Movie News

ആലിയഭട്ടിനോട് അനുചിതമായി പെരുമാറിയ ക്രൂമെമ്പറെ സെറ്റില്‍ നിന്നും പറഞ്ഞുവിട്ടെന്ന് ഇംതിയാസ് അലി

നടി ആലിയ ഭട്ടിനോട് അനുചിതമായ പെരുമാറ്റം കാരണം തന്റെ സിനിമയുടെ സെറ്റില്‍ നിന്നും ഒരു ക്രൂ അംഗത്തെ പറഞ്ഞുവിട്ടിട്ടുണ്ടെന്ന് നിര്‍മ്മാതാവ് ഇംതിയാസ് അലി. ഗോവയില്‍ നടന്നുകൊണ്ടിരിക്കുന്ന ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് ഇന്ത്യയില്‍ പങ്കെടുത്ത് സിനിമാ സെറ്റുകളിലെ സ്ത്രീകളുടെ സുരക്ഷയെക്കുറിച്ച് സംസാരിക്കുമ്പോഴായിരുന്നു ഇംതിയാസ് അലി ഇക്കാര്യം പറഞ്ഞത്.

തന്റെ ഹൈവേ എന്ന സിനിമയുടെ സെറ്റില്‍വെച്ചായിരുന്നു സംഭവമെന്ന് ഇംതിയാസ് പങ്കുവെച്ചു, ” വാനിറ്റി വാനുകള്‍ ഇല്ലായിരുന്ന 2013 ല്‍ ആയിരുന്നു സംഭവം. ഞങ്ങള്‍ രണ്‍ദീപിനും ആലിയക്കുമൊപ്പം റൂറല്‍ ഹൈവേയില്‍ ഷൂട്ടിംഗ് നടത്തുകയായിരുന്നു. ആലിയയ്ക്ക് മാറി മാറി പ്രകൃതിയുടെ വിളിക്കായി പോകേണ്ടിവന്നു. ഈ സമയത്തെല്ലാം നടിയുടെ അടുത്തായിരിക്കാന്‍ ശ്രമിച്ചിരുന്ന ഒരു ക്രൂ അംഗത്തെ എനിക്ക് തിരിച്ചയയ്‌ക്കേണ്ടി വന്നു.” നിര്‍മ്മാതാവ് പറഞ്ഞു.

തന്റെ കരിയറില്‍ മൂന്ന് തവണ തന്റെ സിനിമാ സെറ്റുകളില്‍ സമാനമായ സംഭവങ്ങള്‍ അനുഭവിച്ചിട്ടുണ്ടെന്നും പറഞ്ഞു. ”എന്നാല്‍ ഇപ്പോള്‍ കാലം ഗണ്യമായി മാറി. നടിമാര്‍ ഇപ്പോള്‍ സെറ്റില്‍ സുരക്ഷിതരാണ്.” ഇംതിയാസ് ഉറപ്പുനല്‍കി, ‘ബോംബെയിലെ സിനിമാ വ്യവസായം അതിലെ സ്ത്രീകളോട് പെരുമാറുന്ന രീതിയില്‍ ശ്രദ്ധേയമാണ്. ഒരു യൂണിറ്റില്‍ 200 പേര്‍ ജോലി ചെയ്യുന്നതിനാല്‍ ഇത് വളരെ സുരക്ഷിതമായ ഇടമാണ്.”

തന്റെ സിനിമയായ ജബ് വി മെറ്റിന്റെ സെറ്റില്‍ കരീന കപൂറിന് സുരക്ഷിതയായി തോന്നിയതെങ്ങനെയാണെന്ന കാര്യവും ഇംതിയാസ് അലി പങ്കുവെച്ചു. സിനിമയുടെ സെറ്റില്‍ നിന്നുള്ള ഒരു സംഭവം വിവരിച്ചു. ”അവസാന നിമിഷത്തില്‍ ഷോട്ടില്‍ ഒരു ലൈറ്റ് വേണമെന്ന് ക്യാമറാമാന്‍ പറഞ്ഞ ജബ് വീ മെറ്റില്‍ ഒരു ഷോട്ട് ഉണ്ടായിരുന്നു.

കരീന ഷോട്ടിന് തയ്യാറായി ഒരു റെയില്‍വേ കമ്പാര്‍ട്ടുമെന്റിലെ മുകളിലെ ബര്‍ത്തില്‍ കിടന്നു. നല്ല ഉറക്കമായിരുന്ന കരീന മുറുമുറുത്തു. എന്നാല്‍ ഞങ്ങള്‍ക്ക് ബര്‍ത്തില്‍ അധിക ലൈറ്റുകള്‍ ആവശ്യമായിരുന്നു, ക്രൂ അംഗങ്ങള്‍ ലൈറ്റ് ഇടുന്നത് വരെ ഇറങ്ങാന്‍ ഞാന്‍ അവളോട് ആവശ്യപ്പെട്ടു. എന്നാല്‍ കരീന അതിന് തയ്യാറായില്ല. മാത്രമല്ല ഇറങ്ങുകയും കയറുകയുമൊക്കെ ആരാണ് ചെയ്യുന്നതെന്ന് മറുചോദ്യം ചോദിക്കുകയും ചെയതു.”

കരീനയോട് താന്‍ ഇറങ്ങാന്‍ ആവശ്യപ്പെടുന്നത് എന്തുകൊണ്ടാണെന്ന് മനസിലാകുന്നില്ലെന്ന് ഇംതിയാസ് പറഞ്ഞെങ്കിലും അതിന് കാരണം ആ മൂന്ന് പുരുഷന്മാര്‍ ലൈറ്റ് ഇടാന്‍ അവളുടെ അരികിലൂടെ ചുറ്റിക്കറങ്ങിയാലും താന്‍ സുരക്ഷിതമാണെന്ന് അവര്‍ക്ക് തോന്നിയതിനാലാണെന്നും ആരും അവളെ ഒരു തരത്തിലും തെറ്റായി നോക്കിയില്ലെന്നും ഇംതിയാസ് അലി പറഞ്ഞു. 2007ല്‍ പുറത്തിറങ്ങിയ ഷാഹിദ് കപൂര്‍ നായകനായ ജബ് വീ മെറ്റ് കരീനയുടെയും ഇംതിയാസിന്റെയും കരിയറിലെ ഒരു നാഴികക്കല്ലായ ചിത്രമാണ്.