Health

നിങ്ങള്‍ക്ക് പ്രോട്ടീൻ ആവശ്യത്തിനു ലഭിക്കുന്നില്ലേ? ഈ ലക്ഷണങ്ങൾ പറയും

ശരീരത്തിലെ പല പ്രവര്‍ത്തനത്തിനും പ്രോട്ടീന്‍ വളരെ അത്യാവശ്യമാണ് . കലകളുടെ കേടുപാടുകള്‍ പരിഹരിക്കുന്നതിനായും എന്‍സൈമുകളുടെയും ഹോര്‍മോണുകളുടെയും ഉല്‍പാദത്തിനും രോഗപ്രതിരോധ സംവിധാനം മെച്ചപ്പെടുത്തുന്നതിനും പ്രോട്ടീന്‍ പ്രാധാന്യം അര്‍ഹിക്കുന്നു.തലമുടി, നഖങ്ങള്‍, ചര്‍മം ഇവയുടെ എല്ലാം ആരോഗ്യത്തിന് പ്രോട്ടീന്‍ വേണം. എന്നാല്‍ ആവശ്യത്തിനുള്ള പ്രോട്ടീന്‍ ലഭിച്ചില്ലെങ്കില്‍ എന്തുണ്ടാകുമെന്നറിയാമോ?

മസില്‍ മാസ് നിലനിര്‍ത്തുന്നതിനായി പ്രോട്ടീന്‍ ആവശ്യമാണ്. ഇത് ലഭിച്ചില്ലെങ്കില്‍ ശരീരം പേശീകലകളെ വിഘടിപ്പിച്ചു തുടങ്ങും.ഇത് പിന്നീട് ബലക്കുറവിനും പേശിനഷ്ടത്തിനും കാരണമാകുന്നു.പടികള്‍ കയറാനും വസ്തുക്കള്‍ ഉയര്‍ത്താനുമൊക്കെ പ്രയാസം അനുഭവപ്പെട്ടേക്കാം.

കലകളുടെ കേടുപാടുകള്‍ പരിഹരിക്കാനും പുതിയവയുടെ നിര്‍മാണത്തിനും പ്രോട്ടീന്‍ ആവശ്യമാണ്. ഇത് ആവശ്യത്തിന് ലഭിച്ചില്ലെങ്കില്‍ മുറുവുകള്‍ ഉണങ്ങാനും പരിക്കുകള്‍ ഭേദമാകാനും താമസമെടുക്കും. പ്രോട്ടീന്‍ വളരെ കുറവാണ് എന്നതിന്റെ സൂചനയാണിത് ദുര്‍ബലമായ രോഗപ്രതിരോധ സംവിധാനം പ്രോട്ടീന്‍ ആവശ്യത്തിനില്ലാത്തതിന്റ സൂചനയാണ്.

പ്രോട്ടീനുകളുടെ അഭാവം രോഗപ്രതിരോധസംവിധാത്തെ ദുര്‍ബലപ്പെടുത്തുന്നു. തലമുടി നഖം ചര്‍മം ഇവ പ്രധാനമായും പ്രോട്ടീനുകളാല്‍ നിര്‍മിക്കപ്പെട്ടിരിക്കുന്നു.ആവശ്യത്തിന് പ്രോട്ടീന്‍ ഭക്ഷണത്തില്‍ ഇല്ലെങ്കില്‍ മുടി കൊഴിച്ചില്‍, നഖം വിണ്ടു കീറുക, വരളുക ഇവയ്ക്ക് കാരണമാകും.

പ്രോട്ടീന്‍ ഊര്‍ജത്തിന്റെ ഉറവിടമാണ് പ്രോട്ടീന്‍ ആവശ്യത്തിന് ശരീരത്തിന് ലഭ്യമായില്ലെങ്കില്‍ ക്ഷീണം അനുഭവപ്പെടാം.തുടര്‍ച്ചയായുണ്ടാകുന്ന ക്ഷീണം ഭക്ഷണത്തിലൂടെ ആവശ്യത്തിന് പ്രോട്ടീന്‍ ലഭ്യമാകുന്നില്ല എന്നതിന്റെ സൂചനയാണ്.

വയറ് നിറഞ്ഞതായി തോന്നല്‍ ഉണ്ടാകാനും വിശപ്പ് നിയന്ത്രിക്കാനും പ്രോട്ടീന്‍ സഹായിക്കും. ആവശ്യത്തിനുള്ള പ്രോട്ടീന്‍ ലഭിച്ചില്ലെങ്കില്‍ ഇടയ്ക്കിടെ വിശപ്പ് ഉണ്ടാകും.

ബുദ്ധിയെയുംമനോനിലയെയും നിയന്ത്രിക്കുന്ന ന്യുറോ ട്രാന്‍സ്മിറ്ററുകളെ ഉല്‍പാദിപ്പിക്കാന്‍ പ്രോട്ടീന്‍ സഹായിക്കും. ആവശ്യത്തിന് പ്രോട്ടീന്‍ ലഭ്യമായില്ലെങ്കില്‍ മൂഡ് സ്വീങ്സ് ഉണ്ടാകും.ഉത്കണ്ഠയ്ക്കും വിഷാദത്തിനും ഇത് കാരണമാകും.