The Origin Story

ഹല്‍വയെന്ന് കേട്ടാല്‍തന്നെ വായില്‍വെള്ളമൂറും! ഹല്‍വയുടെ ചരിത്രം കേട്ടിട്ടുണ്ടോ?

പലഹാരങ്ങളുടെ നിറങ്ങള്‍ക്ക് അവാര്‍ഡ് ഉണ്ടെങ്കില്‍ തീര്‍ച്ചയായും അത് കിട്ടുക പലതരം നിറത്തില്‍ അലമാരകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഹല്‍വകള്‍ക്ക് ആയിരിക്കുമെന്നതില്‍ തര്‍ക്കമുണ്ടാകാന്‍ സാധ്യതയില്ല. ഈ മധുരപലഹാരം, വര്‍ഷങ്ങളായി ലോകത്തുടനീളമുള്ള ഭക്ഷണപ്രേമികളുടെ വായില്‍ കപ്പലോടിച്ചുകൊണ്ടിരിക്കുന്ന ഒന്നാണ്. ഹല്‍വക്ക് ഇന്ത്യന്‍ ഭക്ഷണ ചരിത്രത്തില്‍ നിര്‍ണ്ണായകമായ സ്ഥാനമുണ്ട്.

ഹല്‍വയുടെ ചരിത്രത്തിലേക്ക് കടക്കുമ്പോള്‍, ഏറ്റവും ജനപ്രിയമായ കഥ അതിന്റെ പേരിലാണ്. ‘മധുരം’ എന്ന് അര്‍ത്ഥമാക്കുന്ന ‘ഹല്‍വ്’ എന്ന അറബി പദത്തില്‍ നിന്നാണ് ഹല്‍വ വന്നത്. പേര്‍ഷ്യയില്‍നിന്ന് ഇന്ത്യയിലേക്ക് വന്ന ഒരു വിഭവമായി ഹല്‍വയെ കണക്കാക്കുന്നു. ഇംഗ്ലീഷില്‍ ഈ വാക്ക് ആദ്യമായി പ്രത്യക്ഷപ്പെട്ടത് 1850-ലാണ്. ഇരുപതാം നൂറ്റാണ്ടിലെ എഴുത്തുകാരനും ചരിത്രകാരനുമായ അബ്ദുള്‍ ഹലീം ഷരാര്‍ എഴുതിയ ‘ഗുസിഷ്ത ലഖ്നൗ’ വില്‍ ഹല്‍വയെക്കുറിച്ച് പരാമര്‍ശമുണ്ട്.

പതിമൂന്നാം നൂറ്റാണ്ടിലെ അറബി ഗ്രന്ഥമായ കിതാബ് അല്‍-താബിഖില്‍ (വിഭവങ്ങളുടെ പുസ്തകം) ഹല്‍വയുടെ പാചകക്കുറിപ്പുകള്‍ കണ്ടെത്താനാകും. മുഹമ്മദ് ഇബ്നു അല്‍-ഹസന്‍ ഇബ്നു അല്‍-കരീം ഹല്‍വയുടെ വ്യത്യസ്ത പാചകക്കുറിപ്പുകള്‍ പുസ്തകത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്. പതിനാറാം നൂറ്റാണ്ടില്‍ അക്ബറിന്റെ കൊട്ടാര ചരിത്രകാരന്മാരില്‍ ഒരാളായ അബുല്‍ ഫസലും അദ്ദേഹത്തിന് വേണ്ടി തയ്യാറാക്കിയ ഭക്ഷണങ്ങളില്‍ ഒന്നായി ഹല്‍വയെ പരാമര്‍ശിക്കുന്നുണ്ട്. തുര്‍ക്കികളുടെ ഒട്ടോമന്‍ സാമ്രാജ്യമാണ് ഹല്‍വയെ ജനപ്രിയമാക്കിയതെന്നും ഒരു വാദമുണ്ട്. ‘ഹെല്‍വാഹനെ’ എന്ന് സൂചിപ്പിക്കുന്ന വിഭവത്തിനായി സുല്‍ത്താനേറ്റ് ഒരു പ്രത്യേക അടുക്കള കരുതിവച്ചിരുന്നു.

ഡല്‍ഹി സുല്‍ത്താനേറ്റിന്റെ വരവോടെയാണ് ഹല്‍വ ഇന്ത്യയിലെത്തിയതെന്ന് ഭക്ഷ്യ ചരിത്രകാരനായ കോളിന്‍ ടെയ്ലര്‍ സെന്‍ തന്റെ ‘ഫെസ്റ്റ്സ് ആന്‍ഡ് ഫാസ്റ്റ്സ്’ എന്ന പുസ്തകത്തില്‍ കുറിക്കുന്നു.

ഇന്ത്യയിലാകാട്ടെ ഈ മധുര വിഭവത്തിന് പലപതിപ്പുകളുണ്ടായി. തീരദേശ കര്‍ണാടകത്തിലാണ് ഏത്തയ്ക്കാ ഹല്‍വയുടെ വരവ്. തെക്കന്‍ തിരുനെല്‍വേലി ഹല്‍വ, പശ്ചിമ ബംഗാളിലെ ചോളര്‍ ദല്‍വ, ഗുജറാത്തിലെ മോഹന്‍ലാല്‍ ഹല്‍വ, സിഖ് സമുദായം ഉണ്ടാക്കുന്ന കട പ്രസാദം, ലഖ്‌നൗവിലെ ജ്യൂസി ഹല്‍വ ഇങ്ങിനെ പോകുന്നു ഹല്‍വയുടെ വെറൈറ്റി. ഓറഞ്ച് ഹല്‍വ ഇന്ത്യയില്‍ പ്രചാരത്തിലാക്കിയത് ഡച്ചുകാരാണ്. ഡച്ച് രാജകുമാരനായ വില്യം മൂന്നാമന് ആദരാഞ്ജലി അര്‍പ്പിക്കാന്‍ 17-ാം നൂറ്റാണ്ടില്‍ ഡച്ചുകാര്‍ നിര്‍മ്മിച്ചത് അഫ്ഗാനിസ്ഥാനിലെ തദ്ദേശീയമായ കാരറ്റ് ഹല്‍വയാണ്.