Crime

രക്ഷിക്കാനായില്ല, കടന്നൽ കൂട്ടത്തിന്റെ കുത്തേറ്റ് മകനും അച്ഛനും ദാരുണാന്ത്യം

മുസ്സൂറിയിലെ ടുനെറ്റ ഗ്രാമത്തിൽ കടന്നൽ കൂട്ടത്തിന്റെ കുത്തേറ്റ് അച്ഛനും മകനും ദാരുണമരണം. ഇരുവരുടെയും മരണ വാർത്ത ഗ്രാമത്തെ ഒന്നടങ്കം സങ്കടത്തിലാഴ്ത്തിയിരിക്കുകയാണ്. 47 വയസ്സുള്ള സുന്ദർലാലും 8 വയസ്സുള്ള മകൻ അഭിഷേകുമാണ് ആക്രമണത്തിൽ മരണപ്പെട്ടത്. പശുക്കളെ മേയ്ക്കാൻ പോയ സമയത്താണ് ആക്രമണം നേരിട്ടത്. മേയ്ക്കുന്നതിനിടയിൽ രണ്ടുപേരെയും പെട്ടെന്ന് കൂട്ടത്തോടെ കടന്നൽ ആക്രമിക്കുകയും കുത്തി ഗുരുതരമായി പരിക്കേൽപ്പിക്കുകയായിരുന്നു.

റിപ്പോർട്ടുകൾ പ്രകാരം അക്രമണത്തിനിടെ സുന്ദർലാൽ തന്റെ മകന്റെ മുകളിലേക്ക് ചാടി വീഴുകയും മകനെ കടന്നൽ കുത്താതെ രക്ഷിക്കാൻ നോക്കുകയും ചെയ്തിരുന്നു. എന്നാൽ കടന്നൽ ആക്രമണം തുടരുകയും അച്ഛനെയും മകനെയും ആവർത്തിച്ച് കുത്തുകയും ചെയ്തു. സുന്ദർലാൽ എത്രയൊക്കെ ശ്രമിച്ചിട്ടും ഇരുവർക്കും ഗുരുതരമായി പരിക്കേറ്റു. സംഭവം ശ്രദ്ധയിൽപ്പെട്ട ഗ്രാമവാസികൾ ഇരുവരെയും മുസ്സൂറിയിലെ സബ് ജില്ലാ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു.

സുന്ദർലാലിനെയും അഭിഷേനിനെയും രക്ഷിക്കാൻ ഡോക്ടർമാർ പരമാവധി ശ്രമം നടത്തിയെങ്കിലും കടന്നലിന്റെ കുത്തേറ്റ പരിക്കുകൾ വളരെ ഗുരുതരമായതിനാൽ ഒടുവിൽ അച്ഛനും മകനും മരണത്തിന് കീഴടങ്ങുകയായിരുന്നു. സംഭവത്തിൽ പോലീസ് പ്രഥമിക നടപടികൾ പൂർത്തിയാക്കി.

സംഭവത്തിന് പിന്നാലെ അഗാധമായ ദുഃഖം രേഖപ്പെടുത്തി ഗ്രാമത്തലവൻ ഗോവിന്ദ് സിംഗ് രംഗത്തെത്തി. കുടുംബത്തിന്റെ ഏക ആശ്രയമായിരുന്ന സുന്ദർലാലിന്റെ ആകസ്മിക മരണം കുടുംബത്തെ തളർത്തി. മരിച്ചവരുടെ കുടുംബത്തിന് മതിയായ നഷ്ടപരിഹാരം നൽകണമെന്ന് സിംഗ് വനം വകുപ്പിനോട് അഭ്യർത്ഥിക്കുകയും ചെയ്തു. നഷ്ടപരിഹാര നടപടികൾ വേഗത്തിലാക്കാനും ദുഃഖിതരായ കുടുംബത്തിന് സാമ്പത്തിക സഹായം നൽകാനും സർക്കാരിനോട് അഭ്യർത്ഥിച്ചു.

“ഇരകൾക്ക് രണ്ടുപേർക്കും ഗുരുതരമായി കടന്നലിന്റെ കുത്തേറ്റു, ഞങ്ങളുടെ മെഡിക്കൽ ടീം പരമാവധി ശ്രമിച്ചിട്ടും ഞങ്ങൾക്ക് അവരെ രക്ഷിക്കാനായില്ല,” മുസൂറിയി സബ് ജില്ലാ ആശുപത്രിയിലെ ഡോ.കെ.എസ്. ചൗഹാൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *