Lifestyle

ഗൂഗിളില്‍ ജോലി നേടണോ? ഈ കഴിവുകള്‍ ഉണ്ടെങ്കില്‍ ജോലി ഉറപ്പ്

ഗൂഗിളില്‍ ജോലി നേടുകയെന്നത് പലരുടെയും ഒരു സ്വപ്നമാണ്. എന്നാല്‍ ഇത് നേടിയെടുക്കാന്‍ അത്ര പ്രയാസമില്ല. ഗൂഗിളിന്റെ മാതൃക കമ്പനിയായ ആല്‍ഫബറ്റ് സി ഇ ഒ സുന്ദര്‍ പിച്ചൈ അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തില്‍ ഇതിന് ആവശ്യമായ ചിലകാര്യങ്ങള്‍ അടിവരയിടുന്നു. ഗൂഗിള്‍ പുതുതായി ജോലി കൊടുക്കാന്‍ ആഗ്രഹിക്കുന്നത് അതിവേഗം മാറുന്ന സാഹചര്യങ്ങള്‍ക്കനുസരിച്ച് നന്നായി പ്രവര്‍ത്തിക്കുന്ന സൂപ്പര്‍സ്റ്റാര്‍ സോഫ്ട് വെയര്‍ എന്‍ജീനിയര്‍മാരെയാണെന്ന് സുന്ദര്‍ പറയുന്നു. നൂതനമായ വിഷയങ്ങള്‍ പഠിച്ചെടുക്കാനുള്ള കഴിവും സാങ്കേതിക ശേഷിക്കൊപ്പം പരിതസ്ഥിതികളോട് വേഗം ഇണങ്ങാനുള്ള ശേഷിയും ജീവനക്കാരില്‍ ആവശ്യമാണ്.

2024 ലെ കണക്കുകള്‍ പ്രകാരം 1, 79,000 ജീവനക്കാര്‍ തൊഴിലെടുക്കുന്ന സ്ഥാപനമാണ് ഗൂഗിള്‍. എന്നാല്‍ ഇത്തരത്തില്‍ തൊഴില്‍ വാഗ്ദാനം ചെയ്യുന്നവരില്‍ 90 ശതമാനം പേരും ആ ഓഫര്‍ സ്വീകരിച്ചിട്ടുണ്ടെന്നും പിച്ചൈ പറഞ്ഞു.ഗൂഗിളിലെ തന്റെ ആദ്യ ദിനങ്ങളില്‍ എങ്ങനെയാണ് കഫേയിലെ അപ്രതീക്ഷിത സംഭാഷണങ്ങള്‍ ആവേശകരമായ പുതിയ പദ്ധതികളിലേക്ക് നയിച്ചതെന്നും പിച്ചൈ അഭിമുഖത്തിനിടെ ഓര്‍ത്തെടുത്തു. ഒരു ഉദ്യോഗാര്‍ത്ഥിയെന്ന നിലയില്‍ വേറിട്ട് നില്‍ക്കേണ്ടത് ഗൂഗിളില്‍ ജോലി ലഭിക്കാന്‍ അത്യാവശ്യമാണെന്ന് മുന്‍ ഗൂഗിള്‍ റിക്രൂട്ടറായ നോളന്‍ ചര്‍ച്ച് ബിസിനസ്സ് മിനിട്ട്സിന് നല്‍കിയ അഭിമുഖത്തില്‍ അഭിപ്രായപ്പെട്ടു.

കമ്പനിയെ പറ്റിയും അത് മുന്നോട്ട് വെക്കുന്ന മൂല്യങ്ങളെ പറ്റിയും നന്നായി ഗവേഷണം നടത്തേണ്ടത് അത്യാവശ്യമാണെന്നും നോളന്‍ പറഞ്ഞു. അഭിമുഖത്തില്‍ ഗൂഗിളിലെ മുഖ്യസ്ഥാനം വഹിക്കുന്നവര്‍ നടത്തിയ അഭിമുഖത്തിലെയോ പ്രസംഗത്തിലേയോ പോയിന്റുകള്‍ റഫറന്‍സായി പറയുന്നത് നന്നായിരിക്കും. നിങ്ങള്‍ പൂര്‍ത്തികരിച്ച പ്രോജക്റ്റിനെ പറ്റിയും കരിയറിലെ നേട്ടങ്ങളെ പറ്റിയും പറയാന്‍ സാധിക്കണം. നിങ്ങളുടെ അനുഭവകഥകള്‍ പറയുന്നതും വളരെ നന്നായിരിക്കുമെന്ന് നോളന്‍ കൂട്ടിച്ചേര്‍ത്തു.