Health

വൈറ്റമിന്‍ ബിയുടെ അഭാവം അത്ര നിസാരമല്ല ; പഠനങ്ങള്‍ പുറത്ത്

വൈറ്റമിന്‍ ബിയുടെ അഭാവത്തെക്കുറിച്ചുള്ള പുതിയ പഠനമാണ് ശ്രദ്ധേയമാകുന്നത്. വൈറ്റമിന്‍ ബിയുടെ അഭാവം രക്തധമനികളില്‍ കൊഴുപ്പ് കെട്ടിക്കിടക്കാനും അവയുടെ ഭിത്തികള്‍ക്ക് ക്ഷതമേല്‍പ്പിക്കാനും കാരണമാകുമെന്നാണ് പഠനം പറയുന്നത്. രക്തധമനികളുടെ ഭിത്തിയില്‍ കൊഴുപ്പും കൊളസ്ട്രോളും കെട്ടിക്കിടന്ന് രക്തപ്രവാഹം തടസ്സപ്പെടുന്ന രോഗാവസ്ഥയാണ് അതെറോസ്‌ക്ലീറോസിസ്.

വൈറ്റമിന്‍ ബി12, ബി6, ബി9 എന്നിവയുടെ തോത് ശരീരത്തില്‍ കുറയുന്നത് അതെറോസ്‌ക്ലീറോസിസിലേക്ക് നയിക്കുമെന്ന് ബയോമെഡിസിന്‍ ഫാര്‍മക്കോതെറാപ്പി ജേണലില്‍ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ട് പറയുന്നു. ഇതിന്റെ ആരംഭം എങ്ങനെയാണ് എന്നതിനെക്കുറിച്ച് വ്യക്തമല്ലെങ്കിലും, ഉയര്‍ന്ന കൊളസ്ട്രോള്‍ തോത്, ഉയര്‍ന്ന രക്തസമ്മര്‍ദം, പുകവലി, ടൈപ്പ് 1 പ്രമേഹം, അമിതവണ്ണം, ശാരീരികമായ നിശ്ചലാവസ്ഥ, അണ്‍സാച്ചുറേറ്റഡ് കൊഴുപ്പ് അടങ്ങിയ ഭക്ഷണക്രമം എന്നിവയെല്ലാം അതെറോസ്‌ക്ലീറോസിസിലേക്ക് നയിക്കാവുന്ന ഘടകങ്ങളാണ്.

ഹോമോസിസ്റ്റീന്‍ എന്ന അമിനോ ആസിഡിനെ വിഘടിപ്പിക്കുന്നതില്‍ വൈറ്റമിന്‍ ബി12, ബി6, ഫോളിക് ആസിഡ് തുടങ്ങിയ പോഷണങ്ങള്‍ മുഖ്യ പങ്ക് വഹിക്കുന്നതായി ഗവേഷകര്‍ പറയുന്നു. ഈ അമിനോ ആസിഡിന്റെ തോതുയരുന്നത് രക്തധമനികളുടെ ഭിത്തികളെ നശിപ്പിക്കുകയും അതെറോസ്‌ക്ലീറോസിസിലേക്ക് നയിക്കുകയും ചെയ്യും. ഇത് മൂലമാണ് വൈറ്റമിന്‍ ബി12 അഭാവം ഹൃദയാഘാതത്തിന്റെയും പക്ഷാഘാതത്തിന്റെയും രക്തത്തിലെ ക്ലോട്ടുകളുടെയും സാധ്യത വര്‍ധിപ്പിക്കുന്നത്.

ചര്‍മത്തിലെ ഇളംമഞ്ഞനിറം, നാവില്‍ ചുവന്ന നിറവും മുറിവും, വായില്‍ അള്‍സറുകള്‍, ദേഹത്ത് സൂചി കുത്തുന്ന തോന്നല്‍, മങ്ങിയ കാഴ്ച, മൂഡ് മാറ്റങ്ങള്‍, ഉത്കണ്ഠ, വിഷാദം, ഗ്യാസ്ട്രോഇന്റസ്റ്റൈനല്‍ പ്രശ്നങ്ങള്‍, തലവേദന, ഒന്നിലും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ പറ്റാത്ത അവസ്ഥ എന്നിവയെല്ലാം വൈറ്റമിന്‍ ബി 12 അഭാവത്തിന്റെ ലക്ഷണങ്ങളാണ്. ഹൃദ്രോഗപ്രശ്നങ്ങളെ തുടര്‍ന്ന് പ്രതിവര്‍ഷം 18 ദശലക്ഷം പേരെങ്കിലും മരണപ്പെടുന്നതായാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്. ഇതില്‍ ഭൂരിപക്ഷവും അതെറോസ്‌ക്ലീറോസിസ് മൂലമാണ് സംഭവിക്കുന്നത്.