The Origin Story

ആന്‍ഡമാന്‍ ദ്വീപുകളുടെ തലസ്ഥാനത്തിന് ‘പോര്‍ട്ട് ബ്ളയര്‍’ എന്ന പേര് വന്നത് എങ്ങിനെ ?

ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളുടെ തലസ്ഥാനമായ പോര്‍ട്ട് ബ്ലെയറിന്റെ പേര് ശ്രീ വിജയപുരം എന്ന് കേന്ദ്രം പുനര്‍നാമകരണം ചെയ്തത് വെള്ളിയാഴ്ചയായിരുന്നു. ”കൊളോണിയല്‍ ചിന്താഗതിയില്‍ നിന്ന് മോചനം നേടാനും ഇന്ത്യയുടെ പൈതൃകം ആഘോഷിക്കാനുമുള്ള നമ്മുടെ പ്രതിബദ്ധതയും ഇത് പ്രതിഫലിപ്പിക്കുന്നു,” പേരുമാറ്റം പ്രഖ്യാപിച്ചതിന് പിന്നാലെ പ്രധാനമന്ത്രി മോദി എക്‌സില്‍ കുറിച്ചു.

ഒരുകാലത്ത് ചോള സാമ്രാജ്യത്തിന്റെ നാവിക താവളമായി പ്രവര്‍ത്തിച്ചിരുന്ന ദ്വീപ് പ്രദേശം ഇന്ന് നമ്മുടെ തന്ത്രപരവും വികസനപരവുമായ അഭിലാഷങ്ങളുടെ നിര്‍ണായക അടിത്തറയായി നിലകൊള്ളുന്നു എന്നായിരുന്നു ആഭ്യന്തരമന്ത്രി അമിത്ഷാ കുറിച്ചത്. ബ്രിട്ടീഷ് കൊളോണിയല്‍ നാവിക ഉദ്യോഗസ്ഥനായ ക്യാപ്റ്റന്‍ ആര്‍ക്കിബാള്‍ഡ് ബ്ലെയറിന്റെ പേരില്‍ നിന്നുമാണ് പോര്‍ട്ട് ബ്ലെയറിന് ആ പേര് കിട്ടിയത്.

1771-ല്‍ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ നാവിക സേനയായ ബോംബെ മറൈനില്‍ ലെഫ്റ്റനന്റായി ചേര്‍ന്ന ക്യാപ്റ്റന്‍ ആര്‍ക്കിബാള്‍ഡ് ബ്ലെയറിന്റെ പേരില്‍ നിന്നുമാണ് ഈ പേര് വന്നത്. 1788 ഡിസംബറിനും 1789 ഏപ്രിലിനും ഇടയില്‍ ബ്രിട്ടീഷ് നിയന്ത്രണത്തില്‍ ആന്‍ഡമാന്‍ ദ്വീപുകള്‍ക്കിടയില്‍ അദ്ദേഹം നടത്തിയ സര്‍വേയും പര്യവേക്ഷണവും കണക്കാക്കിയാണ് അദ്ദേഹത്തിന്റെ നാവിക ജീവിതം നിര്‍വചിക്കപ്പെട്ടത്.

തന്റെ പര്യവേഷണ വേളയില്‍, ആര്‍ക്കിബാള്‍ഡ് ബ്ലെയര്‍ ഗ്രേറ്റ് ആന്‍ഡമാന്‍ ദ്വീപിന്റെ തെക്ക് ഭാഗത്ത് ഒരു പ്രകൃതിദത്ത തുറമുഖം കണ്ടെത്തി. ബ്രിട്ടീഷ്-ഇന്ത്യന്‍ നാവികസേനയുടെ കമാന്‍ഡര്‍-ഇന്‍-ചീഫ് കമോഡോര്‍ വില്യം കോണ്‍വാലിസിന്റെ ബഹുമാനാര്‍ത്ഥം പോര്‍ട്ട് കോണ്‍വാലിസ് എന്നായിരുന്നു ബ്ളെയര്‍ നല്‍കിയ പേര്. എന്നാല്‍ പിന്നീട് ബ്ളെയറിന്റെ ബഹുമാനാര്‍ത്ഥം ഈ തുറമുഖം പിന്നീട് പോര്‍ട്ട് ബ്ലെയര്‍ എന്ന് പുനര്‍നാമകരണം ചെയ്യപ്പെട്ടു. ക്യാപ്റ്റന്‍ ബ്ലെയറിന്റെ കണ്ടെത്തലുകള്‍ ദ്വീപുകള്‍ കോളനിവത്കരിക്കാനുള്ള ബ്രിട്ടീഷ് തീരുമാനത്തില്‍ ഒരു പ്രധാന പങ്ക് വഹിച്ചു. 1789 ജൂണ്‍ 12-ന് ബ്രിട്ടീഷ് ഗവര്‍ണര്‍ ജനറലിന് അദ്ദേഹം തന്റെ റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിച്ചു.

ആര്‍ക്കിബാള്‍ഡ് ബ്ലെയര്‍ 1789-ല്‍ ചാത്തം ദ്വീപില്‍ ആദ്യത്തെ ബ്രിട്ടീഷ് സെറ്റില്‍മെന്റ് സ്ഥാപിച്ചു, അവിടെ കോട്ടേജുകള്‍ നിര്‍മ്മിക്കുന്നതിനും വനങ്ങള്‍ വെട്ടിമാറ്റുന്നതിനും അദ്ദേഹം മേല്‍നോട്ടം വഹിച്ചു. തുറമുഖത്തിന്റെ തന്ത്രപരമായ മൂല്യം അദ്ദേഹം തിരിച്ചറിയുകയും അത് പ്രദേശത്തെ ബ്രിട്ടീഷ് പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു പ്രധാന പോയിന്റായി പ്രവര്‍ത്തിക്കുമെന്ന് ഉറപ്പാക്കുകയും ചെയ്തു.
സെറ്റില്‍മെന്റിന് രോഗങ്ങളും പ്രാദേശിക ഗോത്രങ്ങളില്‍ നിന്നുള്ള പ്രതിരോധവും ഉള്‍പ്പെടെ കാര്യമായ വെല്ലുവിളികള്‍ ബ്രിട്ടീഷുകാര്‍ക്ക് ഇവിടെ നേരിടേണ്ടിവന്നു. കോളനി പുതിയ സ്ഥലത്തേക്ക് മാറ്റിയെങ്കിലും ഇതും പരാജയമായി. ക്യാപ്റ്റന്‍ ബ്ലെയര്‍ 1795-ല്‍ ഇംഗ്ലണ്ടിലേക്ക് മടങ്ങിയെങ്കിലും ആന്‍ഡമാന്‍ ദ്വീപുകളില്‍ ബ്രിട്ടീഷ് സാന്നിധ്യത്തിന് അടിത്തറയിടാന്‍ കഴിഞ്ഞു. പിന്നീട് 1858-ല്‍ പീനല്‍ കോളനിയായി മാറി, ഇവിടുതെ് വിഖ്യാതമായ ജയിലിലെ ആദ്യ തടവുകാര്‍ ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രത്തിലെ സേനാനികളായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *