Myth and Reality

നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണത്തിനൊപ്പം പാൽ കഴിക്കുന്നത് ദോഷകരമാണോ?

ചില ഭക്ഷണങ്ങള്‍ പാലുല്‍പ്പന്നങ്ങള്‍ക്കൊപ്പം കഴിക്കുന്നത് ദോഷകരമാണെന്നും ഈ കോമ്പിനേഷന്‍ ദഹനത്തെ തടസ്സപ്പെടുത്തുകയും അസ്വസ്ഥതയും മറ്റും ഉണ്ടാക്കുമെന്നും പറയാറുണ്ട്. അക്കൂട്ടത്തില്‍ ഏറെ പ്രചാരത്തിലുള്ളതാണ് മാംസവിഭവങ്ങളും പാലും ഒരുമിച്ച് കഴിക്കരുതെന്നത്. ഇത് എക്കാലവും നിലനിൽക്കുന്ന ഒരു വിശ്വാസമാണ്, നമ്മളിൽ ഭൂരിഭാഗവും എന്തുകൊണ്ട് എന്ന് ചോദ്യം ചോദിക്കാതെ അവ പിന്തുടരുന്നു.

പാലുല്‍പ്പന്നങ്ങളുമായി നോണ്‍ വെജ് ചേര്‍ക്കരുത് എന്നു പറയുന്നതില്‍ എന്തെങ്കിലും സത്യമുണ്ടോ?

പാലും നോണ്‍വെജ്ജും കഴിക്കാന്‍ പാടില്ല എന്ന ആശയം വെറും കെട്ടുകഥയാണെന്ന് പോഷകാഹാര വിദഗ്ധ അമിതാ ഗാദ്രെ പറയുന്നു. ഇവ ഒരുമിച്ച് കഴിക്കുന്നത് ദോഷം ചെയ്യുമെന്നതിന് ശാസ്ത്രീയ തെളിവുകളില്ല . പാല്‍, മാംസം എന്നിവയില്‍ നിന്നുള്ള പ്രോട്ടീനുകളും കൊഴുപ്പുകളും ദഹിപ്പിക്കാന്‍ ശരീരം പ്രത്യേക എന്‍സൈമുകള്‍ ഉപയോഗിക്കുന്നു, അതിനാല്‍ ദഹനവുമായി ഇവയ്ക്ക് യാതൊരു വൈരുദ്ധ്യവുമില്ല.

“മാംസവും പാലും ഒരുമിച്ച് കഴിക്കുന്നത് ഒരു ദോഷവും വരുത്തില്ലെന്ന് സൂചിപ്പിക്കുന്ന നിരവധി പഠനങ്ങളുണ്ട്. അതിനാൽ, എന്റെ അഭിപ്രായത്തിൽ, നിങ്ങളുടെ ശരീരത്തെ പ്രതികൂലമായി ബാധിക്കാതെ രണ്ടും സംയോജിപ്പിച്ച് കഴിക്കുന്നത് സുരക്ഷിതമാണ്.” അമിതാ ഗാദ്രെ പറയുന്നു

നോണ്‍-വെജ് ഭക്ഷണങ്ങള്‍ പാലുമായി ചേര്‍ക്കുന്നത് സാധാരണമാണ്. തൈരില്‍ മാരിനേറ്റ് ചെയ്ത ചിക്കന്‍ അല്ലെങ്കില്‍ ക്രീം സോസുകളില്‍ പാകം ചെയ്ത മത്സ്യം- ഇന്ത്യയിലും ലോകമെമ്പാടും ജനപ്രിയമാണ്. ഇത് പോഷകഗുണമുള്ളതാണ്. ബട്ടര്‍ ചിക്കന്‍, മട്ടണ്‍ ഗ്രേവികള്‍ ഇതിന് ഉദാഹരണമാണ് . വിദഗ്ധരുടെ അഭിപ്രായത്തില്‍, പാലും നോണ്‍ വെജും സംയോജിപ്പിക്കുന്നത് ശരീരത്തിന് ഗുണകരമാണ്. നിങ്ങള്‍ക്ക് ലാക്ടോസ് അലര്‍ജിയാണെങ്കില്‍, ഈ കോംബോ ഒഴിവാക്കുന്നതാണ് നല്ലത്