Health

2050 ആകുമ്പോഴേക്കും സൂപ്പര്‍ ബഗ്ഗുകള്‍ 39ദശലക്ഷത്തിലധികം ആളുകളെ കൊന്നൊടുക്കുമെന്ന് പഠനം

രോഗം വന്നാല്‍ മരുന്നുകഴിക്കാറുണ്ട്, ചിലരാവട്ടെ ആവശ്യത്തിനും അനാവശ്യത്തിനുമൊക്കെ മരുന്നില്‍ അഭയം തേടും. അത്തരത്തില്‍ അനാവശ്യമായി ആന്റിബയോട്ടിക് പോലുള്ള മരുന്നുകള്‍ എപ്പോഴും കഴിക്കുന്നത് രോഗം പരത്തുന്ന അണുക്കള്‍ക്ക് മരുന്നിനോടുള്ള പ്രതിരോധം വളര്‍ത്തും. ആന്റിമൈക്രോബിയല്‍ ചികിത്സകളോട് പ്രതിരോധം വളര്‍ത്തുന്ന ബാക്ടീരിയ ഫംഗസ്, വൈറസ്, പാരസൈറ്റുകള്‍ എന്നിവയെ പൊതുവേ വിളിക്കുന്ന പേരാണ് സൂപ്പര്‍ ബഗ്. ഇത്തരത്തിലുള്ള ബഗ്ഗുകളുടെ ആവിര്‍ഭാവം കൊണ്ട് ചികിത്സ ഫലിക്കാതെ മരിക്കുന്നവരുടെ എണ്ണം 2050 ഓടെ 70 ശതമാനം വര്‍ധിക്കുമെന്ന് ലാന്‍സെറ്റില്‍ പ്രസിദ്ധീകരിച്ച പുതിയ പഠനം വെളിപ്പെടുത്തുന്നു.

2025നും 2050 നും ഇടയില്‍ സൂപ്പര്‍ ബഗ് മൂലമുള്ള 39 ദശലക്ഷം മരണങ്ങള്‍ക്കായിരിക്കും ലോകം സാക്ഷിയാകുന്നത്.
ആന്റിമൈക്രോബിയല്‍ പ്രതിരോധവുമായി ബന്ധപ്പെട്ട 204രാജ്യങ്ങള്‍ നിന്ന് 1990 നും 2021നും ഇടയില്‍ ശേഖരിച്ച 520 ദശലക്ഷം രേഖകളാണ് ഈ നിഗമനത്തിലേക്ക് എത്തിചേരാന്‍ കാരണമായത്.

അതേ സമയം വര്‍ധിച്ച വാക്സിനേഷനും, ശുചിത്വ നടപടികളും മൂലം 5 വയസ്സില്‍ താഴെ പ്രായമുള്ള കുട്ടികളിലെ ആന്റി മൈക്രോബിയല്‍ പ്രതിരോധവുമായി ബന്ധപ്പെട്ട മരണങ്ങള്‍ 50 ശതമാനത്തിലധികം കുറഞ്ഞെന്നും പഠനം വ്യക്തമാക്കി. എന്നാല്‍ 70 വയസ്സിന് മുകളിലേക്ക് പ്രായമുള്ളവര്‍ക്ക് ഇത് മൂലമുള്ള മരണത്തില്‍ 80 ശതമാനത്തിന്റെ വര്‍ദ്ധനയാണ് നിരീക്ഷിച്ചത്.

1990നും 2021നും ഇടയില്‍ ഏറ്റവും അധികം മരണം ഉണ്ടായത് മെഥിസിലിനോട് പ്രതിരോധം വളര്‍ത്തിയ സ്റ്റപിലോകോക്കസ് ഓറിയസ് ബാക്ടീരിയ മൂലമാണ്. ഇത് കാരണമുള്ള മരണം 57, 200ല്‍ നിന്ന് 1,30, 000 ആയി വര്‍ദ്ധിച്ചു. ആരോഗ്യപരിചരണത്തിലും ആന്റിബയോട്ടിക് ലഭ്യതയിലും മാറ്റമൊന്നും ഉണ്ടായില്ലെങ്കില്‍ ആഗോള തലത്തിലുള്ള ആന്റി മൈക്രോബിയല്‍ പ്രതിരോധ മരണങ്ങള്‍ 2050 ഓടെ 19 ലക്ഷമായി മാറുമെന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍. ഇത് അധികമായി ബാധിക്കുന്നത് ദക്ഷിണ ഏഷ്യ, ലാറ്റിന്‍ അമേരിക്ക പോലുള്ള പ്രദേശങ്ങളെയായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *