Lifestyle

പ്രണയബന്ധം തകര്‍ന്നിട്ടും എക്സുമായി ആശയവിനിമയം തുടരുന്നത് അപകടമാണോ?

പ്രണയ ബന്ധം തകര്‍ന്നതിന് ശേഷവും എക്സ് ലൗവറുമായുള്ള ആശയവിനിമയം പൂര്‍ണമായും അവസാനിപ്പിക്കേണ്ടതുണ്ടോ എന്ന ചോദ്യം പലരിലും ആശയക്കുഴപ്പമുണ്ടാക്കാറുണ്ട്. കാര്യങ്ങള്‍ പരസ്പരം പറഞ്ഞ് രണ്ട് വഴിക്ക് പോകുന്നതിന് പകരം ചിലര്‍ വളരെ പതിയെ ആശയവിനിമയത്തിന്റെ തോത് കുറച്ച് കുറച്ച് കൊണ്ടുവന്ന് പ്രണയം അവസാനിപ്പിക്കണമെന്ന് കരുതാറുണ്ട്. ആ സമയത്ത് മറ്റേയാള്‍ക്ക് ഉണ്ടാകാനായി സാധ്യതയുള്ള ഹൃദയവ്യഥ കുറയ്ക്കുമെന്ന് കരുതിയായിരിക്കും ഇങ്ങനെ ചെയ്യുന്നത്. മറ്റുചിലരാവട്ടെ നല്ല സുഹൃത്തുക്കളായി മുന്നോട്ട് പോകാമെന്ന് പറഞ്ഞ് ആശയവിനിമയം തുടരും. എന്നാല്‍ ഇത് നിങ്ങളെ ഒരു ടോക്സിക് ലൂപ്പില്‍ വീഴ്ത്തിയേക്കാം.

പ്രണയ ബന്ധം തകര്‍ന്നിട്ടും എക്സുമായി ആശയവിനിമയം നടത്തുമ്പോള്‍ എന്തെങ്കിലും പ്രശ്നം വരുമ്പോഴും സങ്കടം തോന്നുമ്പോഴും എക്സിനെ അഭയം പ്രാപിക്കും. ഇതിലൂടെ അനാരോഗ്യകരമായ സ്ഥിതിവിശേഷം ഉണ്ടാകാം. തുടര്‍ന്ന് നിങ്ങള്‍ വേണ്ടായെന്ന് വെച്ച ബന്ധത്തിലേക്കുതന്നെ മടങ്ങി വന്ന് കാര്യങ്ങള്‍ പഴയ രീതിയിലെ ബന്ധത്തിലേക്ക് വീണ്ടും പോകുന്നതിന് ഇടയാക്കും.

ഒരേസമയം നിങ്ങള്‍ എക്സിനെ വെറുക്കുന്നതിനുള്ള കാരണങ്ങള്‍ കണ്ടെത്തും, ആ വ്യക്തിയുടെ കൂടെ ഇരിക്കാനുള്ള കാരണവും കണ്ടെത്തും. തുടര്‍ന്ന് ഇത് രണ്ടുമുണ്ടാക്കുന്ന വൈകാരിക വിക്ഷോഭത്തിന്റെ നടുവില്‍ നിങ്ങള്‍ പെട്ടുപോയേക്കാം. ഒരു പ്രണയബന്ധം പൂര്‍ണമായി അവസാനിപ്പിച്ച് നിങ്ങള്‍ മുന്നോട്ട് പോയാല്‍മാത്രമേ നിങ്ങളുടെ മനസ്സിന്റെ മുറിവ് ഉണക്കാന്‍ സാധിക്കൂ. എക്സുമായി വീണ്ടും മിണ്ടിക്കൊണ്ടിരുന്നാല്‍ ഈ മുറിവുണക്കല്‍ പ്രക്രിയ വൈകും.
ബന്ധം അവസാനിപ്പിച്ചട്ടും ആശയവിനിമയം തുടരുമ്പോള്‍ മറ്റേയാളുടെ ഭാഗത്ത് നിന്നും ക്ഷമാപണവും ശ്രദ്ധയുമൊക്കെ നിങ്ങള്‍ അധികമായി പ്രതീക്ഷിച്ചെന്ന് വരാം. ഇത് ഭാവിയെ കുറിച്ച് തെറ്റായ പ്രതീക്ഷകള്‍ നല്‍കിയേക്കാം.

എന്നാല്‍ നിങ്ങള്‍ക്ക് ഒരു പ്രണയബന്ധമുണ്ടായിട്ടും വീണ്ടും എക്സുമായി ആശയവിനിമയം തുടര്‍ന്നാല്‍ അനാവശ്യമായ പല നാടകീയതയ്ക്കും ജീവിതത്തില്‍ കാരണമാകും. നിങ്ങളുടെ പുതിയ ബന്ധത്തെ വരെ ഇത് അപകടത്തിലാക്കും. അതുകൊണ്ട് ഒരു ബന്ധം അവസാനിപ്പിക്കാന്‍ തീരുമാനിച്ചാല്‍ കാര്യങ്ങള്‍ പറഞ്ഞ് തീര്‍ത്ത് രണ്ടുവഴിക്ക് പോകുന്നതാകും നല്ലത്. പരസ്പരം ബാധ്യതയാകാതെ ബന്ധം തുടരാനുള്ള മാനസികാരോഗ്യമില്ലാത്തര്‍ പ്രത്യേകിച്ചും.

Leave a Reply

Your email address will not be published. Required fields are marked *