വിവാഹമോചന വാര്‍ത്തകള്‍ പതിവായ സിനിമാവേദിയില്‍ മറ്റൊരു ബന്ധംപിരിയലുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങള്‍ കനക്കുന്നു. കഴിഞ്ഞകാല ബോളിവുഡ് നടിയും നിലവില്‍ രാഷ്ട്രീയക്കാരിയുമായ ഊര്‍മ്മിളാ മണ്ഡോദ്ക്കര്‍ ഭര്‍ത്താവ് മൊഹ്സീന് അക്തര്‍ മിറോയുമായി വേര്‍പിരിയാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ലെങ്കിലും നടി വിവാഹമോചനത്തിന് അപേക്ഷ നല്‍കിയതായിട്ടാണ് റിപ്പോര്‍ട്ട്.
സോഷ്യല്‍ മീഡിയയില്‍ എപ്പോഴും പരസ്പരം പിന്തുണയ്ക്കുകയും അവരുടെ ജീവിതത്തിലെ സുപ്രധാന വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കിടുകയും ചെയ്തിരുന്ന ഇരുവരും എട്ടു വര്‍ഷത്തെ ദാമ്പത്യത്തിന് ശേഷമാണ് ഇരുവരും പിരിയുന്നത്. കാരണം വ്യക്തമല്ലെങ്കിലും, വിവാഹ മോചനം ‘പരസ്പര നിബന്ധനകളില്‍’ അല്ലെന്നും ‘സൂക്ഷ്മമായി പരിഗണിച്ചതിനും’ ശേഷമാണ് വിവാഹമോചനത്തിന് അപേക്ഷിച്ചതെന്നും നടിയുമായി ബന്ധപ്പെട്ടവര്‍ സൂചിപ്പിക്കുന്നു. വന്‍ വിവാദമുണ്ടാക്കി ഊര്‍മിളയും മൊഹ്സിനും 2016 ഫെബ്രുവരി 4 നായിരുന്നു വിവാഹിതരായത്.
മിശ്രവിവാഹത്തിന് പുറമേ ഊര്‍മിളയും മൊഹ്സിനും തമ്മില്‍ ഉണ്ടായിരുന്ന വലിയ പ്രായ വ്യത്യാസവും ചര്‍ച്ചയായിരുന്നു. ഊര്‍മ്മിള മൊഹ്സീനെക്കാള് 10 വയസ്സിന് മൂത്തതായിരുന്നു. മൊഹ്സിന്‍ അക്തര്‍ മിര്‍ കശ്മീരില്‍ നിന്നുള്ള ഒരു വിജയകരമായ ബിസിനസുകാരനും മോഡലുമാണ്. 2014-ല്‍ ഡിസൈനര്‍ മനീഷ് മല്‍ഹോത്രയുടെ മരുമകളുടെ വിവാഹത്തിലാണ് മൊഹ്സിനും ഊര്‍മ്മിളയും ആദ്യമായി കണ്ടുമുട്ടുന്നത്.
രംഗീല എന്ന രാംഗോപാല്‍വര്‍മ്മയുടെ സിനിമയിലൂടെ ബോളിവുഡിലെ താരറാണിയായി ഉയര്‍ന്ന ഊര്‍മ്മിള സിനിമാ അഭിനയത്തിന് ശേഷം സജീവ രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു. തെന്നിന്ത്യന്‍ സിനിമാവേദിയില്‍ മലയാളത്തില്‍ രണ്ടു സിനിമകളില്‍ അഭിനയിച്ചിട്ടുള്ള താരമാണ് ഊര്‍മ്മിള. കമല്‍ നായകനായ ചാണക്യനിലും പിന്നീട് മോഹന്‍ലാലിനൊപ്പം തച്ചോളി വര്‍ഗ്ഗീസ് ചേകവരിലും മലയാളത്തില്‍ അഭിനയിച്ചിരുന്നു.