Health

ഹൃദയം മനസിന്റെ പര്യായം ; ഹൃദയാരോഗ്യത്തിന്‌ ആയുര്‍വേദം

ജീവിതശൈലിയും സാഹചര്യങ്ങളുമാണ്‌ ഇന്നുകാണുന്ന മിക്ക രോഗങ്ങള്‍ക്കും കാരണമെന്ന്‌ ആയുര്‍വേദം പറയുന്നു. അതിനാല്‍ ദിനചര്യയിലും ആഹാരക്രമത്തിലും ഒക്കെ മാറ്റം വരുത്തുക വഴി ഹൃദ്രോഗത്തെ ഒരുപരിധി വരെ പ്രതിരോധിക്കാനാകും .

പ്രകൃതിയില്‍ ഓരോ ജീവജാലത്തിനും സ്വാഭാവികമായി ജീവിക്കുന്നതിനുള്ള കാലം നിശ്‌ചയിക്കപ്പെട്ടിട്ടുണ്ട്‌. വളര്‍ച്ച പൂര്‍ത്തിയാകുന്നതിന്‌ വേണ്ടിവരുന്ന കാലത്തിന്റെ അഞ്ചിരട്ടിയാണിതെന്ന്‌ കണക്കാക്കപ്പെടുന്നു.

മനുഷ്യനെ സംബന്ധിച്ചിടത്തോളം ബീജപുഷ്‌ടിക്ക്‌ വേണ്ടിവരുന്ന കാലം 20 – 24 വയസാണ്‌. ഇതിന്റെ അടിസ്‌ഥാനത്തില്‍ മനുഷ്യന്റെ ആയുസ്‌ നൂറോ, നൂറ്റിയിരുപതോ വര്‍ഷമാകാം. എന്നാല്‍ ഈ ആയുസ്‌ പൂര്‍ത്തീകരിക്കുന്നതില്‍നിന്ന്‌ മനുഷ്യനെ പിന്നോട്ട്‌ വലിക്കുന്നത്‌ രോഗമോ മറ്റെന്തെങ്കിലും അപകടങ്ങളോ ആണ്‌.

ഇത്തരം രോഗങ്ങളില്‍ മുന്‍നിരയിലാണ്‌ ഹൃദ്രോഗം. ഇരുപതും മുപ്പതും വയസുള്ളവര്‍ കുഴഞ്ഞുവീണ്‌ മരിക്കുന്ന സംഭവങ്ങള്‍ വര്‍ധിച്ചുവരുന്നു. ഇത്തരം കഴുഞ്ഞുവീണുള്ള മരണത്തിന്‌ പിന്നില്‍ പലപ്പോഴും ഹൃദ്രോഗമാണ്‌.

ഹൃദയാരോഗ്യം ആയുര്‍വേദത്തില്‍

ആയുര്‍വേദത്തില്‍ ഹൃദ്രോഗത്തെക്കുറിച്ച്‌ പ്രത്യേക പരാമര്‍ശമുണ്ട്‌. ഹൃദ്രോഗത്തിന്‌ ഔഷധമായി ഗംഗാജലവും ഹരിദ്രാന്നവും നിര്‍ദേശിച്ചിട്ടുണ്ട്‌. നൂറ്റാണ്ടുകള്‍ക്ക്‌ മുന്‍പ്‌ എഴുതപ്പെട്ടവയാണ്‌ പ്രാമാണികങ്ങളായ ആയുര്‍വേദഗ്രന്ഥങ്ങള്‍.

ജീവിതശൈലിയും സാഹചര്യങ്ങളുമാണ്‌ ഇന്നുകാണുന്ന മിക്ക രോഗങ്ങള്‍ക്കും കാരണമെന്ന്‌ ആയുര്‍വേദം പറയുന്നു. അതിനാല്‍ ദിനചര്യയിലും ആഹാരക്രമത്തിലും ഒക്കെ മാറ്റം വരുത്തുക വഴി ഹൃദ്രോഗത്തെ ഒരുപരിധി വരെ പ്രതിരോധിക്കാനാകും. അതിനായി പാലിക്കേണ്ട ജീവിതശൈലി
ആയുര്‍വേദം നിര്‍ദേശിക്കുന്നു.

ജീവിതശൈലി മാറണം

ഹൃദയം തകരാറിലാകുന്നതിന്റെ പ്രധാന കാരണം തെറ്റായ ജീവിതശൈലിയാണ്‌. നേരവും കാലവും നോക്കാതെ വാരിവലിച്ചുള്ള ഭക്ഷണരീതിയില്‍ തുടങ്ങണം മാറ്റം. അമിതവണ്ണം, മദ്യപാനം, പുകവലി ഇവയ്‌ക്കെല്ലാം ഹൃദ്രോഗവുമായി ബന്ധമുണ്ട്‌.

ഇവ ഒഴിവാക്കിയാല്‍ മാത്രമേ ഹൃദയത്തെ കാക്കാന്‍ സാധിക്കൂ. ജീവിതരീതിയില്‍ വന്ന മാറ്റം മനുഷ്യശരീരത്തിന്‌ തെല്ലും വ്യായാമം നല്‍കുന്നില്ല. പണ്ടുകാലത്ത്‌ കാര്‍ഷികവൃത്തിക്ക്‌ വലിയ പ്രാധാന്യം ഉണ്ടായിരുന്നു.

ഏതു മേഖലയില്‍ ജോലി ചെയ്യുന്നവരും അതോടൊപ്പം കൃഷിക്കും കന്നുകാലി വളര്‍ത്തലിനും സമയം കണ്ടെത്തിയിരുന്നു. എന്നാല്‍ ഇന്നിതെല്ലാം ഓര്‍മകള്‍ മാത്രമായി.

എല്ലാവര്‍ക്കും സ്വന്തമായി വാഹനമായതോടെ ചെറിയ ദൂരം പോലും നടക്കേണ്ടി വരുന്നില്ല. ഫാസ്‌റ്റ് ഫുഡും വ്യാപകമായതോടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ ഏറെക്കുറെ തീരുമാനമായി. കൂടാതെ വിനോദ ഉപാധികളായി വന്ന ടെലിവിഷനും ഇന്റര്‍നെറ്റും ശാരീരികായസത്തിനുള്ള സാധ്യതയും കുറച്ചു.

ഹൃദയാരോഗ്യത്തിന്‌ ഭക്ഷണക്രമം

ഓരോ വ്യക്‌തിയും കഴിക്കുന്നത്‌ എന്താണോ അതാണ്‌ ആ വ്യക്‌തിയും വ്യക്‌തിത്വവും. കഴിക്കുന്ന ആഹാരവും ഹൃദയാരോഗ്യവും തമ്മില്‍ ബന്ധപ്പെട്ടിരിക്കുന്നു. നമ്മുടെ ഭക്ഷണരീതിയാണ്‌ ഹൃദയത്തിന്റെ ആരോഗ്യം നിശ്‌ചയിക്കുന്നതിലെ മുഖ്യഘടകം.

ഹൃദ്രോഗ സാധ്യത കുറയ്‌ക്കാനും ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കാനും നാടന്‍ ഭക്ഷണമാണ്‌ ഉത്തമം. എണ്ണയില്‍ വറുത്തവ, മാംസം, മുട്ട, പഴകിയ ഭക്ഷണം, പാല്‍, പാല്‍ ഉല്‍പ്പന്നങ്ങളായ വെണ്ണ, നെയ്യ്‌ ഇവയൊന്നും ഹൃദ്രോഗികള്‍ക്ക്‌ നന്നല്ല.

ഇവയില്‍ അടങ്ങിയിരിക്കുന്ന കൊഴുപ്പ്‌ ഹൃദയത്തെ കൂടുതല്‍ അപകടത്തിലാക്കുന്നു. രക്‌തധമനികളുടെ ഉള്‍വശത്ത്‌ ഇവ അടിഞ്ഞുകൂടി കട്ട പിടിച്ച്‌ രക്‌ത പ്രവാഹത്തെ കൂടുതല്‍ തടസപ്പെടുത്തുന്നു. ഹൃദ്രോഗികള്‍ ഒരു നേരം മാത്രം ധാന്യഹാരം കഴിക്കുന്നതാണ്‌ നല്ലത്‌. മറ്റ്‌ സമയങ്ങളില്‍ പഴങ്ങളോ, വേവിക്കാത്ത പച്ചക്കറികളോ കഴിക്കാം. കരിക്ക്‌ ഹൃദ്രോഗികള്‍ക്ക്‌ ഉത്തമമാണ്‌. അതോടൊപ്പം തന്നെ ധാരാളം ശുദ്ധജലവും കുടിക്കണം.

കരിക്ക്‌ മാത്രം കഴിച്ച്‌ ആഴ്‌ചയില്‍ രണ്ടോ മൂന്നോ ദിവസം ഉപവസിക്കുന്നതും രോഗശമനത്തിന്‌ നല്ലതാണ്‌. നാളികേരവും ഹൃദ്രോഗികള്‍ക്ക്‌ ഉപയോഗിക്കാം.

ആഹാരം അറിഞ്ഞു കഴിക്കുക

മൈദ പോലുള്ള ഭക്ഷ്യ വസ്‌തുക്കള്‍ കഴിക്കുന്നതിലൂടെ ധാന്യങ്ങളിലെ നാരുകളിലൂടെ ലഭിക്കുന്ന സൂക്ഷ്‌മ പോഷകങ്ങളുടെ കുറവുണ്ടാവുകയും രക്‌തധമനികളുടെ സുസ്‌ഥിതി ക്രമേണ ക്ഷയിക്കാനും ഇടയാകുന്നു. അതുപോലെ മുട്ടയുടെ മഞ്ഞക്കരു വല്ലപ്പോഴുമൊരിക്കല്‍ മതി.

നാരുള്ള പയറുകളും സസ്യങ്ങളും പഴങ്ങളും ധാരാളം കഴിക്കാം. തവിടു കളയാത്ത ധാന്യങ്ങള്‍ മുഖ്യാഹാരമാക്കാം. ഇവയില്‍ നിന്നെല്ലാം ധാരാളം നാര്‌ ശരീരത്തിന്‌ ലഭിക്കണം. കൊഴുപ്പും മാംസ്യവും ഒഴിവാക്കുകയോ കഴിവതും കുറയ്‌ക്കുകയോ ചെയ്യുക. പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തിന്റെ ഭാഗമാക്കുക. കൊഴുപ്പ്‌ 10 ശതമാനം, പ്രോട്ടീന്‍ 10 ശതമാനം, പഴങ്ങളും പച്ചക്കറികളും 80 ശതമാനം. പാലും പാലുല്‍പ്പന്നങ്ങളും പൂര്‍ണമായും ഉപേക്ഷിക്കണം.

വ്യായാമം ഒഴിവാക്കരുത്‌

വ്യായാമരഹിത ജീവിതമാണ്‌ ഇന്ന്‌ മനുഷ്യന്‌ ഇത്രയേറെ അസുഖങ്ങള്‍ സമ്മാനിക്കുന്നത്‌. വ്യായാമം ചെയ്യുന്നവരുടെ ഹൃദയം ഉന്മേഷഭരിതമായിരിക്കും. വ്യായാമം ഹൃദ്രോഗ സാധ്യത കുറയ്‌ക്കുന്നു. വ്യായാമം ചെയ്യാത്തവര്‍ക്ക്‌ ചെയ്യുന്നവരെ അപേക്ഷിച്ച്‌ ഹൃദ്രോഗ സാധ്യത കൂടുതലായിരിക്കും.
ഓട്ടമാണ്‌ ഹൃദയത്തിന്‌ അനുയോജ്യമായ വ്യായാമം. അതോടൊപ്പം നടത്തവും ഹൃദയത്തെ സംരക്ഷിക്കുന്നു. പതിവായി വ്യായാമം ചെയ്യുന്നവരില്‍ ഹൃദ്രോഗത്തിനുള്ള സാധ്യത കുറവാണ്‌.

വ്യായാമമില്ലാത്ത ഒരാള്‍ക്ക്‌ ചെറിയ ഹാര്‍ട്ട്‌ അറ്റാക്ക്‌ ഉണ്ടായാല്‍ പോലും ഗുരുതരമായിരിക്കും. പ്രമേഹം, ഹൈപ്പര്‍ ടെന്‍ഷന്‍, പൊണ്ണത്തടി ഇവയെല്ലാം വ്യായാമമില്ലാത്തവരില്‍ കാണപ്പെടുന്ന രോഗങ്ങളാണ്‌. ഇവ ഹൃദ്രോഗത്തിന്‌ കാരണമായിത്തീരുന്നു.

വ്യായാമം ചെയ്യുന്നവരില്‍ ഹൃദയം കൂടുതലായി പ്രവര്‍ത്തിക്കുകയും അടിയന്തിരഘട്ടമുണ്ടായാല്‍ ഒല്‍പം കൂടുതല്‍ പ്രവര്‍ത്തിക്കാനുള്ള തയാറെടുപ്പ്‌ ഉണ്ടായിരിക്കുകയും ചെയ്യും. പതിവായി വ്യായാമം ചെയ്യുന്നവരില്‍ നെഞ്ചുവേദനയും ഹാര്‍ട്ട്‌ അറ്റാക്കും കുറഞ്ഞിരിക്കുന്നതിന്റെ കാരണമിതാണ്‌.
ഏറ്റവും നല്ല വ്യായാമം നടത്തം തന്നെയാണ്‌. ചെറിയ പ്രായത്തിലുള്ളവര്‍ക്കും നല്ല കായികശേഷി ഉള്ളവര്‍ക്കും ഓട്ടം ശീലമാക്കാം. രാവിലെയാണ്‌ വ്യായാമത്തിന്‌ യോജിച്ച സമയം. സാമാന്യം വേഗത്തില്‍ ആയിരിക്കണം നടത്തം.

നല്ല കായികാധ്വാനമുള്ള ജോലിയില്‍ ഏര്‍പ്പെടുന്നവര്‍ അതിന്‌ പുറമേ പ്രത്യേക വ്യായാമം ചെയ്യണമെന്നില്ല. കഠിനവ്യായാമം ഗുണത്തെക്കാളേറെ ദോഷം ചെയ്‌തെന്നുവരാം. മുന്‍പ്‌ വ്യായാമം ചെയ്യിട്ടില്ലാത്തവര്‍ പുതിയതായി വ്യായാമം തുടങ്ങുമ്പോള്‍ ശ്രദ്ധിക്കണം.

ആരംഭത്തില്‍ കഠിന വ്യായാമം വേണ്ട. ആദ്യ ദിവസങ്ങളില്‍ അഞ്ചോ പത്തോ മിനിട്ട്‌ നേരത്തേക്ക്‌ മതി. സാവധാനം സമയം ദീര്‍ഘിപ്പിക്കാം. മരുന്നു കഴിക്കുന്നത്‌ പോലെ കുറച്ചുകാലം കൊണ്ട്‌ അവസാനിപ്പിക്കേണ്ട ഒന്നല്ല വ്യായാമം.

അത്‌ ജീവിതത്തിന്റെ ഭാഗമാക്കി മാറ്റണം. ആയുര്‍വേദരീതിയിലുള്ള ദിനചര്യകള്‍ ശീലക്കണം. ആയുര്‍വേദത്തില്‍ ഏതെങ്കിലും ഒരു അവയവത്തിന്റെ മാത്രമായി ആരോഗ്യത്തെ സംരക്ഷിക്കുവാന്‍ സാധിക്കുകയില്ല എന്നോര്‍ക്കുക.

മനസിന്റെ പര്യായം ഹൃദയം

ഹൃദയമാണ്‌ മനസ്‌ എന്ന്‌ ആയുര്‍വേദം പറയുന്നു. മാനസിക വികാരങ്ങളെല്ലാം ഹൃദയത്തെ ബാധിക്കുന്നു. ഭയവും പരിഭ്രമവും ഹൃദയമിടിപ്പ്‌ വര്‍ധിപ്പിക്കുന്നു. അതിനാലാണ്‌ ചിലപ്പോഴൊക്ക മനസിന്‌ ഏല്‍ക്കുന്ന ആഘാതം മരണത്തിന്‌ കാരണമാകുന്നത്‌.

ഹൃദയം സ്വസ്‌ഥമായിരിക്കണമെങ്കില്‍ മനസ്‌ ശാന്തമായിരിക്കണം. ഹൃദയത്തിന്‌ രോഗം വരാതിരിക്കുന്നതിനും വന്ന രോഗം ശമിക്കുന്നതിനും പ്രാര്‍ഥന വേണം. മറ്റുള്ളവര്‍ക്ക്‌ മനോവേദന ഉണ്ടാക്കുന്നവന്‍ ഹൃദ്രോഗിയായി തീരുന്നുവെന്ന്‌ ആയുര്‍വേദം പറയുന്നു.

ഔഷധവ്യാപാരം ഇത്രയേറെ പ്രചരിക്കുന്നതിന്‌ മുന്‍പ്‌, ചുറ്റുപാടും അനായാസേന ലഭ്യമായിരുന്ന മൂലികകള്‍ കൊണ്ട്‌ ഏതു രോഗവും ചികിത്സിച്ചു മാറ്റുമായിരുന്നു. ഓരില, നീര്‍മരുത്‌, തഴുതാമ, ഞെരിഞ്ഞില്‍, മുരിങ്ങ എന്നിവ ഹൃദ്രോഗത്തിന്‌ വേണ്ടി ഉപയോഗിച്ചിരുന്നു.

മുഖം മുതല്‍ ഗുദം വരെ നീണ്ടു കിടക്കുന്ന വലിയ ഒരു കുഴലാണ്‌ മഹാസ്രോതസ്‌. രോഗനിര്‍ണയത്തിന്റെയും ചികിത്സയുടെയും സൗകര്യത്തിന്‌ വേണ്ടി മൂന്നു രോഗമാര്‍ഗങ്ങള്‍ സങ്കല്‍പ്പിക്കപ്പെട്ടിരിക്കുന്നു.

മഹാസ്രോതസ്‌ അന്തര്‍ മാര്‍ഗമാകുന്നു. ആഹാരത്തിന്റെ പചനവും ആഹാരത്തിന്റെ സാരം കൊണ്ട്‌ ധാതുക്കളുടെ പോഷണവും മലത്തിന്റെ നിരസനവും സംബന്ധിച്ച അവയവങ്ങളെല്ലാം മഹാസ്രോതസിനോട്‌ ബന്ധപ്പെട്ടാണ്‌ ഘടിപ്പിക്കപ്പെട്ടിരിക്കുന്നത്‌.

ആഹാരത്തിന്റെ സാരമായ ധാതു പോഷകമായ അംശമാണ്‌ മുഖ്യമായി രക്‌തത്തില്‍ അടങ്ങിയിരിക്കുന്നത്‌. ആ രക്‌തത്തെ അവയവങ്ങളിലെല്ലാം വ്യാപിപ്പിക്കുകയാണ്‌ ഹൃദയത്തിന്റെ മുഖ്യ കര്‍ത്തവ്യം.

ഓരോ അവയവത്തിനും അതതുതരത്തില്‍ പ്രാധാന്യമുണ്ടെങ്കിലും അവ ഒറ്റയ്‌ക്കും കൂട്ടായും പ്രവര്‍ത്തിക്കുന്നതിനാലാണ്‌ ആരോഗ്യം നിലനില്‍ക്കുന്നത്‌. അതിനാലാണ്‌ ഒരു അവയവത്തിന്‌ പ്രത്യേകമായി ചികിത്സയില്ലെന്ന്‌ ആയുര്‍വേദം പറയുന്നത്‌.
വേണം നല്ല ആരോഗ്യശീലങ്ങള്‍

ജീവിതശൈലിയില്‍ കാലത്തിനനുസരിച്ചുണ്ടാകുന്ന മാറ്റങ്ങളോട്‌ പുറം തിരിഞ്ഞ്‌ നില്‍ക്കാനാവില്ല. എങ്കിലും ആരോഗ്യമാണ്‌ ഏറ്റവും വലിയ സമ്പത്ത്‌ എന്ന ബോധ്യം ഉണ്ടായിരിക്കണം. അനാരോഗ്യകരമായ ശീലങ്ങള്‍ ഒഴിവാക്കാനും ആരോഗ്യശീലങ്ങള്‍ വളര്‍ത്തിയെടുക്കാനും ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.
അമിത വണ്ണം കുറയ്‌ക്കുക, മദ്യപാനവും പുകവലിയും ഉപേക്ഷിക്കുക, കൊഴുപ്പു കൂടുതലടങ്ങിയതും ബേക്കറിപ്പലഹാരങ്ങളും വര്‍ജിക്കുക, പകരം പച്ചക്കറികളും പഴങ്ങളും ധാരാളം ഉപയോഗിക്കുക, മാനസികമായി സ്വസ്‌ഥത കൈവരിക്കുക, സൂര്യപ്രകാശവും ശുദ്ധവായുവും ആവോളം ആസ്വദിക്കുക, ശുചിത്വം പാലിക്കുക, വ്യായാമം ചെയ്യുക തുടങ്ങിയവയെല്ലാം നിത്യജീവിതത്തിന്റെ ഭാഗമാക്കുക വഴി ഹൃദയത്തെ ആരോഗ്യത്തോടെ സംരക്ഷിക്കാം.

Leave a Reply

Your email address will not be published. Required fields are marked *