Fitness

നല്ല ആരോഗ്യം വേണോ? നിർബന്ധമായും പാലിക്കേണ്ട ആരോഗ്യ നിയമങ്ങൾ

നല്ല ആരോഗ്യം നേടിയെടുക്കാൻ മികച്ച പരിശ്രമം ആവശ്യമാണ്. ശ്രദ്ധയോടും, ചിട്ടയോടും കൂടി വേണം ആരോഗ്യകരമായ ഓരോ പ്രവർത്തനങ്ങളും ആസൂത്രണം ചെയ്യുവാൻ . ചെയ്യുന്ന പ്രവർത്തികൾ ആരോഗ്യം നിലനിർത്താൻ സഹായിക്കുമെങ്കിൽ ഒരു മടിയും കൂടാതെ അവ തുടർന്നു കൊണ്ടു പോകാനുള്ള ഒരു മനസ് നിങ്ങൾക്ക് ആവശ്യമാണ്.

ആദ്യം നിങ്ങൾക്ക് എന്താണ് വേണ്ടതെന്നും അതിനായി നിങ്ങൾ എന്താണ് ചെയ്യേണ്ടതെന്നുമുള്ള വ്യക്തമായ ധാരണ ഉണ്ടാക്കിയെടുക്കുക. രണ്ടാമതായി, ആ ലക്ഷ്യത്തിലേക്ക്‌ ചെറിയ ചുവടുകൾ ഉറപ്പിക്കുക . മൂന്നാമതായി ആദ്യ പ്ലാനിൽ എന്തെങ്കിലും പിഴവുകൾ കണ്ടെത്തിയാൽ അത് മറികടക്കാൻ മറ്റൊരു പ്ലാൻ ഉണ്ടാക്കിയെടുക്കുക. ആരോഗ്യകരമായ ലക്ഷ്യങ്ങൾ നേടിയെടുക്കുന്നതിന് താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.

  1. എത്തിച്ചേരേണ്ട ലക്ഷ്യം എന്തെന്ന് തീരുമാനിക്കുക: നിങ്ങളുടെ ശരീരം നിങ്ങളോട് നല്ല രീതിയിൽ പ്രതികരിക്കണമെങ്കിൽ ചിട്ടയോടുകൂടിയ ഭക്ഷണം കഴിക്കാനും, ശരീര ഭാരത്തെ ക്രമീകരിക്കാനും ശ്രദ്ധിക്കേണ്ടതുണ്ട്. കഴിക്കേണ്ട ഭക്ഷണത്തെ കുറിച്ചും ആർജ്ജിക്കണമെന്ന് കരുതുന്ന ഭാരത്തെ കുറിച്ചും ഒരു കൃത്യമായ ബോധ്യം നിങ്ങളിൽ ഉണ്ടായിരിക്കണം.
  2. തീരുമാനിച്ച ലക്ഷ്യങ്ങളിൽ എങ്ങനെ എത്തിച്ചേരും? : നിങ്ങളുടെ ലക്ഷ്യങ്ങളിൽ എത്തിച്ചേരുവാൻ ആദ്യം എന്തെല്ലാം ആവശ്യമായിട്ടുണ്ടെന്നത് മനസിലാക്കുക. നിങ്ങളുടെ ആരോഗ്യസ്ഥിതിയെ കുറിച്ച് അറിയുവാനും, അനുയോജ്യമായ ഒരു വ്യായാമരീതി കണ്ടെത്താനും ഒരു ആരോഗ്യ വിദഗ്ദ്ധന്റെ അഭിപ്രായം തേടുന്നത് വളരെ ഗുണകരമാണ് .
  3. പ്ലാൻ ബി: ദിവസവും വ്യായാമം ചെയുന്നത് ബുദ്ധിമുട്ടായി തോന്നുന്നെങ്കിൽ വ്യായാമത്തെ കൂടുതൽ ആസ്വാദ്യകരമായ ഒന്നായി മാറ്റാൻ ശ്രമിക്കുക. അതായത് സൂമ്പ പോലെ നൃത്തത്തിലൂടെ വ്യായാമം ചെയ്യുന്ന രീതികൾ ശീലമാക്കുക.

നിങ്ങൾ നിർബന്ധമായും പാലിക്കേണ്ട ആരോഗ്യ നിയമങ്ങൾ ഏതെല്ലാം?

ഭക്ഷണത്തിൽ പഞ്ചസാരയുടെയും ഉപ്പിന്റെയും അളവ് കുറയ്ക്കുക : പഞ്ചസാര നിങ്ങളുടെ ശരീരത്തിന് ഏറ്റവും ദോഷകരമായ ഒന്നാണ് . അതുപോലെ തന്നെ നിങ്ങളുടെ രക്തത്തിൽ ഉപ്പിന്റെ അളവ് കൂടുന്നത് ഹൃദയത്തിനും, ശ്വാസകോശത്തിനും പ്രശ്നങ്ങൾ ഉണ്ടാക്കുന്നു. അതിനാൽ തന്നെ പഞ്ചസാരയ്ക്ക് പകരമായി ശർക്കര, തേൻ എന്നിവ പോലെ ശരീരത്തിന് ഗുണകരമായവ ഉപയോഗിക്കുക .

മിതമായി ഭക്ഷണം കഴിക്കുക: ആരോഗ്യകരമായ മറ്റൊരു ഘടകമാണ് മിത ഭക്ഷണം ശീലമാക്കുക എന്നത്. വയർ പകുതി നിറയുന്നത് വരെ മാത്രം ഭക്ഷണം കഴിക്കുന്നത് ദഹനരസങ്ങൾക്ക് ആവശ്യമായ ഇടം ശരീരത്തിൽ നൽകുകയും ആഹാരം വേഗം ദഹിപ്പിക്കുകയും ചെയ്യുന്നു . ഭക്ഷണം കഴിച്ചതിനുശേഷം വയറുനിറഞ്ഞതായി തോന്നാതിരിക്കുന്നതിൻ്റെ മറ്റൊരു പ്രധാന കാര്യം, ഭക്ഷണം കഴിക്കുമ്പോൾ വെള്ളം കുടിക്കാതിരിക്കുക എന്നതാണ്.

ദിവസവും ആവശ്യത്തിന് വെള്ളം കുടിക്കുക: രാവിലെ എഴുന്നേൽക്കുമ്പോൾ വെറും വയറ്റിൽ വെള്ളം കുടിക്കുന്നത് ശരീരത്തിന് ഗുണം ചെയ്യും. ദിവസവും 2 ലിറ്റർ വെള്ളം കുടിക്കുക. ഇത് ശരീരത്തിലെ നിർജ്ജലീകരണം തടയുന്നു.

അലസമായ ജീവിതശൈലി ഒഴിവാക്കുക : ഉദാസീനമായ ജീവിതശൈലിയാണ് ഒട്ടു മിക്ക രോഗങ്ങൾക്കും പ്രധാന കാരണം. കുറച്ച് സമയം നടക്കാനും, പ്രകൃതിയുമായി ഇടപഴകാനും സമയം കണ്ടെത്തുക. ഹോട്ടൽ ഭക്ഷണം ഒഴിവാക്കി വീടുകളിലെ ഭക്ഷണം ശീലമാക്കാൻ ശ്രമിക്കുക. ചിട്ടയായ ജീവിതശൈലിയും, അനുയോജ്യമായ ഭക്ഷണക്രമങ്ങളും മെച്ചപ്പെട്ട ആരോഗ്യം പ്രദാനം ചെയ്യുന്നു .