നാനും റൗഡിതാന്‍ സിനിമയുടെ ക്ലിപ്പിംഗ് ബയോപിക് ഡോക്യുമെന്ററിക്കായി ഉപയോഗിച്ചിന്റെ പേരില്‍ നടന് ധനുഷും നടി നയന്‍താരയും തമ്മിലുള്ള വാഗ്വാദങ്ങളും വാദപ്രതിവാദങ്ങളുമാണ് ഇപ്പോള്‍ കോളിവുഡ് ഇന്ഡസ്ട്രിയിലെ പ്രധാന വര്‍ത്തമാനം.
നവംബര്‍ 18 ന് സ്ട്രീം ചെയ്തിട്ടുള്ള നെറ്റഫ്ളിക്സ്ഡോക്യു-ഡ്രാമ, ‘നയന്‍താര: ബിയോണ്ട് ദി ഫെയറിടെയില്‍’ അധികൃതരോട് 10 കോടിയാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിനെതിരേ നയന്‍സ് നടന് എഴുതിയ തുറന്ന കത്തും വൈറലായിരിക്കുകയാണ്. ഈ സംഭവങ്ങളുടെ തുടര്‍ച്ച എന്ന രീതിയില്‍ നടി ധനുഷിനോട് ക്ഷമ ചോദിക്കുന്ന ഒരു പഴയ വീഡിയോ എടുത്തു കൊണ്ടുവന്നിരിക്കുകയാണ് നടന്റെ ആരാധകര്‍.
നാനും റൗഡിതാന്‍ സിനിമയിലെ അഭിനയം തൃപ്തിപ്പെടുത്തിയില്ലെന്ന് പറഞ്ഞ ധനുഷിനോട് നടി പൊതുവേദിയില്‍ മാപ്പ് ചോദിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. ഒരു പുരസ്ക്കാരവേദിയില്‍ വെച്ചെടുത്ത വീഡിയോയാണ് പറുത്തുവന്നിരിക്കുന്നത്.
”എന്‍ആര്‍ഡി ആരംഭിച്ചതിന് നന്ദി. ഒപ്പം ധനുഷ് എന്നോട് ക്ഷമിക്കണം. നാനും റൗഡി ധാനിലെ എന്റെ പ്രകടനം ധനുഷിന് അത്ര തൃപ്തി നല്കുന്നതായിരുന്നില്ല. എന്റെ പ്രകടനം നിങ്ങളെ നിരാശപ്പെടുത്തിയതിന് ധനുഷ് ക്ഷമിക്കണം. ഞാന്‍ ഒരുപക്ഷേ അടുത്ത തവണ ഇത് മികച്ചതാക്കും.” അവര്‍ പറഞ്ഞു. സദസ്സില്‍ ഇരുന്ന ധനുഷ് നടിയുടെ ആത്മാര്‍ത്ഥമായ ക്ഷമാപണം കേട്ട് ചിരിക്കുന്നതും വീഡിയോയിലുണ്ട്.
നാനും റൗഡി ധാനിലൂടെ നയന്‍താര മികച്ച നടിക്കുള്ള അവാര്‍ഡ് നേടിയ 2016ലെ ഫിലിംഫെയര്‍ അവാര്‍ഡില്‍ നിന്നുള്ളതാണ് പഴയ വീഡിയോ. ഭര്‍ത്താവ് വിഘ്നേഷ് ശിവന് സംവിധാനം ചെയ്ത ചിത്രം ധനുഷിന്റെ വണ്ടര്‍ബാര്‍ ഫിലിംസാണ് നിര്‍മ്മിച്ചത്. ഇരുവരും തമ്മിലുള്ള ഇപ്പോഴത്തെ ഏറ്റുമുട്ടലും ഒരേ സിനിമയെക്കുറിച്ചാണ് എന്നതാണ് ശ്രദ്ധേയം. സിനിമയിലെ പാട്ടുകളുടെ മൂന്ന് സെക്കന്‍ഡ് സ്നിപ്പറ്റ് ഉപയോഗിക്കുന്നതിന് 10 കോടി രൂപയായിരുന്നു ധനുഷ് ആവശ്യപ്പെട്ടത്. തുടര്‍ന്നായിരുന്നു നടി ധനുഷിന് തുറന്ന കത്ത് എഴുതിയത്.
