട് മണിക്കൂര്‍ കുഞ്ഞിനെ പരിപാലിക്കുന്നതിന് മണിക്കൂറിന് 13 ഡോളര്‍ കിട്ടുന്നു.

കണക്റ്റിക്കട്ടിലെ മറ്റൊരു വിദ്യാര്‍ത്ഥി പറഞ്ഞു, ”എനിക്ക് ആഴ്ചയില്‍ ആറ് ദിവസവും രണ്ടര വയസ്സുള്ള ഒരു കുട്ടിയെ പരിപാലിക്കണം. ആ ആറുദിവസവും പെണ്‍കുട്ടിയുടെ മാതാപിതാക്കളാണ് ഭക്ഷണവും താമസവും നോക്കുന്നത്. ഞായറാഴ്ചകളില്‍ ഞാന്‍ എന്റെ സുഹൃത്തിന്റെ മുറിയില്‍ താമസിക്കും. ഈ ഓഫ്-കാമ്പസ് ജോലികളില്‍ നിന്നുള്ള വരുമാനം പലപ്പോഴും വാടകയ്ക്കും മറ്റ് ചെലവുകള്‍ക്കുമായി പോകുന്നു. യുഎസിലെ വിദ്യാര്‍ത്ഥികള്‍ പ്രതിമാസം ശരാശരി 300 ഡോളറാണ് വാടക നല്‍കുന്നത്.