Myth and Reality

ചൊവ്വയില്‍ മനുഷ്യവാസം സാധ്യമോ? ‘ദേഹം പച്ച നിറമാകും ; കാഴ്ചശക്തി കുറയും അസ്ഥികള്‍ പൊട്ടിപ്പോകും’

എല്ലാക്കാലത്തും മനുഷ്യര്‍ക്ക് കൗതുകമുള്ള കാര്യങ്ങളാണ് അന്യഗ്രഹജീവികളും ചൊവ്വാഗ്രഹവും. ഭാവിയില്‍ മനുഷ്യര്‍ ചൊവ്വയില്‍ താമസമാക്കും എന്നാണ് ശാസ്ത്രജ്ഞര്‍ പ്രതീക്ഷിക്കുന്നതും. എന്നാല്‍ ചുവന്നഗ്രഹത്തിലെ മനുഷ്യവാസം അത്ര അനായാസമുള്ള കാര്യമല്ലെന്നാണ് ജൈവശാസ്ത്രജ്ഞരുടെ നിരീക്ഷണം. ചൊവ്വാ ഗ്രഹവുമായി ബന്ധപ്പെട്ട പഠനങ്ങളുടെയും താരതമ്യങ്ങളുടേയും അടിസ്ഥാനത്തില്‍ ചൊവ്വയില്‍ മനുഷ്യവാസം കഠിനമായ സാഹചര്യങ്ങളിലായിരിക്കുമെന്ന് ബയോളജിസ്റ്റുകള്‍ പറയുന്നു.

ചൊവ്വയില്‍ താമസിക്കുന്നവരുടെ തൊലിക്ക് ഭാവിയില്‍ പച്ചനിറം വന്നേക്കാമെന്നും കാഴ്ചശക്തി നഷ്ടമായേക്കാമെന്നും ഇവര്‍ പറയുന്നു. ടെക്സാസിലെ റൈസ് യൂണിവേഴ്സിറ്റിയില്‍ നിന്നുള്ള ബയോളജിസ്റ്റ് ഡോ. സ്‌കോട്ട് സോളമന്റെ അഭിപ്രായത്തില്‍ കുറഞ്ഞ ഗുരുത്വാകര്‍ഷണ ശക്തിയും ഉയര്‍ന്ന റേഡിയേഷനും കാരണം ചൊവ്വയിലെ മനുഷ്യര്‍ക്ക് കുഞ്ഞുങ്ങളുണ്ടായാല്‍ വിവിധ ഗുരുതരമായ പരിവര്‍ത്തനങ്ങള്‍ക്കും പരിണാമപരമായ മാറ്റങ്ങള്‍ക്കും വിധേയമാകാന്‍ സാധ്യതയുണ്ട്. ഈ മ്യൂട്ടേഷനുകളുടെ ഭാഗമായി ചര്‍മ്മത്തിന് പച്ചനിറം, ദുര്‍ബലമായ പേശികള്‍, കാഴ്ചശക്തി ദുര്‍ബ്ബലപ്പെടല്‍, അസ്ഥികള്‍ പൊട്ടുന്ന അവസ്ഥകള്‍ എന്നിവയ്ക്ക് കാരണമാകുമെന്ന് അദ്ദേഹം പറഞ്ഞു.

വിദഗ്ധരുടെ അഭിപ്രായത്തില്‍, കഠിനമായ സാഹചര്യങ്ങള്‍ക്കിടയില്‍ മനുഷ്യര്‍ക്ക് ചൊവ്വയില്‍ അതിജീവിക്കാന്‍ വളരെ ബുദ്ധിമുട്ടാണ്. ഒരു ചെറിയ ഗ്രഹമായ ചൊവ്വയില്‍ ഭൂമിയേക്കാള്‍ ഗുരുത്വാകര്‍ഷണം 30 ശതമാനം കുറവാണ്. ഓസോണ്‍ പാളിയുടെയും കാന്തികക്ഷേത്രത്തിന്റെയും അഭാവവുമുണ്ട്. ഇത് ബഹിരാകാശ വികിരണം, കോസ്മിക് കിരണങ്ങള്‍, യുവി, സൂര്യനില്‍ നിന്നുള്ള ചാര്‍ജ്ജ് ചെയ്ത കണികകള്‍ എന്നിവയ്ക്ക് കാരണമാകും. ഇത് നിറമാറ്റത്തിന് കാരണമാകുമെന്നും ഇത് റേഡിയേഷനെ നേരിടാന്‍ സഹായിക്കുമെന്നും ഡോ സോളമന്‍ വിശദീകരിച്ചു.

ഉയര്‍ന്ന വികിരണത്തെ നേരിടാന്‍ സഹായിക്കുന്നതിന് നമ്മുടെ ശരീരം ചില പുതിയ തരം ചര്‍മ്മ പിഗ്മെന്റ് വികസിപ്പിച്ചേക്കാമെന്ന് സോളമന്‍ തന്റെ ഫ്യൂച്ചര്‍ ഹ്യൂമന്‍സ് എന്ന പുസ്തകത്തില്‍ വിശദീകരിച്ചു. ഗുരുത്വാകര്‍ഷണത്തിന്റെ അഭാവം അസ്ഥികള്‍ പൊട്ടാന്‍ ഇടയാക്കുമെന്നും ഇത് പ്രസവസമയത്ത് സ്ത്രീകളുടെ ഇടുപ്പ് തകര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. ചെറിയ ചുറ്റുപാടുകളില്‍ മനുഷ്യര്‍ ഒരുമിച്ച് താമസിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ ദൂരത്തേക്ക് നോക്കേണ്ട ആവശ്യം കുറയുമെന്നതിനാല്‍ കാഴ്ചശക്തി ദുര്‍ബലമാകുമെന്ന് അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *