Lifestyle

ഐഫോണ്‍ 16 ന് വിലക്ക് ഏര്‍പ്പെടുത്തി ഇന്തോനേഷ്യ; വാങ്ങാനും പറ്റില്ല ഉപയോഗിക്കാനും സമ്മതിക്കില്ല !

ലോകത്ത് ഐഫോണ്‍ കിട്ടാന്‍ മോഹിക്കാത്തവരുണ്ടോ? ഓരോരോ ജനറേഷനില്‍ പെട്ട പുതിയ മോഡലുകള്‍ ഇറങ്ങുമ്പോഴും ആള്‍ക്കാര്‍ തിക്കും തിരക്കും കൂട്ടുമ്പോള്‍ ഇന്തോനേഷ്യക്കാര്‍ മാത്രം ഏറ്റവും പുതിയ മോഡലായ ഐഫോണ്‍ 16 നോട് വിട്ടു നില്‍ക്കും. കാരണം ഇന്തോനേഷ്യയില്‍ ആപ്പിളിന്റെ ഐഫോണ്‍ 16 ന്റെ വില്‍പ്പനയും പ്രവര്‍ത്തനവും രാജ്യത്ത് നിരോധിച്ചിരിക്കുകയാണ്. ചൊവ്വാഴ്ച ഇന്തോനേഷ്യന്‍ വ്യവസായമന്ത്രി ആഗസ് ഗുമിവാങ് കര്‍താസ് സ്മിതയാണ് ഐഫോണ്‍ 16 ന്റെ പ്രവര്‍ത്തനം നിയമവിരുദ്ധമായി പ്രഖ്യാപിച്ചത്.

ഇന്തോനേഷ്യക്കാരോട് പുറത്തുനിന്നു പോലും ഫോണ്‍ വാങ്ങിയേക്കരുതെന്നാണ് മുന്നറിയിപ്പ്. ഉല്‍പ്പന്നത്തിന് ഇതുവരെ ഇന്റര്‍നാഷണല്‍മൊബൈല്‍ എക്യൂപ്‌മെന്റ് ഐഡന്റിറ്റി സര്‍ട്ടിഫിക്കേഷന്‍ ഇതുവരെ നല്‍കിയിട്ടില്ലെന്നും പറഞ്ഞു. ഇന്തോനേഷ്യയില്‍ മുമ്പ് പ്രഖ്യാപിച്ച നിക്ഷേപം സംബന്ധിച്ച കാര്യങ്ങള്‍ പൂര്‍ത്തിയാകാത്ത സാഹചര്യത്തിലാണ് ആപ്പിളിന് രാജ്യത്ത് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ടെക്ഭീമന്‍ ഇതുവരെ ഇന്തോനേഷ്യയില്‍ 95 ദശലക്ഷം ഡോളറിന്റെ നിക്ഷേപം നടത്തിയിരിക്കുകയാണ്. ഇതിന് പുറമേ 14.75 ദശലക്ഷം ഡോളര്‍ കൂടി ഇന്തോനേഷ്യന്‍ വ്യവസായ മേഖലയില്‍ നിക്ഷേപിക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും നടപ്പിലാക്കിയിട്ടില്ല.

നേരത്തേ ഏപ്രിലില്‍ ജക്കാര്‍ത്തയില്‍ സന്ദര്‍ശനം നടത്തിയപ്പോള്‍ ആപ്പിള്‍ സിഇഒ ടിംകുക്ക് ഇന്തോനേഷ്യന്‍ പ്രസിഡന്റ് ജോക്കോ വിഡോഡോയുമായി ഒരു നിര്‍മ്മാണ പ്ലാന്റിനെക്കുറിച്ച് ചര്‍ച്ച നടത്തിയിരുന്നു. ഇന്തോനേഷ്യയില്‍ ഒരു മാനുഫാക്ചറിംഗ് സൗകര്യം തുറക്കാനുള്ള സാധ്യത കമ്പനി സൂചിപ്പിക്കുകയും ചെയ്തു. സെപ്തംബര്‍ 20 ന് ആപ്പിള്‍ ഐഫോണ്‍ 16 ആഗോളമായി പുറത്തിറക്കിയിരുന്നു. ആപ്പിള്‍ നിക്ഷേപവുമായി ബന്ധപ്പെട്ട് നല്‍കിയ ഉറപ്പ് പാലിച്ചാല്‍ മാത്രമേ ടികെഡിഎന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കു എന്നാണ് വ്യാവസായിക മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് ഫെബ്രി ഹെന്ററി ആന്റണി ആരിഫും നേരത്തേ വ്യക്തമാക്കിയത്.