Good News

സാറേ, ആനപ്പിണ്ടത്തില്‍ ചവിട്ടിയാല്‍ മുടി വളരുമോ? കൊച്ചുമിടുക്കരുടെ സംശയം തീര്‍ത്ത് അധ്യാപകന്‍

കുട്ടികള്‍ക്ക് സംശയങ്ങള്‍ അല്പം കൂടുതലായിരിക്കും. എന്നാല്‍ അതെല്ലാം ക്ഷമയോടെ കേട്ടിരുന്നു മനോഹരമായി പറഞ്ഞുകൊടുക്കുകയാണ് ഒരു ഉദ്യോഗസ്ഥന്‍. ആനയെകുറിച്ചാണ് കേട്ടോ കുട്ടികളുടെ സംശയം. സ്റ്റഡി ടൂറുമായി എത്തിയ ഒരു കൂട്ടം വിദ്യാര്‍ത്ഥികളുടെ ആനയെക്കുറിച്ചുള്ള എല്ലാ സംശയവും കൃത്യമായി മറുപടി നല്‍കുന്ന ഒരു വീഡിയോ വയനാട് ഫോറസ്റ്റ് അവരുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പങ്കുവച്ചിരുന്നു.

ആനവാല്‍ മോതിരത്തിനെ കുറിച്ച് പറഞ്ഞാണ് വീഡിയോ തുടങ്ങുന്നത് തന്നെ. ആനവാല്‍ മോതിരം കെട്ടിയാല്‍ പേടി മാറുമോയെന്നാണ് ചോദ്യം. ഉടനെ ആനവാല്‍ മോതിരം ബഷീറിന്റെ കഥയിലുണ്ടെന്ന് ഒരു മിടുക്കി മറുപടി നല്‍കി. അടുത്ത മിടുക്കിയുടെ സംശയം ‘ സാറേ ആനപ്പിണ്ടത്തില്‍ അറിയാതെ ചവിട്ടിയാല്‍ മുടി വളരുമോയെന്നാണ്. ഉത്തരം വൈകിയില്ല. അത് വെറുതെ പറയുകയാണെന്ന് പറഞ്ഞ് മാഷ്. ആനപ്പിണ്ടത്തില്‍ അറിഞ്ഞിട്ട് ചവിട്ടിയാലും അറിയാതെ ചവിട്ടിയാലും കാല് കഴുകിയാല്‍ മതിയെന്നും പറഞ്ഞു.

കാട്ടിലെ ആന എന്ത് കഴിക്കുമെന്ന ചോദ്യത്തിന് പുല്ല് എന്നായിരുന്നു മിടുക്കരുടെ ഉത്തരം. എന്നാല്‍ മാഷ് ആ ഉത്തരം തിരുത്തി പനയോലയെന്ന് പറഞ്ഞ് കൊടുത്തു. ഒരു ആനയ്ക്ക് ഒരു ദിവസം 250 കിലോ പുല്ല് വേണമെന്ന് കേട്ടപ്പോള്‍ കുട്ടികളൊന്ന് അമ്പരന്നു. അതിനിടെ ഒരു മിടുക്കി ആനയെ കുറിച്ച് താന്‍ പഠിച്ച കാര്യങ്ങളെല്ലാം എല്ലാവരോടും പറഞ്ഞു. ആനയുടെ തുമ്പിക്കൈയില്‍ 6 മുതല്‍ 10 ലീറ്റര്‍ വരെ വെള്ളം കൊള്ളുമത്രേ. ആനയ്ക്ക് ഒരു ദിവസം കുടിക്കാന്‍ 200 ലീറ്റര്‍ വെള്ളം വേണമെന്നും കുട്ടികള്‍ക്ക് പുതിയ അറിവായിരുന്നു.