Movie News

തീയേറ്ററില്‍ പ്രമോഷനെത്തിയ വില്ലന്റെ കരണത്തു പൊട്ടിച്ച് പ്രേക്ഷക: വിഡിയോ വൈറൽ

അടുത്തിടെ റിലീസായ ലവ് റെഡ്ഡി എന്ന സിനിമയുടെ തിയറ്റര്‍ പ്രദര്‍ശനത്തിനിടെ വില്ലന്‍ വേഷം ചെയ്ത തെലുങ്ക് നടന്‍ എന്‍ടി രാമസ്വാമിയെ ഒരു പ്രേക്ഷക കൈകാര്യം ചെയ്തുകളഞ്ഞു. നടനെ സ്ത്രീ തല്ലുകയും ആക്രമിക്കുകയും ചെയ്തു. ചിത്രത്തില്‍ നെഗറ്റീവ് കഥാപാത്രത്തെ അവതരിപ്പിക്കുന്ന രാമസ്വാമി പ്രധാന കഥാപാത്രങ്ങളായ അഞ്ജന്‍ രാംചേന്ദ്രയും ശ്രാവണി കൃഷ്ണവേണിയും അവതരിപ്പിച്ച ജോഡികളെ വേര്‍പെടുത്തുന്നുണ്ട്. ലവ് റെഡ്ഡി സിനിമയുടെ വിജയം ആഘോഷിക്കാന്‍ തീയറ്ററില്‍ എത്തിയപ്പോള്‍, നടനെ കണ്ട ഒരു സ്ത്രീ പ്രകോപിതയാകുകയും കോളറില്‍ കടന്നു പിടിച്ച് മര്‍ദ്ദിക്കുകയും ചെയ്തു.

വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. വീഡിയോയില്‍ നടന്‍ എന്‍ടി രാമസ്വാമിയുടെ കഥാപാത്രം മകളെ നിരാകരിക്കുകയും അവളെ കല്ലുകൊണ്ട് അടിക്കുകയും ചെയ്യുന്ന രംഗമുണ്ട്. തുടര്‍ന്ന്, തിയേറ്ററിനുള്ളില്‍ സിനിമയുടെ അഭിനേതാക്കള്‍ പ്രേക്ഷകരെ കണ്ടുമുട്ടുന്ന ഭാഗത്തേക്ക് പോകുന്നതായി വീഡിയോ കട്ട് ചെയ്യുന്നു. ആ നിമിഷം സിനിമകണ്ട രോഷാകുലയായ ഒരു സ്ത്രീ നടനെ തല്ലുകയും കോളറില്‍ പിടിച്ചുവലിക്കുകയും ചെയ്തു. സഹതാരങ്ങള്‍ രാമസ്വാമിയുടെ രക്ഷയ്ക്കെത്തിയെങ്കിലും യുവതി ആവര്‍ത്തിച്ച് രാമസ്വാമിക്കെതിരെ ആകോശിച്ചുകൊണ്ട് വന്നു.

തനിക്കെതിരായ പെട്ടെന്നുള്ള ആക്രമണത്തില്‍ നടന്‍ ഞെട്ടിപ്പോയി . പ്രധാന ജോഡിയെ വേര്‍പെടുത്താനുള്ള കഥാപാത്രത്തിന്റെ ഉദ്ദേശ്യത്തെക്കുറിച്ച് സ്ത്രീ ചോദ്യങ്ങള്‍ ഉന്നയിക്കുന്നത് വീഡിയോയില്‍ കേള്‍ക്കാം. വിഡിയോ വൈറലായതോടെ പല തരത്തിലുള്ള അഭിപ്രായങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ ഉയരുന്നത്. സിനിമാക്കാരുടെ തന്നെ പ്രമോഷനൽ സ്റ്റണ്ട് ആണ് ഈ സംഭവമെന്നാണ് വിമർശനം

സ്മരണ്‍ റെഡ്ഡി രചനയും സംവിധാനവും നിര്‍വ്വഹിച്ച ഒരു പഴയ സ്‌കൂള്‍ റൊമാന്റിക് ചിത്രമാണ് ലവ് റെഡ്ഡി. ഒക്ടോബര്‍ 18 ന് തിയേറ്ററുകളില്‍ റിലീസ് ചെയ്തു തെലുങ്ക്‌സിനിമ നിരൂപകരില്‍ നിന്നും പ്രേക്ഷകരില്‍ നിന്നും ചിത്രത്തിന് നല്ല പ്രതികരണമാണ് നേടിക്കൊണ്ടിരിക്കുന്നത്.