Celebrity

കട്ടഫാന്‍ ! മന്നത്തിന് പുറത്ത് കാത്തിരുന്നത് 95 ദിവസം, ആരാധകനെ നേരിട്ട് കണ്ട് ഷാരൂഖ്

ബോളിവുഡിലെ ബാദ്ഷാ എന്ന് വിളിയ്ക്കുന്ന ഷാരൂഖ് ഖാനോട് ഭ്രാന്ത് പിടിയ്ക്കുന്ന തരത്തില്‍ ആരാധനയുള്ള നിരവധി ആരാധകരുണ്ട്. ഒന്നിന് പിറകെ ഒന്നായി ബോക്സ്ഓഫീസില്‍ ഹിറ്റുകള്‍ സമ്മാനിയ്ക്കുന്ന താരം ആരാധകരുടെ ഹൃദയത്തില്‍ നിറഞ്ഞു നില്‍ക്കുകയാണെന്ന് തന്നെ പറയാം. അദ്ദേഹത്തിന്റെ ബംഗ്ലാവായ മന്നത്തിന് പുറത്ത് താരത്തെ ഒരു നോക്ക് കാണാനായി ആരാധകര്‍ മണിക്കൂറുകള്‍ കാത്തിരിക്കാറുണ്ട്. തന്റെ പിറന്നാള്‍, ഈദ്, മറ്റ് വിശേഷ ദിവസങ്ങള്‍ എന്നിവയില്‍ ഷാരൂഖ് ഖാന്‍ തന്റെ ആരാധകരെ കാണാന്‍ മന്നത്തിന് പുറത്ത് എത്താറുണ്ട്.

താരത്തിന്റെ പിറന്നാളിനോട് അനുബന്ധിച്ച് നിരവധി ആരാധകര്‍ അദ്ദേഹത്തെ കാണാന്‍ കഴിഞ്ഞ ദിവസം മന്നത്തിന് പുറത്ത് കാത്തി നിന്നിരുന്നു. എന്നാല്‍ ഷാരൂഖ് ഈ സമയം മറ്റൊരു പരുപാടിയില്‍ പങ്കെടുക്കാന്‍ പോയിരിയ്ക്കുകയായിരുന്നു. അതുകൊണ്ടു തന്നെ തന്റെ ആരാധകരെ അദ്ദേഹത്തിന് നിരാശരാക്കേണ്ടി വന്നു. നിരവധി ആരാധകര്‍ക്ക് ഒപ്പം തന്നെ ഒരാള്‍ കഴിഞ്ഞ 95 ദിവസമായി അദ്ദേഹത്തെ കാണാന്‍ മന്നത്തിന് പുറത്ത് കാത്തു നിന്നിരുന്നു. പിറന്നാള്‍ ദിനത്തില്‍ എന്തായാലും താരത്തെ കാണാമെന്നായിരുന്നു ഈ ആരാധകന്റെ പ്രതീക്ഷ.

ജാര്‍ഖണ്ഡില്‍ നിന്നുള്ള ഷെയ്ഖ് മുഹമ്മദ് അന്‍സാരി എന്നയാളാണ് തന്റെ ബിസിനസ് പോലും ഉപേക്ഷിച്ച് ഷാരൂഖ് ഖാന്റെ താമസസ്ഥലത്തിന് പുറത്ത് മാസങ്ങളോളം ക്യാമ്പ് ചെയ്തത്. ഇങ്ങനെ ഒരാളെ കുറിച്ച് പിന്നീട് അറിഞ്ഞ ഷാരൂഖ് ഉടന്‍ തന്നെ അന്‍സാരിയെ കാണുകയും ഇദ്ദേഹത്തോടൊപ്പം ഒരു ചിത്രവും എടുത്തു. ഇരുവരും ഒരുമിച്ചുള്ള ചിത്രം സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാണ്. ഷാരൂഖിനെ കണ്ടുമുട്ടിയത് ആത്യന്തിക വിജയമാണെന്നും അദ്ദേഹത്തോടുള്ള ഇഷ്ടം ഒരു ഭ്രമമായി മാറിയെന്നും അന്‍സാരി പറഞ്ഞു. ഇത്രയും നാളത്തെ കാത്തിരിപ്പിന് ഒടുവില്‍ നടനെ കാണാന്‍ സാധിച്ചതിനാല്‍ തന്റെ ക്ഷമയ്ക്ക് ഫലമുണ്ടായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.