Lifestyle

കഞ്ചാവ് തലച്ചോറില്‍ നേരിട്ട് മാറ്റങ്ങള്‍ ഉണ്ടാക്കുന്നുവോ ? കൂടുതല്‍ പഠനങ്ങള്‍ ആവശ്യമാണെന്ന് ഗവേഷകര്‍

.

ദീർഘകാലത്തേക്ക് കഞ്ചാവ് ഉപയോഗിക്കുന്നത് ആളുകളുടെ തലച്ചോറിലെ മാറ്റങ്ങളെ, വൈറ്റ് മാറ്റർ കണക്റ്റിവിറ്റി ഉൾപ്പെടെ (തലച്ചോറിന്റെ വിവിധ ഭാഗങ്ങളെ ബന്ധിപ്പിക്കുന്ന നാഡിഞരമ്പുകളുടെ ഒരു ശേഖരമാണ് വൈറ്റ് മാറ്റർ) ബാധിക്കുമെന്നാണ് ഇതുവരെയുള്ള പഠനങ്ങള്‍ പറയുന്നത്. എന്നാല്‍ ഒരു പുതിയ പഠനം പറയുന്നത് കഞ്ചാവ് കാരണമായിരിക്കില്ല ഈ മാറ്റങ്ങള്‍ എന്നാണ്. പക്ഷേ ഗവേഷകർ പറയുന്നത്, ഇതിന്റെ ദീര്‍ഘകാലത്തെ ഉപയോഗത്തെക്കുറിച്ചുള്ള പ്രത്യാഘാതങ്ങള്‍ അറിയാന്‍ കൂടുതൽ പഠനങ്ങൾ ആവശ്യമാണെന്നാണ്.

യുകെ ബയോബാങ്ക് ഡാറ്റാസെറ്റില്‍ നിന്ന് ഏകദേശം 16,000 കഞ്ചാവ് ഉപയോക്താക്കളുടെ ജനിതക, എംആര്‍ഐ ബ്രെയിന്‍ സ്‌കാന്‍ ഡാറ്റ ഉപയോഗിച്ചാണ് ഗവേഷകര്‍ കണ്ടെത്തല്‍ നടത്തിയത്. ഇതിന്റെ ദീര്‍ഘകാല ഉപഭോക്താക്കള്‍ക്ക് പല ബുദ്ധിമുട്ടുകളും അനുഭവപ്പെട്ടിരുന്നു . എന്നാല്‍, യുകെയിലെ ഓക്‌സ്‌ഫോര്‍ഡ് സര്‍വ്വകലാശാലയിലെ ഗവേഷകര്‍, കഞ്ചാവ് ഉപഭോക്താക്കളുടെ തലച്ചോറില്‍ ഹാനികരമായ മാറ്റങ്ങള്‍ വരുത്തുന്നില്ലെന്നാണ് കണ്ടെത്തിയത്.

ബ്രിട്ടീഷ് മെഡിക്കല്‍ ജേണലില്‍ (ബിഎംജെ) പ്രസിദ്ധീകരിച്ച ഫലങ്ങള്‍ ‘സൂക്ഷ്മമായി ഇനിയും പഠിക്കേണ്ടതുണ്ട്’ എന്ന് പഠനസംഘം മുന്നറിയിപ്പ് നല്‍കി. കഞ്ചാവിന്റെ പാര്‍ശ്വഫലങ്ങള്‍ മനസിലാക്കാന്‍ കൂടുതല്‍ ഗവേഷണം ആവശ്യമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഉയര്‍ന്ന വരുമാനമുള്ള പല രാജ്യങ്ങളിലും, വിട്ടുമാറാത്ത വേദനയ്ക്കുള്ള ചികിത്സയ്ക്ക് ഔഷധമായി ഇവ ഉപയോഗിക്കുന്നത് നിയമവിധേയമാക്കിയിട്ടുണ്ട്. പല രാജ്യങ്ങളിലും കഞ്ചാവ് ഉപയോഗം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്.

കാനഡയും ജര്‍മ്മനിയും പോലുള്ള രാജ്യങ്ങള്‍ കുറഞ്ഞ അളവില്‍ അതിന്റെ ഉപയോഗം നിയമവിധേയമാക്കിയിരിക്കെ ലോകമെമ്പാടും ഈ വിഷയം ചര്‍ച്ച ചെയ്യപ്പെടുകയാണ്. കഞ്ചാവ് തലച്ചോറിന്റെ പ്രവര്‍ത്തനത്തെയും ഘടനയെയും പ്രതികൂലമായി ബാധിക്കുമെന്ന് മുന്‍കാല പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ദീര്‍ഘകാല ഉപയോഗം മൂലമുണ്ടാകുന്ന പ്രത്യാഘാതങ്ങള്‍, ഇതിന്റെ ‘സുരക്ഷിത പരിധി’ സംബന്ധിച്ച വിവരങ്ങള്‍ എന്നിവ വ്യക്തമല്ലെന്ന് ഗവേഷകര്‍ പറയുന്നു .

അതിനാൽ, ജനിതക വ്യതിയാനങ്ങൾ പരിശോധിക്കുന്ന ‘മെൻഡേലിയൻ റാൻഡമൈസേഷൻ’ എന്ന അനലിറ്റിക്കൽ ടെക്നിക്കാണ് ടീം ഉപയോഗിച്ചത്. ജനിതക വ്യതിയാനങ്ങൾ വിശകലനം ചെയ്തപ്പോള്‍ തലച്ചോറിന്റെ ഇടത് വലത് വശങ്ങള്‍ തമ്മിലുള്ള പ്രധാന ആശയവിനിമയ മാര്‍ഗമായ ‘കോര്‍പ്പസ് കോളോസത്തില്‍’ കഞ്ചാവ് കഴിക്കുന്നതിന്റെ ഫലങ്ങള്‍ പ്രത്യേകിച്ചും പ്രകടമാകുന്നതായും ഡിഫോള്‍ട്ട് മോഡ് നെറ്റ് വര്‍ക്കില്‍ ഉള്‍പ്പെട്ടിരിക്കുന്നവയുള്‍പ്പെടെ കഞ്ചാവ് മാറ്റങ്ങള്‍ വരുത്തുന്നതായും കണ്ടെത്തി .

കഞ്ചാവ് കഴിക്കുന്നത് പുരുഷന്മാരെയും സ്ത്രീകളെയും വ്യത്യസ്തമായി ബാധിക്കുന്നതായും ഇവര്‍ കണ്ടെത്തി. പുരുഷന്മാരിലെ ആറ് പ്രത്യേക മസ്തിഷ്‌ക മേഖലകളില്‍ ഇവ കാര്യമായ മാറ്റങ്ങള്‍ സൃഷ്ടിക്കുമ്പോള്‍ സ്ത്രീകളില്‍ 24 മസ്തിഷ്‌ക മേഖലകളില്‍ ഇവ വ്യതിയാനം ഉണ്ടാക്കുന്നതായും പഠനം വെളിവാക്കുന്നു . പാരമ്പര്യ ഘടകങ്ങള്‍, ഭക്ഷണക്രമം, ഉപയേിച്ചിരുന്ന മരുന്നുകൾ എന്നിവപോലെ പരിഗണിക്കാതിരുന്ന ഘടകങ്ങള്‍ മുൻകാല പഠനങ്ങളെ സ്വാധീനിച്ചിരിക്കാമെന്നും ഗവേഷകര്‍ പറയുന്നു.

കഞ്ചാവ് ഉപയോഗം തലച്ചോറിന്റെ ഘടനയിലും പ്രവര്‍ത്തനത്തിലും ഉള്ള വ്യത്യാസങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇത് മനസിലാക്കാന്‍ കൂടുതല്‍ ഗവേഷണം ആവശ്യമാണെന്നും ഗവേഷകര്‍ പറയുന്നു.