കേരളത്തില്‍ വളരെയേറെ ആരാധകരുള്ള ലാറ്റിനമേരിക്കന്‍ ടീമുകളായ ബ്രസീലും അര്‍ജന്റീനയും ലോകകപ്പ് യോഗ്യതാറൗണ്ടില്‍ വന്‍ അട്ടിമറിക്ക് ഇരകളായി. ബ്രസീല്‍ പരാഗ്വേയോട് ഒരു ഗോളിന്റെ തോല്‍വിയുടെ ചൂടറിഞ്ഞപ്പോള്‍ ലോകകപ്പ് കിരീടം നിലനിര്‍ത്താന്‍ ഇറങ്ങുന്ന അര്‍ജന്റീന കൊളംബിയയോടാണ് തോല്‍വി ഏറ്റുവാങ്ങിയത്. അസിസ്റ്റിലും ഗോളടിയിലും മികവ് കാട്ടുന്ന മിഡ്ഫീല്‍ഡ് മാസ്റ്റര്‍ ജെയിംസ് റോഡ്രിഗ്രസായിരുന്നു കൊളംബിയന്‍ നിരയിലെ കേമന്‍. കോപ്പാ അമേരിക്ക ഫൈനലില്‍ ഏറ്റ പരാജയത്തിന് കൊളംബിയ ഒടുവില്‍ മറുപടി പറഞ്ഞു.
കോപ്പാ അമേരിക്ക ഫൈനലില്‍ പരിക്കേറ്റതിന് പിന്നാലെ ബഞ്ചിലിരിക്കുന്ന മെസ്സി ഇല്ലാതെയായിരുന്നു ലോകചാംപ്യന്മാര്‍ കളത്തിലെത്തിയത്. പെനാല്‍റ്റി സ്പോട്ടില്‍ നിന്നും കൊളംബിയന്‍ സൂപ്പര്‍താരം ജെയിംസ് റോഡ്രിഗസായിരുന്നു ടീമിന്റെ നിര്‍ണ്ണായക ഗോള്‍ നേടിയത്. ആദ്യപകുതിയില്‍ 25 ാം മിനിറ്റില്‍ കൊളംബിയയുടെ ആദ്യഗോള്‍ ജെര്‍സണ്‍ മൊസ്‌ക്വേറയിലൂടെയായിരുന്നു. ജെയിംസ് റോഡ്രിഗ്രസിന്റെ പാസിലായിരുന്നു ഗോള്‍. എന്നാല്‍ 48 ാം മിനിറ്റില്‍ നിക്കോ ഗോണ്‍സാലസിലൂടെ അര്‍ജന്റീന ഗോള്‍ മടക്കി. 60 ാം മിനിറ്റില്‍ വീഡിയോ റിവ്യൂവിലൂടെ കൊളംബിയയ്ക്ക് കിട്ടിയ പെനാല്‍റ്റി മുതലാക്കി ജെയിംസ് റോഡ്രിഗ്രസ് കൊളംബിയയെ വിജയത്തിലേക്ക് നയിക്കുകയും ചെയ്തു.
മൊസ്‌ക്വെറയ്ക്ക് സ്‌കോറിംഗ് തുറക്കാന്‍ മികച്ച ക്രോസ് നല്‍കിയതിന് കൊളംബിയ 33 കാരനായ റോഡ്രിഗസിനോട് നന്ദി പറയണം. ഇതോടെ സൗത്ത് അമേരിക്കന്‍ ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ കൊളംബിയന്‍ ഇതിഹാസം കാര്‍ലോസ് വാല്‍ഡെര്‍മയുടെ 11 അസിസ്റ്റുകളുടെ റെക്കോര്‍ഡിനൊപ്പമെത്താന്‍ റോഡ്രിഗ്രസിനായി. അതേസമയം തൊട്ടുപിന്നാലെ റോഡ്രിഗസിന്റെ പിഴവ് അര്‍ജന്റീനയെ സമനിലയിലാക്കാന്‍ അനുവദിച്ചു, നിക്കോ ഗോണ്‍സാലസ് അദ്ദേഹത്തില്‍ നിന്ന് പിടിച്ചെടുത്ത പന്താണ് ഗോള്‍കീപ്പര്‍ കാമിലോ വര്‍ഗാസിനെയും പരാജയപ്പെടുത്തി ഗോളില്‍ എത്തിച്ചത്. പക്ഷേ, മികച്ച പെനാല്‍റ്റി സ്റ്റോപ്പറായ അര്‍ജന്റീന കീപ്പര്‍ മാര്‍ട്ടിനെസിനെ തോല്‍പ്പിച്ച് റോഡ്രിഗസ് പ്രായശ്ചിത്തം ചെയ്തു.
കൊളംബിയയ്ക്കായി ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ കൂടുതല്‍ ഗോള്‍ നേടിയിട്ടുള്ള ഫാല്‍ക്കാവോ ഗാര്‍ഷ്യയുടെ 13 ഗോളിന് ഒപ്പമെത്താന്‍ റോഡ്രിഗ്രസിനായി. ഫുട്ബോള്‍ ലോകത്തെ വന്‍ശക്തികള്‍ അണിനിരക്കുന്ന ലാറ്റിനമേരിക്കയില്‍ ആദ്യമെത്തുന്ന ആറു ടീമുകള്‍ നേരിട്ട് ക്വാളിഫൈ ചെയ്യും. പോയിന്റ് പട്ടികയില്‍ എന്നിരുന്നാലും കൊളംബിയയെക്കാള്‍ രണ്ടുപോയിന്റ് മുന്നില്‍ ഒന്നാമതാണ് അര്‍ജന്റീന. ബ്രസീല്‍ ഒരു ഗോളിന് പരാഗ്വേയോട് പരാജയപ്പെട്ടു. കളിയുടെ 20-ാം മിനിറ്റില്‍ പരാഗ്വേയുടെ മധ്യനിര താരം ഡീഗോ ഗോമസാണ് ഗോള്‍ നേടിയത്.